ക്യാന്‍സറിന്റെ വേദനയെ ചെറുക്കാന്‍ കഞ്ചാവില്‍ നിന്നും മരുന്ന്; കണ്ടെത്തലുമായി ഇന്ത്യന്‍ ഗവേഷകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th November 2018 10:19 AM |
Last Updated: 24th November 2018 10:19 AM | A+A A- |
കഞ്ചാവിനെ വേദനാ സംഹാരിയായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ വൈദ്യസംഘം. വിദഗ്ധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്
പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്യാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്ന അതി കഠിനമായ വേദന ഒഴിവാക്കുന്നതിനും എപിലപ്‌സി ചികിത്സയ്ക്കുമാണ് കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ പ്രയോജനപ്പെടുത്തുക.
ഈ മരുന്നുകളില്‍ ടെട്രാഹ്രൈഡ്രോ കന്നാബിനോളും കന്നബിഡിയോളും അടങ്ങിയിട്ടുണ്ടാവും. ഈ രണ്ട് ഘടകങ്ങളും സമാസമം ചേര്‍ത്തുകൊണ്ടുള്ള ഗുളിക ലാബിലെ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണെന്ന് ഐഐഎമ്മിലെ ഗവേഷകര്‍ വ്യക്തമാക്കി. ക്യാന്‍സര്‍ രോഗികള്‍ക്കുണ്ടാവുന്ന അതിതീവ്ര വേദന കേന്ദ്രനാഡീ വ്യൂഹത്തില്‍ നിന്നും മറ്റുള്ളവയിലേക്ക് പടരുകയാണ് ചെയ്യുന്നത്. ഇതിനെ തടയാന്‍ പുതിയ മരുന്ന് ഫലപ്രദമാണെന്നും മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയം കണ്ടുവെന്നും ഡോക്ടര്‍ വിശ്വകര്‍മ്മ അറിയിച്ചു.
മരുന്നിന് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടന്‍ ടാറ്റ മെമ്മോറിയല്‍ സെന്ററില്‍ പരീക്ഷിക്കുമെന്നും ഐഐഎം വെളിപ്പെടുത്തി.
ഒപിയം ചേരുന്ന മോര്‍ഫിനും ഫെന്റാനിലും ക്യാന്‍സര്‍ രോഗികള്‍ക്ക് നിലവില്‍ നല്‍കി വരാറുണ്ട്. പാകമെത്തുന്നതിന് മുമ്പ് ശേഖരിക്കുന്ന പോപ്പിച്ചെടികളില്‍ നിന്നാണ് ഇത് തയ്യാറാക്കുന്നത്. പ്രത്യേക അനുമതിയോടെ ഗവേഷണ ആവശ്യങ്ങള്‍ക്കായി വളര്‍ത്തിയ കഞ്ചാവ് ചെടികളില്‍ നിന്നുമാണ് മരുന്നിനാവശ്യമായവ ഐഐഎം സ്വീകരിച്ചത്.