വേനലില്‍ തിളയ്ക്കുന്ന കേരളത്തില്‍ നമുക്കും വേണ്ടേ ഫാഷനില്‍ ചില മാറ്റങ്ങള്‍

വിയര്‍ത്തു കുളിക്കുമ്പോള്‍ ഒട്ടിപ്പിടിക്കുന്ന സിന്തറ്റിക്ക് വസ്ത്രങ്ങളെക്കാള്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് അനുയോജ്യപ്രദം.
വേനലില്‍ തിളയ്ക്കുന്ന കേരളത്തില്‍ നമുക്കും വേണ്ടേ ഫാഷനില്‍ ചില മാറ്റങ്ങള്‍

വേനല്‍ക്കാലത്ത് ഏറെ കരുതലോടെ വേണം വസ്ത്രധാരണം. വസ്ത്രത്തിന്റെ നിറവും പ്രകൃതവും കാലാവസ്ഥയ്ക്ക് അനുയോജ്യമാവണം. കടുത്ത ചൂടും വിയര്‍പ്പും സൗന്ദര്യത്തെ കാര്യമായി ബാധിച്ചേക്കാം. അതില്‍ നിന്നും രക്ഷപ്പെടാന്‍ നിങ്ങളുടെ ഉടുപ്പുകള്‍ നിങ്ങളെ സഹായിച്ചേക്കാം. കടും നിറമുള്ളവ കഴിവതും ഒഴിവാക്കുക, സെമി കോട്ടണ്‍ ഫാഷന്‍ ശീലമാക്കുക.

കേരളം ചൂടുപിടിച്ചു കഴിഞ്ഞു. ധരിക്കുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒന്നു ശ്രദ്ധിച്ചാല്‍ വേനല്‍പ്പൊള്ളല്‍ അല്‍പ്പം കുറയ്ക്കാം.
സ്‌കിന്നി വസ്ത്രങ്ങള്‍ക്ക് ഇനിയല്‍പ്പം വിശ്രമം നല്‍കാം. പകരം അയഞ്ഞ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം. അതില്‍ത്തന്നെ നീളന്‍ കൈകളുള്ള ഷര്‍ട്ടുകളും ചുരിദാറുകളും ഒഴിവാക്കിയാല്‍ വിയര്‍ത്തൊലിച്ചു ഓഫീസിലേക്ക് കയറിച്ചെല്ലുന്നതിന്റെ സങ്കോചത്തില്‍നിന്ന് രക്ഷപ്പെടാം. 

ഓപ്പണ്‍ നെക്ക് ടീ ഷര്‍ട്ടുകള്‍ ആയിരിക്കും വേനല്‍ക്കാലത്ത് കൂടുതല്‍ അഭികാമ്യം. ഇത്രയും കാലം സ്‌റ്റൈലിഷ് ലുക്ക് നല്‍കിയിരുന്ന ജീന്‍സുകളെല്ലാം മടക്കിയൊതുക്കി വെച്ച് സാധാരണ കോട്ടണ്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം. ജാക്കറ്റുകളും അതുപോലെ കടുത്ത മെറ്റീരിയലുകളിലുള്ള വസ്ത്രങ്ങളും പൂര്‍ണ്ണമായും വേണ്ടെന്നു വയ്ക്കുക. ഓര്‍ഗാനിക് കോട്ടണ്‍ വസ്ത്രങ്ങളായിരിക്കും വേനല്‍ക്കാലത്ത് ഏറ്റവും മികച്ചത്. ടൈറ്റ്‌റും സ്ലാക്ക്‌സുമെല്ലാം ഒഴിവാക്കുക.

റാപ്എറൗണ്ട് സ്‌കര്‍ട്ടുകള്‍, പലാസോ ട്രൗസേഴ്‌സ്, എലൈന്‍ ടോപ്പുകള്‍, പട്ട്യാല പാന്റ്‌സ്, പാരലല്‍ ലിനന്‍ പാന്റ്‌സ് എന്നിവയായിരിക്കും നല്ലത്. വായുസഞ്ചാരത്തോടൊപ്പം സുരക്ഷിതമായ ചലന സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു എന്നതാണ് ഇവയുടെ മേന്മ. ചൂടുള്ള കാലാവസ്ഥയില്‍ നീളന്‍ പാവാടകളും ട്രൗസറുകളും സൗകര്യപ്രദമാണ്. കാരണം, ഇവ നിങ്ങളുടെ കാലുകള്‍ മൂടുകയും അതേസമയം നല്ല വായു സഞ്ചാരം സാധ്യമാക്കുകയും ചെയ്യും. കോട്ടണ്‍ പാവാടകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

ജലാംശ ആഗിരണത്തിലും ചൂടിന്റെ ആഗിരണത്തിലും വായു കടത്തിവിടുന്നതിലും പ്രഥമസ്ഥാനം വഹിക്കുന്നതു കോട്ടണ്‍ ആണെങ്കിലും കഴുകാന്‍ കൂടുതല്‍ വെള്ളം വേണമെന്നതും പെട്ടെന്നു ചുളിവുകള്‍ വീഴുമെന്നതും കോട്ടണ്‍ ഉപയോഗിക്കുന്നതില്‍നിന്നും പലരേയും വിമുഖരാക്കുന്നു. സുന്ദരമായി തേച്ച് എടുക്കുക എന്നതൊക്കെ ന്യൂജെന്നിന് പഥ്യമാണല്ലോ. ഈ സാഹചര്യത്തില്‍ സെമി കോട്ടണ്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. കോട്ടണ്‍, ലൈക്ര എന്നിവയുടെ മിശ്രിതത്തില്‍ തീര്‍ത്ത തുണികള്‍, നല്ല ജലാംശ ആഗിരണവും ചുളിവുകളില്‍നിന്നു പ്രതിരോധവും നല്‍കുന്നു. ഓര്‍ഗാനിക് കോട്ടണില്‍ തീര്‍ത്ത ബര്‍മൂഡ, പാന്റ്‌സ് എന്നിവയെല്ലാം കുട്ടികള്‍ക്കായി തെരഞ്ഞെടുക്കാം.

ഭാരം കുറവുള്ള തുണിത്തരങ്ങള്‍കൊണ്ടുള്ള വസ്ത്രങ്ങളാണ് വേനല്‍ക്കാലത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യം. സ്വതവേ ചൂടില്‍ ക്ഷീണിച്ചു തളരുന്നതിനൊപ്പം വസ്ത്രത്തിന്റെ ഭാരവും കൂടിയാല്‍ ക്ഷീണം വര്‍ദ്ധിക്കുകയേയുള്ളൂ. ലിനന്‍, കോട്ടണ്‍ തുണികളായിരിക്കും ഏറ്റവും അനുയോജ്യം. സിന്തറ്റിക്ക് വസ്ത്രങ്ങള്‍ വേനല്‍ക്കാലത്തെ കൂടുതല്‍ മടുപ്പിക്കും. ശരീരത്തിലേക്ക് ആവശ്യത്തിന് കാറ്റ് ലഭിക്കാവുന്ന വസ്ത്രങ്ങളായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. നിറങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. ഇളം നിറങ്ങളാണ് വേനല്‍ക്കാലത്തിനു ചേര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com