ജനിതകരോഗത്തിന് പൊന്‍കാര ചികിത്സ; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; അശാസ്ത്രീയ ചികിത്സാരീതിക്കെതിരെ വിമര്‍ശനം, കുറിപ്പ് 

അശാസ്ത്രീയമായ ചികിത്സാരീതി സ്വീകരിച്ചതുവഴി അതീവ ഗുരുതരാവസ്ഥയിലായ ഒന്നരവയസ്സുകാരന്‍ മരിച്ചു
ജനിതകരോഗത്തിന് പൊന്‍കാര ചികിത്സ; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; അശാസ്ത്രീയ ചികിത്സാരീതിക്കെതിരെ വിമര്‍ശനം, കുറിപ്പ് 

കൊച്ചി:  അശാസ്ത്രീയ ചികിത്സാരീതി സ്വീകരിച്ചതുവഴി അതീവ ഗുരുതരാവസ്ഥയിലായ ഒന്നരവയസ്സുകാരന്‍ മരിച്ചു. പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞാണ് അശാസ്ത്രീയ ചികിത്സാരീതി അവലംബിച്ചതുവഴി മരിച്ചതെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. 

അശാസ്ത്രീയ ചികിത്സാരീതികള്‍ തേടിപ്പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച അനുഭവകുറിപ്പിലാണ് ഒന്നരവയസ്സുകാരന്റെ ദാരണുമരണം വിവരിക്കുന്നത്. പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്നു കുട്ടി. അമൃത മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും അധികമാകാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്ന മരുന്ന് കുറിച്ചുകൊടുത്തു. ഇടയ്ക്ക് വരുന്ന ജലദോഷം, പനി എന്നിവ ഒഴിച്ച് മറ്റ് പ്രശ്‌നങ്ങളില്ലാതെ ഒരു വര്‍ഷം കഴിഞ്ഞു. തുടര്‍ന്ന് മോഹനന്‍ വൈദ്യരുടെ ചികിത്സ തേടിയതോടെയാണ് കുട്ടിയുടെ നില വഷളായതെന്ന് ഡോക്ടറുടെ കുറിപ്പില്‍ പറയുന്നു.

കുട്ടിക്ക് പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമില്ലെന്നും കുട്ടിക്ക് ഓട്ടിസം ആണെന്നും മോഹനന്‍ വൈദ്യന്‍ നിര്‍ദേശിച്ചു. ചികിത്സ തുടങ്ങുന്നതിനു മുന്‍പ് മറ്റെല്ലാം മരുന്നും നിര്‍ത്തണമെന്നും നാടന്‍ നെല്ലിക്ക നീരും , പൊന്‍കാരവും മരുന്നായി ഉപയോഗിച്ചാല്‍ മതിയെന്നും മോഹനന്‍ വൈദ്യര്‍ നിര്‍ദേശിച്ചതായി കുറിപ്പില്‍ പറയുന്നു.

തുടര്‍ന്ന്  മരുന്നെല്ലാം നിര്‍ത്തിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളാകാന്‍ തുടങ്ങി. അതിന്റെ ബാക്കി പത്രമായി ഒരാഴ്ച്ചയായി പനിയും , ചുമയും മൂര്‍ച്ഛിച്ച കുട്ടിക്ക് ശ്വാസം എടുക്കുന്നത് ബുദ്ധിമുട്ടായി തുടങ്ങി. അങ്ങനെ കുട്ടിയെ കൊല്ലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴി രോഗം മൂര്‍ച്ഛിക്കുകയും പീന്നിട് കുട്ടി മരിക്കുകയുമായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു

'ദയവ് ചെയ്ത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മോഹന, വടക്കന്‍മാരുടെ ചികിത്സക്കായി കാത്തു നില്ക്കരുത് .അശാസ്ത്രീയതക്ക് ശാസ്ത്രീയ മുഖം നല്‍കി ജനങ്ങളെ വഞ്ചിക്കുന്ന ഇജാതി സാധനങ്ങളെ അഴിക്കുള്ളിലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു .'- ഡോക്ടര്‍ വിപിന്‍ കളത്തില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം ഐ സി യു ഡ്യൂട്ടിയില്‍ അമല മെഡിക്കല്‍ കോളേജില്‍ നിന്നും അതീവ ഗുരുതരാവസ്ഥയില്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒന്നര വയസായ ഒരു കുട്ടിയെ രാത്രിയില്‍ റഫര്‍ ചെയ്യുകയുണ്ടായി . റഫര്‍ ചെയ്യുന്നതിനു മുന്നെ അറിയിച്ച വിവരങ്ങളില്‍ കുട്ടിക്ക് പ്രൊപ്പിയോണിക്ക് അസിഡീമിയ ( Propionic Acidemia ) എന്ന രോഗമാണെന്നും , കുഴപ്പമില്ലാതെ പോകുന്നതിനിടയില്‍ കഴിഞ്ഞ നാല് മാസമായി ആയുര്‍വേദ ട്രീറ്റ്‌മെന്റ് തുടങ്ങി , മറ്റുളള മോഡേണ്‍ മെഡിസിന്‍ എല്ലാം നിര്‍ത്തി , അസുഖം കൂടുതലായി അമലയില്‍ ചികിത്സ തേടി , സാമ്പത്തിക ബുദ്ധിമുട്ട് കാരണം നമ്മുടെ മെഡിക്കല്‍ കോളേജിലോട്ട് വിടുകയാണ് . അന്നാണേല്‍ ഐ സി യു ഫുളളും , 2 വെന്റി യും 
സ്വാഭാവികമായി ഞാന്‍ ആയുര്‍വേദ്ദത്തെ കുറേ പഴിച്ചു . ഏതാണ്ട് രാത്രി 8 മണിയോടു കൂടി കുട്ടി എത്തി. എത്തുമ്പോള്‍ തന്നെ 
പരിശോധനയില്‍ ശരീരോഷ്മാവ് കുറഞ്ഞിരിക്കുന്നു ( Hypothermia), പ്രഷര്‍ കുറവായിരുന്നു ( Low BP ) , രക്ത ഓട്ടം കുറഞ്ഞ് ചെറിയ തോതില്‍ നീല കളര്‍ ( cyanosis ) കണ്ടുതുടങ്ങിയിരിക്കുന്നു . ശ്വസനം അസിഡോറ്റിക്ക് പോലെയും ( Acidotic Breathing )
കുട്ടിയെ നമ്മുക്ക് വെന്റിലേറ്റ് ചെയ്യേണ്ടി വന്നു . കുട്ടിയുടെ ആദ്യഘട്ട രക്ത പരിശോദന ഫലം Severe Metabolic Acidosis with Hypokalemia ആയിരുന്നു . എമര്‍ജന്‍സി ട്രീറ്റ്‌മെന്റിനു ശേഷം ഏകദേശം 12 മണിക്ക് ഹിസ്റ്ററി എടുക്കാന്‍ ഉമ്മയെ വിളിച്ചു . 
കുട്ടിയ്ക്ക് 28 ന്റെ അന്നു തുടങ്ങി പാലുകുടി കുറവ് ( decreased feeding ), കളി കുറവ് ( Decreased Activtiy ), ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ചര്‍ദ്ദി persistent vomiting എന്നിവ കണ്ടതിനെ തുടര്‍ന്ന് അമൃത മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്ദ പരിശോദനയില്‍ കുട്ടിയ്ക്ക് പ്രൊപ്പിയോണിക്ക് അസീഡീ മിയ എന്ന ജനിതക രോഗമാണെന്നും ( Included Under Inborn errors of Metabolism ) പൂര്‍ണമായി ചികിത്സിച്ച് ഭേതമക്കാന്‍ സാധിക്കില്ല എന്നും , പക്ഷേ അധികമാകാതെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്ന മരുന്ന് കുറിച്ച് കൊടുത്തു . ഇടയ്ക്ക് വരുന്ന ജലദോഷം , പനി എന്നിവ അല്ലാതെ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ കൂടാതെ ഒരു വര്‍ഷം കഴിഞ്ഞു . 
അപ്പോഴാണ് പ്രമുഖ ഫേസൂക്ക് നന്മ മരത്തിന്റെ ഉപദേശപ്രകാരം ' നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യരെ' കാണാന്‍ പോകുന്നത് . 
ഉമ്മയുടെ വാക്കുകളിലൂടെ '' കൊല്ലത്ത് ഉള്ള ചികിത്സാ കേന്ദ്രത്തില്‍ ആണ് പോയത് , ആദ്യ തവണ പോകമ്പോള്‍ 100 രൂപ ഫീസായി നല്കണം പിന്നീട് ഒരിക്കലും കണ്‍സട്ടേഷന്‍ ഫീ വേണ്ട , മരുന്നിന് മാത്രം മതി , അത് 10 ദിവസം കൂടുമ്പോള്‍ വരണം , മരുന്നിന് 1000 രൂപയ്ക്ക് അടുത്ത് വരും ഒരോ തവണയും . മുന്‍പുള്ള ഒരു റീപ്പോര്‍ട്ട് പോലും നോക്കാതെ പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമില്ലെന്നും ( പറയുന്നത് പത്താം ക്ലാസ് പാസാവാത്ത ചെങ്ങായി ) കുട്ടിയ്ക്ക് ഓട്ടിസം ആണെന്നും . ചികിത്സ തുടങ്ങുന്നതിനു മുന്‍പ് മറ്റെല്ലാം മരുന്നും നിര്‍ത്തണം , ചികിത്സയുടെ ഭാഗമായി നല്‍കിയത് നാടന്‍ നെല്ലിക്ക നീരും , പൊന്‍കാരം ( Tankan Bhasma ) എന്ന മെഡിസിനും ''

പ്രമുഖ വൈദ്യന്റെ വാക്ക് കേട്ട് മരുന്നെല്ലാം നിര്‍ത്തി , പ്രശ്‌നങ്ങള്‍ വഷളാകാന്‍ തുടങ്ങി അതിന്റെ ബാക്കി പത്രമായി ഒരാഴ്ച്ചയായി പനിയും , ചുമയും മൂര്‍ച്ചിച്ച് ശ്വാസം എടുക്കുന്നത് കൂടുവാന്‍ തുടങ്ങി , അങ്ങനെ കുട്ടിയെ കൊല്ലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴി രോഗം മൂര്‍ച്ചിച്ചതിനാല്‍ അമലയില്‍ ഇറക്കുവായിരുന്നു ..( Severe Metabolic Crisis )

കുട്ടിയുടെ അവസ്ഥ മെച്ചപ്പെടാത്തതിനാല്‍ കേസ് പുരുഷോത്തമന്‍ സാറുമായി ( Purushothaman Kuzhikkathukandiyil ) ഡിസ്‌കസ് ചെയ്യുകയും , രാവിലെ തന്നെ പെരിട്ടോണിയല്‍ ഡയാലിസിസ് ( Peritoneal Dialysis -PD ) ചെയ്യാന്‍ നിര്‍ദേശിച്ചു , പ്രകാരം PD തുടങ്ങി .. പക്ഷേ ഉച്ചയോടു കൂടി അവസ്ഥ മോശമാകുകയും , പ്രഷര്‍ താഴ്ന്ന് മരുന്നുകള്‍ക്ക് പ്രതികരികാത്ത അവസ്ഥയിലോട്ട് നീങ്ങുകയും കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു .

ക്രമമായ ഭക്ഷണക്രമത്തിലൂടെയും ( പ്രോട്ടിന്‍ കുറച്ച്) കുറിച്ച മരുന്നുകളിലൂടെയും( ബയോട്ടിന്‍ , കാര്‍നിട്ടിന്‍ , സോഡിയം ബെന്‍സോവേറ്റ് ) ഒരു പരിധി വരെ മുന്‍പോട്ട് പോകമായിരുന്ന അവസ്ഥയെ ഇത്ര പെട്ടന്ന് മരണത്തിലേട്ട് തളളിവിട്ടത് മോഹനന്‍ ന്റെ ചികിത്സ ഒന്നു മാത്രമാണെന്നന്ന് നിസ്സംശയം പറയാം .ഡിഗ്രി വരെ പഠിച്ച ആ ഉമ്മ വരെ ഈ തട്ടിപ്പില്‍ വീണ പോയിട്ടുണ്ടെങ്കില്‍ ബാക്കിയുള്ളവരുടെ അവസ്ഥ നമ്മുക്ക് ഊഹിക്കാം .ഇത് ഒരു ഉദാഹരണം മാത്രമാണ് ഇങ്ങനെ എത്ര ആളുകളാണ് ദിനം പ്രതി കല്ലായും കാന്‍സറായും പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് !!
എന്റെ സുഹൃത്തുക്കളോട് ഒന്നേ പറയാന്‍ ഉള്ളൂ . ദയവ് ചെയ്ത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മോഹന വടക്കന്‍മാരുടെ ചികിത്സക്കായി കാത്തു നില്ക്കരുത് .അശാസ്ത്രീയതക്ക് ശാസ്ത്രീയ മുഖം നല്‍കി ജനങ്ങളെ വഞ്ചിക്കുന്ന ഇജാതി സാധനങ്ങളെ അഴിക്കുള്ളിലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു .

ഇനി എന്റെ ആയുര്‍വേദ ഡോക്ടര്‍ സുഹൃത്തക്കളോടാണ് , നിങ്ങള്‍ പറയൂ മുകളില്‍ പറഞ്ഞ അസുഖത്തിന് പൊന്‍കാരം എങ്ങനെ ഉപകാരപ്പെടും ?
അന്വേഷിച്ചതില്‍ ചുമ, ആസ്മ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ബോറാക്‌സ് ഗണത്തില്‍ ഉള്‍പ്പെടുന്നതാണ് ഇതെന്ന് കണ്ടു . 
രസ മെഡിസിനില്‍ വരുന്ന ഈ മരുന്ന് കൊടുത്ത് മെഡിസിന്‍ വിദ്യാഭ്യാസം തൊട്ടു തീണ്ടാത്ത അയാള്‍ ചികിത്സിക്കത്ത തെങ്ങനെ ?
നിങ്ങളുടെ പേരും പറഞ്ഞ് (എന്നിട്ട് പറയപ്പെടുന്നത് നാട്ടുവൈദ്യം ) നടത്തുന്ന തട്ടിപ്പിനെതിരെ പ്രതികരിക്കേണ്ടത് നിങ്ങളുടെ കൂടെ കടമയാണ് .
പ്രെപ്പയോണിക്ക് അസിഡീമിയയെ സംബന്ധിച്ച വിവരം താഴെ ലിങ്കില്‍ ഉണ്ട് ?

ആയുര്‍വേദ്ദത്തില്‍ ഉപയോഗിക്കുന്ന പൊന്‍കാരത്തെ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയത് ഡോ വന്ദന ഡോ .ആരതി , ഡോ സുജിത്ത് ( Arathi Gangadhar , Vandana Pannikkottil , Vaidya Sujith M Sudheer ) 
( വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു )

നാട്ടുവൈദ്യം ആനയാണ് , മാങ്ങയാണ് എന്ന് പറഞ്ഞ് പോസ്റ്റിനടിയില്‍ മോങ്ങുന്ന മോഹന ,വടക്ക ഫാന്‍സുകള്‍ അകലം പാലിക്കുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com