ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നുണ്ടോ? എങ്കില്‍ തല്‍ക്കാലം ഈ ആഹാരസാധനങ്ങളോട് നോ പറഞ്ഞോളൂ

ആന്റിബയോട്ടിക്ക് കഴിക്കുമ്പോള്‍, പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിക്കേണ്ടത്.
ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നുണ്ടോ? എങ്കില്‍ തല്‍ക്കാലം ഈ ആഹാരസാധനങ്ങളോട് നോ പറഞ്ഞോളൂ

രോഗശമനത്തിനായി നമ്മള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കാറുണ്ട്. ഡോസ് കുറഞ്ഞ മരുന്നുകള്‍ കഴിച്ചിട്ടും അസുഖം മാറാതെ വരുമ്പോഴോ ഇന്‍ഫെക്ഷന്‍ സാധ്യതകള്‍ നിലനില്‍ക്കുമ്പോഴോ ഒക്കെയാണ് സാധാരണ ആന്റിബയോട്ടിക്ക് കഴിക്കുന്നത്. എന്നാല്‍ ചില ആഹാരങ്ങള്‍ കഴിച്ചു കൊണ്ട് ഇവ ഉപയോഗിച്ചാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല.

ആന്റിബയോട്ടിക്ക് കഴിക്കുമ്പോള്‍, പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിക്കേണ്ടത്. ഈ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ശരിയല്ലാത്ത ഭക്ഷണക്രമമാണ് പിന്തുടരുന്നതെങ്കില്‍ ആന്റിബയോട്ടിക്കിന്റെ പ്രവര്‍ത്തനം താറുമാറാകും. ആന്റിബയോട്ടിക് കഴിക്കുന്ന സമയത്ത് കഴിക്കാന്‍ പറ്റാത്ത ഭക്ഷണങ്ങള്‍ ചുവടെ കൊടുത്തിട്ടുണ്ട്.

പാല്‍ഉല്‍പ്പന്നങ്ങള്‍ 
ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് പാല്‍ ഉല്‍പ്പന്നങ്ങള്‍. പാലുല്‍പ്പന്നങ്ങളിലെ പ്രധാന ഘടകം കാല്‍സ്യമാണ്. ഇത് ശരീരത്തിലെത്തുന്ന ആന്റി ബയോട്ടിക്കുകളുമായി പ്രവര്‍ത്തിച്ച് ആരോഗ്യത്തിന് കോട്ടം വരുത്തുന്നു.  ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇത് ഇടയാക്കും. എന്നാല്‍ പ്രോബയോട്ടിക്കുകള്‍ അടങ്ങിയ യോഗര്‍ട്ട് കഴിക്കുന്നത് നല്ലതാണ്. 

അയണ്‍ അടങ്ങിയ ആഹാരം 
കാല്‍സ്യം അടങ്ങിയ ആഹാങ്ങളെപ്പോലെ അയണ്‍ അടങ്ങിയ ആഹാരവും മരുന്നിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ആന്റി ബയോട്ടിക് ഉപയോഗിക്കുമ്പോള്‍, അയണ്‍, കാല്‍സ്യം സപ്ലിമെന്റുകള്‍ ഒഴിവാക്കുകയോ, ഇവ കഴിക്കുന്ന ഇടവേള കുറഞ്ഞത് മൂന്നുമണിക്കൂര്‍ ആക്കുകയോ വേണം. ചിക്കന്‍ ലിവര്‍, റെഡ് മീറ്റ്, ഇല വര്‍ഗങ്ങള്‍, നട്‌സ്, ചോക്‌ലേറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കാം. 

മദ്യം 
ആന്റിബയോട്ടിക് മരുന്ന് കഴിക്കുന്നവര്‍ അതോടൊപ്പം മദ്യം കഴിക്കുന്നത് തലകറക്കം, വയറുവേദന എന്നിവയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.  

സിട്രസ് അംശമുള്ള പഴങ്ങള്‍
നാരങ്ങ, ഓറഞ്ച് പോലെ ആസിഡ് അംശം അടങ്ങിയ പഴവര്‍ഗങ്ങള്‍ ആന്റി ബയോട്ടിക് കഴിക്കുമ്പോള്‍ വേണ്ടേ വേണ്ട. നാരങ്ങ, ഓറഞ്ച്, തക്കാളി, മുന്തിരി, ശീതളപാനീയങ്ങള്‍ തുടങ്ങി അസിഡിക് ആയ ഒന്നും ഉപയോഗിക്കരുത്. ഇത് ആന്റി ബയോട്ടിക്കിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെ ആന്റി ബയോട്ടിക് പ്രവര്‍ത്തനത്തെ തടയുന്നു.

നാരുകള്‍ കൂടുതല്‍ അടങ്ങിയ ആഹാരം 
നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിവതും ഒഴിവാക്കാം. ചപ്പാത്തി തുടങ്ങിയ ഗോതമ്പ് വിഭവങ്ങളും ബീന്‍സ്, ബ്രക്കോളി തുടങ്ങി നാരുകള്‍ അടങ്ങിയ ഭക്ഷണം ആന്റിബയോട്ടിക്കിനൊപ്പം വേണ്ട. ഇവ ദഹനം സാവധാനത്തിലാക്കുകയും ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനവേഗം കുറയ്ക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com