നീണ്ടുനില്‍ക്കുന്ന മാനസികസമ്മര്‍ദ്ദം നിങ്ങളെ സ്തനാര്‍ബുദത്തിലേക്ക് എത്തിക്കും? പഠനം

അര്‍ബുദം ബാധിച്ചവരില്‍ ഭൂരിഭാഗവും ഉത്കണ്ഠ, നൈരാശ്യം, ഭയം തുടങ്ങിയ വികാരങ്ങളിലൂടെ കടന്നുപോകുന്നവരായിരിക്കും.
നീണ്ടുനില്‍ക്കുന്ന മാനസികസമ്മര്‍ദ്ദം നിങ്ങളെ സ്തനാര്‍ബുദത്തിലേക്ക് എത്തിക്കും? പഠനം

മിക്ക മാനസിക പ്രശ്‌നങ്ങളും പിന്നീട് ശാരീരിക പ്രശ്‌നങ്ങളില്‍ എത്തി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. മനുഷ്യ മനസും ശരീരവും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ പ്രകടമാകുന്നത്. നീണ്ടുനില്‍ക്കുന്ന മാനസികസമ്മര്‍ദം സ്തനാര്‍ബുദത്തിലേക്ക് നയിക്കുമെന്ന് തെളിയിക്കുന്ന പഠനവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ഗവേഷകര്‍.

അര്‍ബുദ ചികിത്സയില്‍ തന്നെ നിര്‍ണായകമാവുന്നതാണീ പഠനം. ഉയര്‍ന്ന മാനസികസമ്മര്‍ദം ശരീരത്തില്‍ അഡ്രിനാലിന്‍ ഹോര്‍മോണ്‍ വര്‍ധിപ്പിക്കുന്നു. ഇത് ലാക്‌റ്റേറ്റ് ഡീഹൈഡ്രോജെനേസ് എ(എല്‍ഡിഎച്ച്എ) എന്ന രാസാഗ്‌നിയുടെയും സ്തനാര്‍ബുദ മൂലകോശങ്ങളുടെയും ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി.

അര്‍ബുദം ബാധിച്ചവരില്‍ ഭൂരിഭാഗവും ഉത്കണ്ഠ, നൈരാശ്യം, ഭയം തുടങ്ങിയ വികാരങ്ങളിലൂടെ കടന്നുപോകുന്നവരായിരിക്കും. ഇത്തരം വികാരങ്ങള്‍ അര്‍ബുദമുഴകള്‍ വളരുന്നതിനും രോഗം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്നതിനും കാരണമാകും. 

എന്നാല്‍, ദീര്‍ഘകാലമായുള്ള മാനസികസമ്മര്‍ദം അര്‍ബുദരോഗമുണ്ടാക്കുന്നതെങ്ങനെയെന്ന് ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. ചൈനയിലെ ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇപ്പോള്‍ ഈ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്. 

എല്‍ഡിഎച്ച്എ ലക്ഷ്യമിട്ടുള്ള മരുന്നു പരീക്ഷണത്തില്‍ അതിയായ മാനസിക സമ്മര്‍ദത്തിന്റെ ഫലമായുണ്ടാകുന്ന അര്‍ബുദമൂലകോശങ്ങളെ വിറ്റാമിന്‍ സി ദുര്‍ബലപ്പെടുത്തുന്നതായും കണ്ടെത്താന്‍ കഴിഞ്ഞു. മാനസികസമ്മര്‍ദവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന സ്തനാര്‍ബുദത്തിന്റെ ചികിത്സയ്ക്ക് ഈ കണ്ടുപിടിത്തം ഫലപ്രദമാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com