മടിയന്മാര്‍ക്കാണോ സ്‌ട്രോക്ക് വരുന്നത്? ദിവസവും 35 മിനിറ്റ് നടക്കൂ, സ്‌ട്രോക്ക് ഒഴിവാക്കാമെന്നു പഠനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th September 2018 03:39 PM |
Last Updated: 20th September 2018 03:39 PM | A+A A- |
ദിവസവും 35 മിനിറ്റ് നടത്തം ശീലിച്ചാല്‍ സ്‌ട്രോക്ക് ഒഴിവാക്കാമെന്ന് പഠന റിപ്പോര്‍ട്ട്. മടിപിടിച്ചിരിക്കുന്നവരെ അപേക്ഷിച്ച് ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ നീന്തുന്നവര്‍ക്കും നടക്കുന്നവര്‍ക്കും സ്‌ട്രോക്കിനുള്ള സാധ്യതകള്‍ തുലോം കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
മനുഷ്യരില്‍ പെട്ടെന്ന് വൈകല്യങ്ങളുണ്ടാവുന്നതില്‍ പ്രധാന കാരണം സ്‌ട്രോക്ക് ആണ്. ശാരീരിക വ്യായാമങ്ങളിലൂടെ ഇതിനെ മറികടക്കാനാവുമെന്നാണ് പഠനം തെളിയിക്കുന്നതെന്നും ഓരോ ദിവസവും ചെറിയ രീതിയില്‍ ചെയ്യുന്ന വ്യായാമത്തിന് വലിയ രോഗാവസ്ഥയെ ചെറുക്കാന്‍ സാധിക്കുമെന്നത് സന്തോഷകരമായ കണ്ടുപിടിത്തമാണ് എന്നും പഠനം നടത്തിയ കത്രീന സന്നര്‍ഹാഗന്‍ പറഞ്ഞു.
ആഴ്ചയില്‍ നാല് മണിക്കൂറെങ്കിലും ആരോഗ്യമുള്ള ഒരു മനുഷ്യന്‍ നടക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. സ്‌ട്രോക്ക് ഉണ്ടായവരില്‍ പകുതിയിലേറെ പേരും ശാരീരിക വ്യായാമങ്ങള്‍ കൂടാതെ അലസമായി ഇരുന്നവരാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. പ്രായമേറും തോറും ശരീരത്തിന് കൂടുതല്‍ വ്യായാമം ആവശ്യമായി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.