ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍? 

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണിത്. എന്നാല്‍ അടിയന്തര പ്രാഥമിക സഹായം നല്‍കിയാല്‍ അപകടത്തില്‍പ്പെടുന്നയാളിനെ രക്ഷിക്കാം.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍? 

ക്ഷണം തൊണ്ടയില്‍ കുടുങ്ങുന്ന ഒരാള്‍ക്ക് മരണം സംഭവിക്കാം. കൂടെയുള്ളവര്‍ക്ക് അടിയന്തര വൈദ്യസഹായം ചെയ്യാന്‍ പോലും കഴിഞ്ഞെന്നു വരില്ല. ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ ഒന്ന് ഉറക്കെ സംസാരിക്കാനോ ചുമക്കാനോ പോലും കഴിയില്ല. അതു കൊണ്ടുതന്നെ ഇത്തരക്കാര്‍ക്കു ശ്വാസതടസ്സം ഉണ്ടാകുകയും രക്തത്തില്‍ ആവശ്യമായ ഓക്‌സിജന്‍ കിട്ടാതെ ശരീരം മുഴുവന്‍ നീലനിറമാവുകയും ചെയ്യും. ഇങ്ങനെയുള്ള വ്യക്തി നിമിഷങ്ങള്‍ക്കുള്ളില്‍ ബോധരഹിതനായെന്നും വരാം. വൈകാതെ മരണപ്പെടുകയും ചെയ്യും. ആശുപത്രിയിലെത്തിക്കാനുള്ള സമയം പോലും കിട്ടിയെന്നു വരില്ല. ഇതിനെ മെഡിക്കല്‍ രംഗത്ത് 'ചോക്കിംഗ്' എന്നു പറയും. ഇങ്ങനെ ചോക്കിംഗ് സംഭവിക്കാനുള്ള സാഹചര്യങ്ങള്‍ നമുക്ക് ചുറ്റും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയയാള്‍ക്ക് ബോധക്ഷയം സംഭവിച്ചിട്ടില്ലെങ്കില്‍, ചുമയ്ക്കുവാന്‍ പോലും കഴിയുന്നില്ലെങ്കില്‍ ഉടന്‍ ആ വ്യക്തിയുടെ പുറത്തു കൈകൊണ്ട് ശക്തിയായി കുറഞ്ഞത് അഞ്ചു തവണ തട്ടുക. ആ പ്രയോഗത്തില്‍ ഭക്ഷണശകലം പുറത്തുവരും. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തല കുനിച്ചുനിര്‍ത്തി പിന്നില്‍നിന്ന് വയറ്റില്‍ ഒരു കൈപ്പത്തി ചുരുട്ടിവെച്ച് മറ്റേ കൈ അതിന്റെ മീതെ പൊതിഞ്ഞുപിടിച്ചു വയര്‍ ശക്തിയായി അഞ്ചു പ്രാവശ്യം മുകളിലേക്കും അകത്തേക്കും അമര്‍ത്തണം. ശ്വാസകോശം ചുരുങ്ങി തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം ശക്തിയായി പുറത്തേക്കു വരാന്‍ ഇതു സഹായിക്കും. തുടര്‍ന്നും ഭക്ഷണശകലം പുറത്തു വന്നില്ലെങ്കില്‍ വീണ്ടും ആവര്‍ത്തിക്കണം. ആള്‍ ചുമയ്ക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നതുവരെ ചെയ്തുകൊണ്ടേയിരിക്കണം. 

ആള്‍ക്ക് ചുമയ്ക്കാനോ സംസാരിക്കാനോ കഴിയുന്നെങ്കില്‍ പുറത്തു തട്ടുകയോ വയറിനു അമര്‍ത്തുകയോ ചെയ്യരുത്. അവരോടു ശക്തിയായി ചുമയ്ക്കുവാന്‍ പറയുക, അപ്പോള്‍ത്തന്നെ ഭക്ഷണം പുറത്തേക്കു തെറിച്ചു വീഴും. പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ഗര്‍ഭിണികളിലും അമിത വണ്ണമുള്ളവരിലും വയറില്‍ അമര്‍ത്തുന്നതിനു പകരം നെഞ്ചില്‍ ആണ് അമര്‍ത്തേണ്ടത്
ബോധം നഷ്ടപ്പെട്ട ഒരു വ്യക്തിക്ക് മേല്‍ സൂചിപ്പിച്ച മാര്‍ഗ്ഗങ്ങളൊന്നും തന്നെ ഫലപ്രദമാകില്ല. നെഞ്ചില്‍ അമര്‍ത്തിയും കൃത്രിമമായി ശ്വാസം കൊടുത്തും ആളിന്റെ ശ്വാസവും രക്തയോട്ടവും വീണ്ടെടുത്തു ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കണം. തുടര്‍ന്നു പെട്ടെന്നുതന്നെ ആ വ്യക്തിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുക.

പിഞ്ചുകുട്ടികളുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍
ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ അമ്മമാര്‍ പരിഭ്രമിക്കരുത്. അവരുടെ വെപ്രാളം കണ്ട് പേടിക്കുകയുമരുത്. കുട്ടിക്ക് ബോധമുണ്ടെങ്കില്‍ സമയം നഷ്ടപ്പെടുത്താതെ കുഞ്ഞിനെ മുഖം താഴെയാക്കി കൈത്തണ്ടയില്‍ കമിഴ്ത്തി കിടത്തുക. തുടര്‍ന്നു കാലിന്റെ തുടകൊണ്ട് കൈത്തണ്ട താങ്ങി മറ്റേ കൈ കൊണ്ട് കുഞ്ഞിന്റെ പുറത്തു ആഞ്ഞു തട്ടുക. ഇതോടെ, ഭക്ഷണം പുറത്തുവരും. ഇങ്ങനെ ചെയ്യുന്നതിനു മുന്നേ പലരും കുഞ്ഞിന്റെ വായില്‍ വിരലിട്ടു എടുക്കാന്‍ ശ്രമിക്കാറുണ്ട്. ഇത് അപകടമാണ്. അങ്ങനെ ചെയ്യുമ്പോള്‍ ഭക്ഷണം അകത്തേക്ക് പോയി ജീവനുതന്നെ അപകടം സംഭവിക്കാം.

ഒരു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ബോധമുണ്ടെങ്കില്‍ കുട്ടിയുടെ പിന്നില്‍നിന്ന് വയറ്റില്‍ രണ്ടു കൈയും അമര്‍ത്തി ഭക്ഷണശകലം പുറത്താക്കാം. ബോധം നഷ്ടപ്പെട്ട കുട്ടിക്ക് ഫസ്റ്റ് എയ്ഡിന് ശ്രമിക്കരുത്. വൈകാതെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com