സൊനാലിയുടെ കാന്‍സറില്‍ ഭയന്ന് ആരാധകര്‍; കാന്‍സര്‍ പരിശോധനയ്‌ക്കെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് 

40 കാരനായ ഒരു ബാങ്കര്‍ സൊനാലിയുടെ രോഗവിവരം അറിഞ്ഞതോടെ പുരുഷന്മാരില്‍ വരാന്‍ സാധ്യതയുള്ള കാന്‍സറിനെക്കുറിച്ച് പഠനം നടത്തിയെന്നും വിദഗ്ധ അഭിപ്രായത്തിനായി ഡോക്റ്ററെ കാണുകയും ചെയ്തു
സൊനാലിയുടെ കാന്‍സറില്‍ ഭയന്ന് ആരാധകര്‍; കാന്‍സര്‍ പരിശോധനയ്‌ക്കെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് 

സൂപ്പര്‍ നായിക സൊനാലി ബെന്ദ്ര ക്യാന്‍സര്‍ ബാധിതയാണെന്ന വാര്‍ത്ത ബോളിവുഡ് ലോകവും പ്രേക്ഷകരും ഞെട്ടലോടെയാണ് കേട്ടത്. ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ കാന്‍സര്‍ വാര്‍ത്ത ആരാധകരുടെ നെഞ്ചിടിപ്പു കൂട്ടിയിരിക്കുകയാണ്. പ്രിയതാരങ്ങളുടെ ആരോഗ്യമല്ല മറിച്ച് സ്വന്തം ജീവിതമാണ് ഭൂരിഭാഗം പേരെയും ഭയപ്പെടുത്തുന്നത്. സൊനാലിയുടെ രോഗം പുറത്തുവന്നതോടെ കാന്‍സര്‍ പരിശോധന നടത്താന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

താന്‍ വളരെ മോശം അവസ്ഥയിലാണെന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കാന്‍സര്‍ പടര്‍ന്നിട്ടുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സൊനാലി വ്യക്തമാക്കിയത്. ഇതാണ് ഭൂരിഭാഗം പേരെയും ആശങ്കയിലാക്കിയത്. 40 കാരനായ ഒരു ബാങ്കര്‍ സൊനാലിയുടെ രോഗവിവരം അറിഞ്ഞതോടെ പുരുഷന്മാരില്‍ വരാന്‍ സാധ്യതയുള്ള കാന്‍സറിനെക്കുറിച്ച് പഠനം നടത്തിയെന്നും വിദഗ്ധ അഭിപ്രായത്തിനായി ഡോക്റ്ററെ കാണുകയും ചെയ്തു. 

പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം വായിച്ചെന്നും ഇതിനെതുടര്‍ന്ന് കാന്‍സര്‍ പരിശോധന നടത്താനായി അദ്ദേഹം അപ്പോയിന്റ്‌മെന്റ് എടുക്കുകയുമായിരുന്നു എന്നാണ് യൂറോ ഓന്‍കോളജിക്കല്‍ റോബോട്ടിക് സര്‍ജന്‍ ഡോ. അനുപ് രമണി പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തില്‍ രോഗ ലക്ഷണങ്ങളൊന്നുമില്ല. സൊനാലിയുടെ രോഗാവസ്ഥയാണ് പരിശോധന നടത്താന്‍ അയാളെ നിര്‍ബന്ധിതനാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രോസ്‌റ്റേറ്റ് കാന്‍സറുണ്ടോ എന്നറിയാന്‍ പരിശോധന നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നേരത്തെ അറിയാമല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. 

മറ്റൊരു 28 കാരനും ഇതേ കാരണം പറഞ്ഞ് തന്നെ സമീപിച്ചിരുന്നെന്നും ഡോക്റ്റര്‍ വ്യക്തമാക്കി. റെക്റ്റല്‍ എക്‌സാമിനേഷന്‍ നടത്തിയത് കൂടാതെ റെഗുലര്‍ ചെക്ക് അപ്പ് നടത്തിയാണ് അയാള്‍ മടങ്ങിയത്. പരിശോധന നടത്താന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ആഴ്ചയുണ്ടായതിനേക്കാള്‍ ഇരട്ടിയായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്.

ഗൈനക്കോളജിസ്റ്റ് ഡോ. കിരണ്‍ കൊയ്‌ലോയുടേയും അവസ്ഥ വ്യത്യസ്തമല്ല. ഗര്‍ഭാശയം സംബന്ധമായ പരിശോധനകള്‍ നടത്താന്‍ എത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ പെട്ടന്ന് വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കിരണ്‍ പറയുന്നത്. തന്റെ പഴയ രോഗികളെല്ലാം അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ തുടങ്ങിയെന്നും സൊനാലിയുടെ വാര്‍ത്തയാണ് അവരെ ആശങ്കയിലാക്കിയതെന്നും അവര്‍ വ്യക്തമാക്കി. കാന്‍സര്‍ നമുക്ക് നിരവധി സൂചനകള്‍ നല്‍കുമെന്നും അത് മനസിലാക്കി നേരത്തെ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ വളരെ എളുപ്പത്തില്‍ രോഗം കണ്ടെത്താനാവുമെന്നും കിരണ്‍ പറഞ്ഞു. 

ഇപ്പോള്‍ ദിവസേന മൂന്ന് പേരാണ് അത്തരത്തില്‍ പരിശോധനയ്ക്ക് വേണ്ടി മാത്രം വരുന്നത്. മുന്‍പ് ഹോളിവുഡ് സുന്ദരി ആഞ്ജലീന ജൂലി സ്തനാര്‍ബുദത്തില്‍ നിന്ന് രക്ഷപ്പെടാനയി സ്തനങ്ങള്‍ നീക്കം ചെയ്തപ്പോഴും ഇത്തരത്തില്‍ നിരവധി പേര്‍ പരിശോധനയ്ക്കായി എത്തിയിരുന്നുവെന്നും കിരണ്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com