മംനേഷ്യ എന്താണെന്നറിയുമോ? ഗര്‍ഭകാലത്ത് സ്ത്രീകളുടെ ഓര്‍മശക്തിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇങ്ങനെ 

ജീവിതചര്യകളില്‍ വരുന്ന മാറ്റങ്ങളും സമ്മര്‍ദ്ദം, ഉല്‍കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ അവസ്ഥകളുമൊക്കെ മംനേഷ്യയ്ക്ക് കാരണമാകുന്നവയാണെന്നും വിദഗ്ധര്‍ പറയുന്നു
മംനേഷ്യ എന്താണെന്നറിയുമോ? ഗര്‍ഭകാലത്ത് സ്ത്രീകളുടെ ഓര്‍മശക്തിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇങ്ങനെ 

പ്രസവകാലത്ത് സ്ത്രീകള്‍ക്ക് ശാരീരികവും മാനസികവുമായ വളരെയധികം വ്യത്യാസങ്ങള്‍ സംഭവിക്കാറുണ്ട്. ഈ സമയം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങളില്‍ ഒന്നാണ് ഓര്‍മക്കുറവ്. ഗര്‍ഭിണികളായ 50-80ശതമാനം സ്ത്രീകളും ഓര്‍മക്കുറവ് മൂലമുള്ള പ്രശ്‌നങ്ങളിലൂടെ പ്രസവത്തിന് മുന്‍പോ ശേഷമോ കടന്നുപോകുന്നവരാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ അവസ്ഥയെയാണ് മംനേഷ്യ അഥവാ പ്രെഗ്നന്റ് ബ്രെയിന്‍ എന്ന് പറയുന്നത്. 

400ഓളം ഗര്‍ഭിണികളും 300 ഓളം അമ്മമാരും ഉള്‍പ്പെടെ 1100ഓളം സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് പ്രസവകാലത്ത് സത്രീകള്‍ അതിരൂക്ഷമായ ഓര്‍മ്മക്കുറവ് അനുഭവിക്കുന്നതായി കണ്ടെത്തിയത്.

പ്രസവകാലത്ത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനിടയില്‍ തലച്ചോറ് ന്യൂറല്‍ നെറ്റ്‌വര്‍ക്കില്‍ അധികം കേന്ദ്രീകരിക്കാത്തതാണ് ഇതിന് ഒരു കാരണമായി വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. ആ സമയം ജീവിതചര്യകളില്‍ വരുന്ന മാറ്റങ്ങളും സമ്മര്‍ദ്ദം, ഉല്‍കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ അവസ്ഥകളുമൊക്കെ മംനേഷ്യയ്ക്ക് കാരണമാകുന്നവയാണെന്നും ഇവര്‍ പറയുന്നു. 

നേരിയ തോതിലുള്ള മറവികളെ സാധാരണയായി കണ്ടാല്‍ മതിയെന്ന് പറയുമ്പോഴും ഇത് മറ്റ് അവസ്ഥകളിലേക്ക് കടക്കുകയാണെങ്കില്‍ ഡോക്ടറുമായി സംസാരിക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. ദിവസം മുഴുവന്‍ ഒരുതരം മ്ലാനത അനുഭവപ്പെടുക, വിശപ്പില്ലാതാകുക, മറ്റ് കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിലുള്ള താത്പര്യം നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥയിലേക്ക് കടക്കുകയാണെങ്കില്‍ ഗൗരവമായി തന്നെ കാണണം എന്നാണ് ഇവര്‍ പറയുന്നത്. 

ഓര്‍മക്കുറവ് സാധാരണമായതിനാല്‍ തന്നെ പ്രധാന കാര്യങ്ങള്‍ വിട്ടുപോകാതിരിക്കാന്‍ എവിടെയെങ്കിലും കുറിച്ചുവയ്ക്കുക, വീട്ടില്‍ ഓരോ സാധനങ്ങള്‍ക്കും കൃത്യമായ സ്ഥലം നിശ്ചയിക്കുക, പേരുകളും മറ്റും ഓര്‍ത്തിരിക്കാന്‍ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലുമായി കണക്ട് ചെയ്യുക, അധിക സമ്മര്‍ദം ഒഴിവാക്കാന്‍ പങ്കാളിയുമായി പങ്കിട്ട് ചെയ്യേണ്ട കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ശീലങ്ങള്‍ പതിവാക്കാമെന്നും ഇത് ഒരു പരിധിവരെ മംനേഷ്യ മറികടക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com