ഹൃദ്രോഗങ്ങളേയും ക്യാന്‍സറിനേയും ഒഴിവാക്കണോ? നടത്തത്തിന്റെ വേഗത കൂട്ടിക്കോളൂ 

60 വയസിന് മുകളിലുള്ളവര്‍ ശരാശരി വേഗത്തില്‍ നടക്കുന്നത് ഹൃദയസംബദ്ധമായ രോഗങ്ങള്‍ വന്ന് മരിക്കാനുള്ള സാധ്യത 46 ശതമാനം കുറയ്ക്കും
ഹൃദ്രോഗങ്ങളേയും ക്യാന്‍സറിനേയും ഒഴിവാക്കണോ? നടത്തത്തിന്റെ വേഗത കൂട്ടിക്കോളൂ 

വേഗത്തില്‍ നടക്കുന്നത് കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുമെന്ന കണ്ടുപിടുത്തവുമായി പുതിയ പഠന റിപ്പോര്‍ട്ട്. ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കാനും വേഗത്തിലുള്ള നടത്തത്തിന് സാധിക്കുമെന്നാണ് സിഡ്‌നി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 

നടത്തത്തിന്റെ വേഗതയും രോഗവും തമ്മില്‍ ബന്ധമുണ്ട്. ശരാശരി വേഗത്തിലാണ് നടക്കുന്നതെങ്കില്‍ അത് മരിക്കാനുള്ള സാധ്യത 20 ശതമാനം കുറയ്ക്കും. നടത്തം വേഗത്തിലാണെങ്കില്‍ മരിക്കാനുള്ള സാധ്യത 24 ശതമാനം കുറയ്ക്കാനാവും. ശരാശരി വേഗത്തില്‍ നടന്നാല്‍ 24 ശതമാനവും വേഗത്തില്‍ നടന്നാല്‍ 21 ശതമാനവും  ഹൃദയസംബന്ധമായ രോഗം ബാധിച്ച് മരിക്കാനുള്ള സാധ്യത കുറയ്ക്കും. പ്രായമായവരിലെ നടത്തമാണ് ഏറ്റവും  ഫലപ്രദം. 60 വയസിന് മുകളിലുള്ളവര്‍ ശരാശരി വേഗത്തില്‍ നടക്കുന്നത് ഹൃദയസംബദ്ധമായ രോഗങ്ങള്‍ വന്ന് മരിക്കാനുള്ള സാധ്യത 46 ശതമാനം കുറയ്ക്കും. വേഗത്തില്‍ നടക്കുന്നതിലൂടെ 53 ശതമാനവും കുറയ്ക്കാനാവും. 

മണിക്കൂറില്‍ അഞ്ച് മുതല്‍ ഏഴ് കിലോമീറ്റര്‍ ദൂരം നടക്കുന്നതിനെയാണ് വേഗത്തില്‍ നടക്കുക എന്നു പറയുന്നത്. എന്നാല്‍ ഇത് നടക്കുന്ന ആളുടെ ഫിറ്റ്‌നസ് അനുസരിച്ചിരിക്കും. നടക്കുമ്പോള്‍ ചെറിയരീതിയില്‍ ശ്വാസം കിട്ടാതിരിക്കുകയും വിയര്‍ക്കുകയും ചെയ്യുമെങ്കില്‍ അതും വേഗത്തിലുള്ള നടപ്പായിരിക്കുമെന്നാണ് പ്രൊഫസര്‍ ഇമ്മാനുവല്‍ സ്റ്റമാറകിസ് പറയുന്നത്. 

നടക്കുന്നതും രോഗങ്ങള്‍ വരാനുള്ള സാധ്യതകളും ബന്ധപ്പെടുത്തി നിരവധി പഠനങ്ങള്‍ നേരത്തെ നടന്നിട്ടുണ്ട്. ഹൃദയസ്തംഭനവും സ്‌ട്രോക്കും വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കേബ്രിഡ്ജ് യൂണിവേഴിസിറ്റിയുടെ പഠനത്തില്‍ പറയുന്നത്. ആര്‍ത്തവം അവസാനിച്ച സ്ത്രീകള്‍ക്ക് ഹൃദയസ്തംഭനം വരാനുള്ള സാധ്യതയും നടത്തം കുറയ്ക്കും. ഭാരം നിയന്ത്രിക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com