വേനല്‍ പ്രതിരോധംപത്തു മാര്‍ഗങ്ങള്‍

കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കേണ്ടതിനൊപ്പം മധുരവും ദ്രവരൂപത്തിലുള്ളതുമായ ആഹാരങ്ങളാണ് വേനല്‍ക്കാലത്ത് ശീലിക്കേണ്ടതെന്ന് ആരോഗ്യമേഖലകളിലെ വിദഗ്ദ്ധര്‍ പറയുന്നു. 
വേനല്‍ പ്രതിരോധംപത്തു മാര്‍ഗങ്ങള്‍

സംസ്ഥാനത്ത് പകല്‍ച്ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചു. വേനലിനെ കരുതിയിരുന്നില്ലെങ്കില്‍ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കാം. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും ഒരു പരിധിവരെ കഴിക്കുന്ന ഭക്ഷണത്തേയും ഭക്ഷണരീതികളേയും ജീവിത രീതികളേയും ആശ്രയിച്ചിരിക്കുന്നു. കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കേണ്ടതിനൊപ്പം മധുരവും ദ്രവരൂപത്തിലുള്ളതുമായ ആഹാരങ്ങളാണ് വേനല്‍ക്കാലത്ത് ശീലിക്കേണ്ടതെന്ന് ആരോഗ്യമേഖലകളിലെ വിദഗ്ദ്ധര്‍ പറയുന്നു. 

1. വെള്ളം ധാരാളം കുടിക്കുക, ദാഹമില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂറിലും രണ്ടുമുതല്‍ നാലുവരെ ഗ്ലാസ്സ് വെള്ളം കുടിക്കുക. 
2. വെയിലത്ത് ജോലിചെയ്യുന്നവര്‍ ജോലിസമയം പുനഃക്രമീകരിക്കണം. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വെയിലത്തു ജോലിചെയ്യുന്നത് ഒഴിവാക്കണം.
3. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുക.
4. ചൂടുകൂടിയ സമയങ്ങളില്‍ വെയിലേല്‍ക്കാതിരിക്കുക.
5. വെയിലത്തു പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളില്‍ കുട്ടികളേയും മറ്റും ഇരുത്തി പോകരുത്.
6. വയോധികരും കുട്ടികളും ഉച്ചവെയിലേല്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക.
7. വീടിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടു വായുസഞ്ചാരം ഉറപ്പാക്കുക.
8. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. ഉച്ചയ്ക്ക് പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കുക.
9. ശരീര ഊഷ്മാവ് നിയന്ത്രിക്കാന്‍ ധാരാളം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക.
10. തളര്‍ച്ചയോ ക്ഷീണമോ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ വൈദ്യസഹായം തേടുക.

സുലഭമായ ചില പദാര്‍ത്ഥങ്ങള്‍കൊണ്ട് വേനല്‍ക്കാല രോഗങ്ങളേയും ചൂടിനേയും മാറ്റിയെടുക്കാം. ശരീരത്തിന് ഒട്ടും ഹാനികരമല്ലാത്തതും സൈഡ് ഇഫക്ട് ഒട്ടും തന്നെയില്ലാത്തതുമായ ആരോഗ്യദായകമായ ചില പൊടിക്കൈകളെ പരിചയപ്പെടാം. പിന്തുടര്‍ന്നു വന്നിരുന്ന ആഹാര രീതിയില്‍ വേനല്‍ക്കാലത്ത് മാറ്റം കൊണ്ടുവരണം. 


അരി, ഗോതമ്പ്, ചെറുപയര്‍ എന്നിവയ്ക്ക് വേനല്‍ക്കാല ഭക്ഷണങ്ങളില്‍ പ്രാധാന്യം നല്‍കണം. കഞ്ഞി, ദോശ, ഇഡ്ഡലി, ഉപ്പുമാവ്, അട, നൂലപ്പം, പത്തിരി, ചപ്പാത്തി, പാലപ്പം എന്നിവ കഴിക്കാം. വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുന്ന പച്ചക്കറികള്‍ തന്നെയാണ് ഉപയോഗിക്കേണ്ടത്. കുമ്പളങ്ങ, വെള്ളരിക്ക, മത്തങ്ങ, കാരറ്റ്, തക്കാളി, ചീര, ചുരക്ക, പീച്ചിങ്ങ, കക്കരിക്ക, കയ്പക്ക, പടവലങ്ങ, വെണ്ടക്ക, വഴുതനങ്ങ, പച്ചപ്പയര്‍, മുരിങ്ങാക്കായ, നാളികേരം, സവാള എന്നിവ കറികള്‍ക്കായി ഉപയോഗിക്കാം. ശരീരസ്ഥിതിക്ക് അനുസരിച്ച് മാത്രം മത്സ്യവും മാംസവും കഴിച്ചാല്‍ മതി. മാമ്പഴം, ഓറഞ്ച്, മാതളം, മുന്തിരി, വാഴപ്പഴം, പൈനാപ്പിള്‍, ആപ്പിള്‍, പപ്പായ, മുസമ്പി എന്നിവയും വേനല്‍ക്കാലത്ത് കഴിക്കാം. 

ആഹാരം പോലെതന്നെ കുടിക്കുന്ന വെള്ളത്തിനും ഏറെ പ്രത്യേകതകള്‍ ഉണ്ട്. 
അണുമുക്തമായ വെള്ളമാകണം കുടിക്കേണ്ടത്. ദിവസവും ചുരുങ്ങിയത് എട്ടു മുതല്‍ പത്ത് ഗ്ലാസ്സ് വരെ വെള്ളം അകത്താക്കണം. അധികമായി വിയര്‍ക്കുന്നതു കൊണ്ട് വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം കുറയുന്നതിനാല്‍ മൂത്രത്തിന്റെ അളവും കുറയുന്നു. പലപ്പോഴും മൂത്രത്തിന്റെ നിറം വ്യത്യാസപ്പെടും. നാരങ്ങ വെള്ളം, കരിക്കിന്‍ വെള്ളം, മോര്, കരിമ്പിന്‍ നീര്, മുന്തിരി ജ്യൂസ്, പാല്‍, ഓറഞ്ച് ജ്യൂസ്, പൊട്ട് വെള്ളരി, പൈനാപ്പിള്‍ ജ്യൂസ് തുടങ്ങിയവ വേനല്‍ക്കാലത്ത് കഴിക്കാം. തൈരില്‍ ഐസിട്ട് അടിച്ചെടുത്ത് ലസി കഴിക്കുന്നതും ഗുണമാണ്. തൈരില്‍ പഞ്ചസാര ചേര്‍ത്തു കഴിക്കുന്നതു ക്ഷീണമകറ്റും.
 
ആയുര്‍വേദത്തില്‍ പറഞ്ഞിരിക്കുന്ന ചില പാനീയങ്ങള്‍
സ്ത്രീകള്‍ക്കു കഴിക്കാന്‍ യോജിച്ച ചില ആയുര്‍വേദ പാനീയങ്ങളെക്കുറിച്ച് ഒന്നു നോക്കാം. ഇവ വേനല്‍ക്കാലത്ത് സൗന്ദര്യം നിലനിര്‍ത്തും, ഒപ്പം ശരീരപുഷ്ടിയും. ഏതെങ്കിലുമൊന്ന് സൗകര്യപ്രദമായ വിധത്തില്‍ കഴിച്ചാല്‍ മതിയാവും.

ഇതിലൊന്നാണ് രസാള. ഇതു കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. എന്താണ് രസാള? വെള്ളം ചേര്‍ക്കാതെ കലക്കിയെടുത്ത തൈരില്‍ പഞ്ചസാരയും ആവശ്യത്തിന് ചുക്ക്, ജീരകം, കുരുമുളക് ഇവയുടെ പൊടിയും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുന്നതാണ് സംഗതി. രസാള കഴിച്ചാല്‍ ദാഹവും ക്ഷീണവും പമ്പകടക്കും. 

ഉണക്ക മുന്തിരിങ്ങ വെള്ളത്തിലിട്ട് തിളപ്പിച്ച് നാലിലൊന്നാക്കി അരിച്ചെടുത്ത് അതില്‍ മലര്‍പ്പൊടിയും കൂവപ്പൊടിയും ചേര്‍ത്തെടുക്കുക. അതില്‍ പൊടിയാക്കിയ ഇലവര്‍ഗ്ഗം, ഏലത്തരി, പച്ചില, മല്ലി എന്നിവ ആവശ്യത്തിന് ചേര്‍ത്ത് തേനും ശര്‍ക്കരയും ചേര്‍ത്ത് പാകപ്പെടുത്തുന്നതാണ് രാഗം എന്ന പാനീയം. അരുചി, ബലക്ഷയം, ദഹനക്കുറവ് എന്നിവ മാറ്റി ശരീരപോഷണത്തിന് ഫലപ്രദമാണിത്. 

കുരുകളഞ്ഞ പഴുത്ത കോല്‍പ്പുളി 60 ഗ്രാം എടുത്ത് ഒരിടങ്ങഴി വെള്ളത്തില്‍ കലക്കി കുറുക്കി പകുതിയാക്കി അരിച്ച് അതില്‍ 30 ഗ്രാം കുരുമുളകും ആവശ്യത്തിന് ഉപ്പും ജീരകവും കായവും അരച്ചൂ ചേര്‍ത്ത് വീണ്ടും തിളപ്പിച്ച് കുരുമുളക് വെന്തശേഷം ചേര്‍ത്തെടുക്കുന്നതാണ് സാരം. വേനല്‍ക്കാലത്ത് ഊണിനൊപ്പം കഴിക്കാം. രുചിക്കും ജഠരാഗ്‌നി വര്‍ധിക്കുന്നതിനും ഫലപ്രദമാണ് സാരം. 

മറ്റൊന്നാണ് രാഗഖാണ്ഡവം. പച്ചമാങ്ങ തൊലി ചെത്തി കഷണങ്ങളാക്കി നുറുക്കി നെയ്യില്‍ വറുത്ത് മൂപ്പിച്ച് കല്‍ക്കണ്ടം പാവ് കാച്ചിയതിലിട്ട് വേവിക്കുക. ഇതിലേക്കു കുരുമുളക് പൊടി, ഏലത്തരി ചൂര്‍ണം, കര്‍പ്പൂരം എന്നിവ അല്‍പ്പാല്‍പ്പം ചേര്‍ത്ത ശേഷം എണ്ണമയമുള്ള കുടത്തിലാക്കി വായു കടക്കാത്ത വിധത്തില്‍ ഭൂമിയില്‍ കുഴിച്ചിടുക. 15 ദിവസത്തിനു ശേഷം പുറത്തെടുക്കുക. ഇതാണ് രാഗഖാണ്ഡവം. വേനല്‍ക്കാലത്ത് ദിവസവും കഴിക്കുന്നത് ശരീരപുഷ്ടിയും ശരീര ബലവും വര്‍ദ്ധിപ്പിക്കും. 

വേനല്‍ക്കാലത്ത് ഏറെ അഭികാമ്യമാണ് കഞ്ഞി. കഞ്ഞി കുടിക്കുന്നവര്‍ക്കു ശരീരത്തിലെ ജലാംശത്തിന്റെ കുറവ് പരിഹരിക്കപ്പെടും. ഒപ്പം വിശപ്പ്, ദാഹം, ബലക്ഷയം, ക്ഷീണം എന്നിവ ഇല്ലാതാകും. ഏത് പ്രായത്തിലുള്ളവര്‍ക്കും അനുയോജ്യമാണ് കഞ്ഞി. അതുപോലെ കഞ്ഞിവെള്ളം കുടിക്കുന്നതും ദാഹം അകറ്റും. ഒപ്പം ക്ഷീണമകറ്റാനും ധാതുപുഷ്ടിക്കും ഇത് ഏറെ അനുയോജ്യമാണ്. 
വേനല്‍ക്കാലത്ത് ആരോഗ്യം സംരക്ഷിക്കുന്നതിനായി സൂപ്പ് കഴിക്കാം. മാംസ രസം ചേര്‍ത്ത സൂപ്പും പച്ചക്കറികള്‍ മാത്രം ചേര്‍ത്ത സൂപ്പും ആരോഗ്യസ്ഥിതി അനുസരിച്ച് കഴിക്കുന്നതു ഗുണം ചെയ്യും. ത്വക്കിലെ വലിച്ചില്‍ ഒഴിവാക്കും, എണ്ണമയം നിലനിര്‍ത്തും. 

പരമ്പരാഗത പാനീയങ്ങള്‍
അരി കഴുകുമ്പോള്‍ രണ്ടാമത്തെ പ്രാവശ്യത്തെ കഴുകിയ വെള്ളമെടുത്ത് അതില്‍ ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചതച്ചിട്ട് ഇളക്കുക. കുറച്ച് സമയം കഴിഞ്ഞ് അരിച്ചെടുത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കഴിക്കുക. 
നറുനീണ്ടിക്കിഴങ്ങ് കഴുകി വൃത്തിയാക്കി തൊലിയും ആരും കളഞ്ഞ് ചതച്ച് വെള്ളത്തിലിട്ട് അരിച്ചെടുത്ത് പഞ്ചസാരയോ കല്‍ക്കണ്ടമോ ചേര്‍ത്ത് കുടിക്കുക. ഇതുപോലെ രാമച്ചം, ഇരുവേലി, ശതാവരിക്കിഴങ്ങ് എന്നിവയും വേനല്‍ക്കാല പാനീയങ്ങളായി ഉപയോഗിക്കാം. ചുവന്നുള്ളി അരിഞ്ഞ് വെള്ളത്തിലിട്ട് അരിച്ച് പഞ്ചസാരയോ കല്‍ക്കണ്ടമോ ചേര്‍ത്ത് കുടിക്കുക. 
ജീരകം, മല്ലി, കരിങ്ങാലി, പതിമുകം, കോലരക്ക് ഇവയെല്ലാം ചേര്‍ത്ത് തിളപ്പിച്ച് തണുത്ത ശേഷം കുടിക്കുക. രാമച്ചം, പര്‍പ്പടകപ്പുല്ല്, ഇരുവേലി, മുത്തങ്ങ ഇവ ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ആവശ്യമെങ്കില്‍ ചെറുനാരങ്ങ നീരും പഞ്ചസാരയോ കല്‍ക്കണ്ടമോ ചേര്‍ക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com