ഇനി നിറം മാറില്ല ; 'പര്‍പ്പിള്‍' ഓറഞ്ചിന്റെ രഹസ്യം ഒടുവില്‍ ശാസ്ത്രലോകം കണ്ടെത്തി...
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th September 2018 11:09 AM |
Last Updated: 30th September 2018 11:10 AM | A+A A- |
ബ്രിസ്‌ബെയ്ന്‍: ഓറഞ്ചിന് എങ്ങനെയാണ് ഒറ്റ രാത്രി കൊണ്ട് പര്‍പ്പിള്‍ നിറം വന്നതെന്ന ചോദ്യത്തിന് ശാസ്ത്രജ്ഞന്‍മാര്‍ ഒടുവില്‍ ഉത്തരം കണ്ടെത്തി. രണ്ട് വയസുകാരന്‍ മകന് നല്‍കാന്‍ മുറിച്ച ഓറഞ്ച് 'പര്‍പ്പിള്‍' നിറമായ വിവരം അമ്മ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത് ലോക വ്യാപകമായി ചര്‍ച്ചയായിരുന്നു.
ഓറഞ്ച് മുറിക്കാനുപയോഗിച്ച കത്തിയില്‍ ഇരുമ്പിന്റെ അംശം കണ്ടെത്തിയതോടെയാണ് തലപുകച്ചാലോചിച്ച ചോദ്യത്തിന് ഉത്തരമായത്. കത്തിയിലുണ്ടായിരുന്ന ഇരുമ്പ് ഓറഞ്ചുമായി രാസപ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിന്റെ ഫലമായാണ് ഓറഞ്ച് പര്‍പ്പിളായി നിറം മാറിയത്. ഇത് ആരോഗ്യത്തിന് ഹാനികരമല്ലെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.
ഓറഞ്ച് പര്‍പ്പിളായി മാറിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അധികൃതരെത്തിയാണ് പരിശോധനയ്ക്കായി ഇത് കൊണ്ടു പോയത്.
ട്വിറ്ററില്‍ വലിയ പ്രതികരണമാണ് നിറംമാറ്റ രഹസ്യം കണ്ടെത്തിയതോടെ ഉണ്ടായത്. മൂര്‍ച്ച കൂട്ടിക്കഴിഞ്ഞാല്‍ കത്തി വെള്ളമൊഴിച്ച് കഴുകണമെന്നും, പര്‍പ്പിള്‍ ആണ് പുതിയ ഓറഞ്ചെന്നും, ഇനി ഓറഞ്ചിന് ആശ്വസിക്കാം എന്നുമെല്ലാമായിരുന്നു ട്വിറ്ററേനിയന്‍സിന്റെ ട്വീറ്റുകള്‍.