ഇന്ത്യയില്‍ 328 മരുന്നുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 12th September 2018 07:51 PM |
Last Updated: 12th September 2018 07:51 PM | A+A A- |

ഡെല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ 328 മരുന്ന് സംയുക്തങ്ങള്‍ (ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍സ്) ഇന്ത്യയില്‍ നിരോധിച്ചു. വില്‍പനയ്ക്കു വേണ്ടിയുള്ള നിര്‍മ്മാണവും, മനുഷ്യ ഉപയോഗത്തിനുള്ള വില്‍പനയും വിതരണവും നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഉത്തരവിറക്കി.
ഇതിന് പുറമേ ആറ് മരുന്നുകളുടെ നിര്‍മ്മാണവും, വില്‍പനയും വിതരണവും ഉപാധികള്‍ക്ക് വിധേയമായി നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. 1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് നിയമത്തിലെ സെക്ഷന്‍ 26എ പ്രകാരമാണ് നിരോധനം. സെപ്റ്റംബര്‍ ഏഴിനാണ് ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ആ വിജ്ഞാപനം ഇതിനോടകം പ്രാബല്യത്തില്‍ വരികയും ചെയ്തു.
ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2016ല്‍ 349 മരുന്നു സംയുക്തങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ മരുന്നു നിര്‍മ്മാണ കമ്പനികള്‍ വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് ഇക്കാര്യം പരിശോധിച്ച് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ 328 മരുന്നു സംയുക്തങ്ങള്‍നിരോധിച്ചത്.