മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറച്ചോളൂ: നിങ്ങളെക്കാത്തിരിക്കുന്നത് വലിയ ഓര്‍മ്മക്കുറവ് 

മൊബൈല്‍ ഫോണിന്റെ അമിതോപയോഗം ഓര്‍മ്മക്കുറവുണ്ടാക്കുമെന്ന പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറച്ചോളൂ: നിങ്ങളെക്കാത്തിരിക്കുന്നത് വലിയ ഓര്‍മ്മക്കുറവ് 

മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ ആളുകളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഈ ഉപകരണം ഇല്ലെങ്കില്‍ ഒന്നും നടക്കില്ല. ഇടയ്ക്കിടെ ഫോണ്‍ തുറന്ന് നോക്കിയില്ലെങ്കില്‍ ചിലര്‍ക്കെങ്കിലും മനസമാധാനം വരില്ല. എന്നാല്‍ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നന്നായി അറിഞ്ഞിട്ട് പോരെ അത് വെച്ചുള്ള കളി. മൊബൈല്‍ ഫോണിന്റെ അമിതോപയോഗം ഓര്‍മ്മക്കുറവുണ്ടാക്കുമെന്ന പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

മൊബൈല്‍ ഫോണില്‍ നിന്നും വരുന്ന റേഡിയേഷന്‍ അമിതമായി ഏറ്റാലാണ് ഓര്‍മ്മക്കുറവ് ഉണ്ടാകുക. സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നുള്ള ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. മൊബൈല്‍ ഫോണുകളിലൂടെ വരുന്ന റേഡിയോ തരംഗ ദൈര്‍ഘ്യമുള്ള ഇലക്ട്രോ മാഗ്‌നറ്റിക് ഫീല്‍ഡ് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഏറ്റാല്‍ കൗമാരക്കാരില്‍ ഓര്‍മ്മവികാസം ഉണ്ടാവുന്നതിന് തടസം സംഭവിക്കും.

'തലച്ചോറിന്റെ വലത് വശത്താണ് ഈ ഓര്‍മ്മയുമായി ബന്ധപ്പെട്ട കോശങ്ങള്‍ ഉള്ളത്. അതുകൊണ്ട് ഫോണ്‍ വലതുഭാഗത്ത് വെച്ച് ഉപയോഗിക്കുന്നവരിലാണ് ഓര്‍മ്മക്കുറവ് ഏറെയും സംഭവിക്കുക'- സ്വിസ്സ് ട്രോപ്പിക്കല്‍ ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകനായ മാര്‍ട്ടിന്‍ റൂസ്ലി പറയുന്നു.

ഹെഡ്‌ഫോണുകളോ, ലൗഡ്‌സ്പീക്കറോ ഉപയോഗിക്കുമ്പോള്‍ ഈ അപകടം കുറയ്ക്കാനാവുമെന്നും  സ്വിസ്സ് ഗവേഷകര്‍ പറയുന്നു. മെസേജുകള്‍ അയക്കുക, ഗെയിമുകള്‍ കളിക്കുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക എന്നിവയ്ക്ക് ഓര്‍മ്മയെ ബാധിക്കുന്നതില്‍ കാര്യമായ പങ്കുകളില്ല. ഫോണില്‍ സംസാരിക്കുന്നതാണ് അപകടം. 700 കൊമാരക്കാരില്‍ ഒരു വര്‍ഷത്തോളം പഠനം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com