എറണാകുളത്തെ കരിമ്പനി ബാധിതനെ തൃശൂരേക്ക് മാറ്റി: രോഗത്തെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്; ലക്ഷണങ്ങളും മുന്‍കരുതലുകളും ഇങ്ങനെ

സംസ്ഥാനത്ത് രണ്ടുവര്‍ഷത്തിനിടെ നാലാമത്ത ആളിലാണ് രോഗം സ്ഥിരീകരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: കരിമ്പനി ബാധിച്ച എറണാകുളം കുന്നത്തുനാട് വേങ്ങൂര്‍ പൊങ്ങന്‍ചുവട് ആദിവാസി കോളനിയിലെ അറുപത്തിമൂന്നുകാരനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കരിമ്പനി ബാധിച്ച തൃശൂര്‍ സ്വദേശിയായ ഒരാളെ ചികിത്സിച്ച് ഭേദമാക്കിയത് പരിഗണിച്ചാണ് അങ്ങോട്ടേക്ക് മാറ്റിയതെന്ന് ഡിഎംഒ അറിയിച്ചു. സംസ്ഥാനത്ത് രണ്ടുവര്‍ഷത്തിനിടെ നാലാമത്ത ആളിലാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞയാഴ്ച മലപ്പുറം ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറണാകുളത്ത് ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. 

വില്ലന്‍ മണലീച്ച

കൊതുകിനെക്കാള്‍ വലിപ്പം കുറഞ്ഞ മണലീച്ച വഴിയാണ് രോഗം പരക്കുന്നത്. പ്രോട്ടോസോവ വിഭാഗത്തിലുള്ള 'ലിഷ്‌മേനിയ' പരാദം ഉണ്ടാക്കുന്ന രോഗമാണ് കരിമ്പനി. കേരളത്തിലെ കാടുകളിലെ മണലീച്ചകളില്‍ രോഗവാഹകരുണ്ടാകാം എന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. 

രോഗം ബാധിച്ചയാളുടെയും പരിസരത്തേയും വീടുകള്‍ ഇന്‍ഡോര്‍ റെസിഡ്യുവല്‍ സ്‌പ്രേ ചെയ്തിട്ടുണ്ട്. രോഗാണുവിനെ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. പകര്‍ച്ച വ്യാധി തടയാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. കൊല്ലം, മലപ്പുറം, തൃശൂര്‍,  തിരുവനന്തപുരം ജില്ലകളിലും കരിമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ബിഹാര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കരിമ്പനി വ്യാപകമാണ്. 

ലക്ഷണങ്ങള്‍

പനിയുണ്ടാകും. വിശപ്പില്ലായ്മ,ശരീര ഭാരം കുറയല്‍,വിളര്‍ച്ച,ത്വക്ക് വരണ്ടുണങ്ങല്‍, രോമങ്ങള്‍ കൊഴിയല്‍ കൈകാലുകള്‍,മുഖ,വയര്‍ എന്നിവിടങ്ങളില്‍ കറുത്ത നിറമുണ്ടാകുന്നതുമാണ് രോഗ ലക്ഷണങ്ങള്‍. കരളിനും പ്ലീഹയ്ക്കും വീക്കം സംഭവിക്കും. 

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഒന്നുമുതല്‍ നാലുവരെ മാസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരില്ല. രോഗിയെ കടിച്ച മണലീച്ച മറ്റൊരാളെ കടിക്കുന്നതുവഴി രോഗം പടരും. 

മുന്‍കരുതലുകള്‍

വൃത്തിഹീനമായ ചുറ്റുപാടുകളിലുള്ളവര്‍ക്കാണ് രോഗം കൂടുതലും ബാധിക്കുന്നത്. മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതാണ് മണലീച്ച പെരുകുന്നതിന് കാരണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കല്‍, പുറത്തു കിടന്നുറങ്ങാതിരിക്കുക, മൃഗങ്ങളുമായി ഇടപെടുമ്പോള്‍ ശുചിത്വം പാലിക്കുക എന്നിവയാണ് മുന്‍കരുതലുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com