എച്ച്‌ഐവിയുടെ മരുന്നു പ്രതിരോധ ശേഷി കൂടുന്നു, 30 ദശലക്ഷം പേരുടെ ജീവനെടുത്ത മഹാമാരി വീണ്ടും ലോകത്തിന് ഭീഷണിയാവുന്നു 

എയ്ഡ്‌സ് രോഗത്തിന് കാരണമാകുന്ന ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസിന്റെ മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുന്നതായാണ് പുതിയ വാര്‍ത്ത.
എച്ച്‌ഐവിയുടെ മരുന്നു പ്രതിരോധ ശേഷി കൂടുന്നു, 30 ദശലക്ഷം പേരുടെ ജീവനെടുത്ത മഹാമാരി വീണ്ടും ലോകത്തിന് ഭീഷണിയാവുന്നു 

യിഡ്‌സ് മുക്ത തലമുറയ്ക്കായി ലോകം സജ്ജമായികഴിഞ്ഞു എന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബറാക്ക് ഒബാമ പറഞ്ഞപ്പോള്‍ ലോകം മുഴുവന്‍ അതുകേട്ട് ആശ്വസിച്ചിരുന്നു. എന്നാല്‍ എച്ച്‌ഐവിയെ ഇല്ലാതാക്കാമെന്ന സ്വപ്‌നം തിയറികളില്‍ മാത്രം ഒതുങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. എയ്ഡ്‌സ് രോഗത്തിന് കാരണമാകുന്ന ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസിന്റെ മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുന്നതായാണ് പുതിയ വാര്‍ത്ത. വൈറസ് ഭീഷണിയാകുക വികസ്വരരാജ്യങ്ങളെയായിരിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

ഈ വരുന്ന ജൂലൈ 23മുതല്‍ 27 വരെ എയിഡ്‌സ് 2018കോണ്‍ഫറന്‍സിനായി ലോകം ആംസ്റ്റര്‍ഡാമില്‍ സമ്മേളിക്കുമ്പോള്‍ ആഘോഷങ്ങള്‍ക്കുമീതെ കരിനിഴല്‍ പതിപ്പിച്ചിരിക്കുകയാണ് പുതിയ കണ്ടെത്തലുകള്‍. മരുന്നു പ്രതിരോധശേഷി കൂടിയ ഒരു പുതിയ എച്ച്‌ഐവി മഹാമാരിയാണ് ലോകത്ത് അതും ഏറ്റവും ദരിദ്രരാജ്യങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. 

ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന എആര്‍വികള്‍ ഇനിയുള്ള കാലം വൈറസിനെ പ്രതിരോധിക്കാന്‍ മതിയാകില്ലെന്നും ശക്തിയേറിയ മരുന്നുകള്‍ വികസിപ്പിക്കേണ്ടിവരുമെന്നുമാണ് വസ്തുതകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മരുന്നിനെ പ്രതിരോധിക്കാനുള്ള വൈറസിന്റെ ശേഷിയെപ്പറ്റി കൂടുതല്‍ പഠനം ആവശ്യമാണെന്നിരിക്കേ പല ദരിദ്രരാജ്യങ്ങള്‍ക്കും ഇതിനുള്ള ശേഷിയില്ല. 

ലോകത്ത് ഏറ്റവും വേഗത്തില്‍ എയ്ഡ്‌സ് പകരുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്. മുന്‍പുണ്ടായിരുന്ന എച്ച്‌ഐവി ഉപവിഭാഗമായ ബിയില്‍ നിന്ന് സിആര്‍എഫ്01 എഇ-യിലേയ്ക്കുള്ള വൈറസിന്റെ മാറ്റമാണ് നിലവില്‍ ശ്രദ്ധേയം. രോഗം ബാധിക്കുന്നതിലും പകരുന്നതിലും വൈറസ് വലിയ പ്രതിരോധശേഷി കാണിക്കുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്, പ്രത്യേകിച്ച് എച്ച്‌ഐവിയ്ക്കും ഹെപ്പറ്റൈറ്റിസ് ബിയ്ക്കുമെതിരെ പ്രയോഗിക്കുന്ന ടെനോഫോവിര്‍ മരുന്നിന്റെ കാര്യത്തില്‍. 

വ്യക്തമായി പറഞ്ഞാല്‍, സിആര്‍എഫ്01 എഇ ഒരു പുതിയ കണ്ടെത്തലല്ല, എന്നാല്‍ ഇതിന്റെ സ്വഭാവത്തെപ്പറ്റിയും ചികിത്സയോടുള്ള പ്രതികരണശേഷിയെപ്പറ്റിയും വളരെക്കുറച്ച് മാത്രമേ നമുക്കറിയൂ. ഇതുള്‍പ്പെടുന്ന മറ്റു എച്ച്‌ഐവി വിഭാഗങ്ങളെപ്പറ്റി അടിയന്തരമായി പഠനം നടത്തേണ്ടത് മറ്റു രാജ്യങ്ങളിലേയ്ക്കു കൂടി ഇവ പടരുന്നത് തടയാന്‍ അത്യാവശ്യമാണ്. 

എച്ച്‌ഐവിയെ പ്രതിരോധിക്കാന്‍ ലോകമെമ്പാടും നടത്തിയ പ്രവര്‍ത്തനങ്ങളെപ്പറ്റി അഭിമാനിക്കാമെങ്കിലും വൈറസ് ഇതുവരെ പൂര്‍ണ്ണമായി കീഴടങ്ങിയിട്ടില്ലെന്നത് മറന്നുകൂടാ. 2000മുതല്‍ എച്ച്‌ഐവി ബാധിച്ചവരില്‍ 30ശതമാനം കുറവാണ് ലോകത്ത് കാണാന്‍ കഴിഞ്ഞിരുന്നത്. 2003മുതല്‍ എച്ച്‌ഐവി മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ 40ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ എച്ച്‌ഐവി ചികിത്സാരംഗത്ത് കണ്ടുവന്നിരുന്ന ഈ പുരോഗമനങ്ങള്‍ക്കുമേല്‍ ശക്തമായ പ്രഹരമാണ് ഈ പുതിയ കണ്ടെത്തല്‍ സൃഷ്ടിച്ചിരിക്കുന്നത്. 

ബാക്ടീരിയ സഞ്ചരിക്കുന്നതിനേക്കാള്‍ ഒരു ദശലക്ഷം തവണ കൂടുതല്‍ വേഗതയാണ് എച്ച്‌ഐവിക്കുള്ളത്. പ്രപഞ്ചത്തില്‍ ഏറ്റവും വേഗത്തില്‍ പരിവര്‍ത്തനം സംഭവിക്കുന്ന ജീവിയാണിത്. മനുഷ്യ കോശങ്ങളിലെ ആര്‍എന്‍എയെ ഡിഎന്‍എയായി മാറ്റിയിട്ടാണ് എച്ച്‌ഐവി രോഗം മനുഷ്യശരീരത്തില്‍ പിടിയുറപ്പിക്കുന്നത്. പാശ്ചാത്യകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യസംഘടനയുടെ ഉപദേശകര്‍ ഇന്നും വിചാരിക്കുന്നത് എല്ലാ എച്ച്‌ഐവി ഉപവിഭാഗങ്ങളും മരുന്നുകളോട് ഒരേ രീതിയിലാണ് പ്രതികരിക്കുന്നത് എന്നാണ്. അവരുടെ രാജ്യങ്ങളില്‍ പോലും തിരസ്‌കരിക്കപ്പെട്ട മരുന്നുകളാണ് എച്ച്‌ഐവി പ്രതിരോധത്തിനായി അവര്‍ നിര്‍ദേശിക്കുന്നതെന്ന് അവര്‍ മറന്നു കൂടാ. ഇവ ലോകം മുഴുവന്‍ തുടര്‍ന്നും ഉപയോഗിക്കണമെന്ന് വാശി പിടിക്കാനുമാകില്ല.

1980കളില്‍ പതിനായിരക്കണക്കിന് ആളുകള്‍ എച്ച്‌ഐവി ബാധിച്ച് മരിച്ച ശേഷമാണ് എയ്ഡ്‌സ് രോഗം അമേരിക്കയുടെ തീരത്തെത്തിയത്. അപ്പോഴാണ് രോഗത്തെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയതും. എന്നാല്‍ ഇന്ന് എച്ച്‌ഐവിയുടെ രണ്ടാം പതിപ്പും ആദ്യം ബാധിച്ചിരിക്കുന്നത് ഇതിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാത്ത ദരിദ്രരാജ്യങ്ങളെയാണ്. മുന്‍പത്തേതുപോലെ ഇത് ഇനിയെത്തുക വികസിതരാജ്യങ്ങളിലേയ്ക്കായിരിക്കും എന്നാണ് അനുമാനങ്ങള്‍ അതുകൊണ്ടുതന്നെ ഈ വിപത്തിനെ മുളയിലെ നുള്ളേണ്ടതുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com