ഓരോ രണ്ട് മിനിറ്റിലും മൂന്ന് കുഞ്ഞുങ്ങള്‍ മരിക്കുന്നു ; ശിശുമരണ നിരക്കില്‍ ഇന്ത്യ ഒന്നാമത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th September 2018 09:04 PM |
Last Updated: 18th September 2018 09:04 PM | A+A A- |
ലോകത്ത് ശിശുമരണ നിരക്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഓരോ രണ്ട് മിനിറ്റിലും മൂന്ന് നവജാതശിശുക്കള്‍ മരിക്കുന്നുണ്ടെന്നാണ് സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കുടിവെള്ളം, ശുചിത്വം, മതിയായ പോഷകാഹാരം, അടിസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ എന്നിവ ലഭിക്കാതെയാണ് കുഞ്ഞുങ്ങള്‍ മരണമടയുന്നതെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഏജന്‍സി ഗ്രൂപ് ഫോര്‍ ചൈല്‍ഡ് മോര്‍ട്ടാലിറ്റി എസ്റ്റിമേഷന്റേതാണ് റിപ്പോര്‍ട്ട്.
2017 ല്‍ മാത്രം 8,02,000 ശിശുമരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും ലോകത്ത് ഒന്നാം സ്ഥാനത്ത് ഇപ്പോഴും ഇന്ത്യയാണ്. രണ്ടാമത് ചൈനയാണ്. 3,30000 കുഞ്ഞുങ്ങളാണ് കഴിഞ്ഞ വര്‍ഷം ചൈനയില്‍ മരിച്ചത്. ലോകത്ത് ജനിക്കുന്ന കുട്ടികളുടെ 18 ശതമാനവും ഇന്ത്യയില്‍ നിന്നാണ് എന്നത് കൊണ്ട് തന്നെ ശിശുമരണങ്ങളെ ഗൗരവമായി കാണേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കുട്ടികള്‍ക്ക് ആരോഗ്യത്തോടെ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ നല്‍കണമെന്നും പ്രസവം, ശിശുപരിചരണം ഇവ അംഗീകൃത ആശുപത്രികളിലേക്ക് മാറ്റുന്നത് വഴിയും ശിശുമരണ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നാണ് സംഘടനയുടെ നിര്‍ദ്ദേശം.