380 ഗ്രാം ഭാരം, കൈപ്പത്തിയോളം വലുപ്പം; ആറാം മാസത്തിൽ ജനിച്ച കുഞ്ഞു കാശ്‍വിയെ 'വളർത്തിയെടുത്ത്' ഡോക്ടർമാർ 

കരയാതെ, ശ്വസിക്കാൻ പോലുമാകാതെയാണ് അവൾ ഭൂമിയിലേക്കെത്തിയത്
380 ഗ്രാം ഭാരം, കൈപ്പത്തിയോളം വലുപ്പം; ആറാം മാസത്തിൽ ജനിച്ച കുഞ്ഞു കാശ്‍വിയെ 'വളർത്തിയെടുത്ത്' ഡോക്ടർമാർ 

കുഞ്ഞു കാശ്‍വി ജനിച്ചത് 23-ാം ആഴ്ചയിലായിരുന്നു. ജനിക്കുമ്പോൾ ഒരു കൈപ്പത്തിയോളം മാത്രം വലുപ്പം. ഭാരമാകട്ടെ വെറും 380 ഗ്രാം. കാശ്‍വി ജീവിതത്തിലേയ്ക്ക് പിച്ച വെയ്ക്കാൻ വെറും ഒരു ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്നായിരുന്നു ഡോക്ടർമാരുടെ വാക്കുകൾ. കരയാതെ, ശ്വസിക്കാൻ പോലുമാകാതെയാണ് അവൾ ഭൂമിയിലേക്കെത്തിയത്. ജനിച്ച് മൂന്നു മാസങ്ങൾക്കിപ്പുറം ആ കുഞ്ഞ് 1.6 കിലോയിലേക്ക് വളർന്നിരിക്കുന്നു. 

വൈദ്യശാസ്ത്രത്തിന്റെ നേട്ടമെന്നാണ് ഇതിനെ എറണാകുളം ലൂർദ് ആശുപത്രിയിലെ നവജാത ശിശുരോഗ വിദഗ്ദ്ധൻ ഡോ. റോജോ ജോയ് വിശേഷിപ്പിക്കുന്നത്. ലൂർദ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം മെഡിക്കൽ വിദ്യാർഥി ഡോ. ദിഗ്‍വിജയുടെയും ശിവാങ്കിയുടെയും മകളാണ് കാശ്‍വി. 

മേയ് ഒന്നിനായിരുന്നു കാശ്‍വിയുടെ ജനനം. വയറുവേദന അനുഭവപ്പെട്ടതിനെതുടർന്നാണ് ശിവാങ്കിലെ ആറാം മാസത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സങ്കീർണതകൾ ഏറെയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കുഞ്ഞിനെ പുറത്തെടുക്കാൻ തീരുമാനിച്ചത്. ഇതിനുമുൻപ് മൂന്നുപ്രാവശ്യം ഗർഭം അലസിയതുൾപ്പെടെ കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. 

അമ്മയുടെ വയറിനകത്തെന്ന പോലെ പരിരക്ഷ പുറത്തൊരുക്കിയായിരുന്നു കാശ്വിയുടെ പരിചരണം. ട്യൂബ് വഴി കൃത്രിമ ശ്വാസം നൽകി. ആന്തരികാവയവങ്ങളുടെ പരിചരണത്തിലും പ്രത്യേകം ശ്രദ്ധ നൽകി. അമ്മയുടെ മുലപ്പാൽ തന്നെ നൽകാനും ശ്രദ്ധിച്ചു. 16 ദിവസം വെന്റിലേറ്ററിൽ പരിചരിച്ച കുഞ്ഞ് സ്വയം ശ്വാസമെടുക്കുന്നുവെന്ന് ഉറപ്പുവരുത്തിയശേഷം നവജാത ശിശുക്കൾക്കുള്ള ഐസിയുവിലേക്ക് മാറ്റി. ഈ മാസം ഏഴാം തിയതിയാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. തുടർച്ചയായ ഇടവേളകളിൽ  ഇനിയും പരിശോധനകളുണ്ട്.

കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞായിരുന്നു കാശ്‍വിയെന്നു ഡോ. റോജോ പറയുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലും ദക്ഷിണേഷ്യയിലും ഭാരക്കുറവിൽ രണ്ടാം സ്ഥാനമാണ് കാശ്‍വിക്കെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com