മുരിങ്ങ 'സൂപ്പറാ'ണെന്ന് സായിപ്പ് ; ഇതൊക്കെ ഞങ്ങള്‍ നേരത്തേ മനസിലാക്കിയിട്ടുണ്ടെന്ന് ഇന്ത്യക്കാര്‍, ട്വിറ്റര്‍ 'മുരിങ്ങ മയം'

വെള്ളം ശുദ്ധിയാക്കാനും വളമായും രോഗങ്ങളെ ചെറുക്കാനും ആരോഗ്യം നിലനിര്‍ത്താനുമെല്ലാം മുരിങ്ങ നല്ലതാണെന്നാണ് വീഡിയോ
മുരിങ്ങ 'സൂപ്പറാ'ണെന്ന് സായിപ്പ് ; ഇതൊക്കെ ഞങ്ങള്‍ നേരത്തേ മനസിലാക്കിയിട്ടുണ്ടെന്ന് ഇന്ത്യക്കാര്‍, ട്വിറ്റര്‍ 'മുരിങ്ങ മയം'

മുരിങ്ങയെ ചൊല്ലി രണ്ട് തട്ടിലായിരിക്കുകയാണ് ട്വിറ്ററേനിയന്‍സ്. വരും കാലത്തിന്റെ സൂപ്പര്‍ ഫുഡായിരിക്കും മുരിങ്ങയെന്ന ഉള്ളടക്കത്തോടെ ലോക സാമ്പത്തിക ഫോറം പുറത്ത് വിട്ട വീഡിയോയാണ് ട്വിറ്ററിനെ മുരിങ്ങയില്‍ മുക്കിയത്.  പ്രത്യേകിച്ച് കഷ്ടപ്പാടുകളൊന്നുമില്ലാതെ വളര്‍ത്താന്‍ സാധിക്കുന്ന മുരിങ്ങയുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചു കൊണ്ട് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ സഹായത്തോടെയാണ് ഡബ്ല്യുഇഎഫ് വീഡിയോ തയ്യാറാക്കിയത്.

വെള്ളം ശുദ്ധിയാക്കാനും വളമായും രോഗങ്ങളെ ചെറുക്കാനും ആരോഗ്യം നിലനിര്‍ത്താനുമെല്ലാം മുരിങ്ങ നല്ലതാണെന്നാണ് വീഡിയോ പറയുന്നത്. പ്രമേഹത്തിനും കൊളസ്‌ട്രോളിനും മറ്റ് അസുഖങ്ങള്‍ക്കുമുള്ള മരുന്ന് ഇതില്‍ നിന്ന് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. സാമ്പാറിലും അവിയലിലും എന്ന് വേണ്ട മീന്‍ കറിയില്‍ വരെ മുരിങ്ങക്കായ ചേര്‍ക്കുന്ന ഇന്ത്യാക്കാരുടെ കയ്യിലാണ് ഈ വീഡിയോ കിട്ടിയത്. പിന്നീടെല്ലാം ശുഭം. സര്‍വകലാശാലയ്ക്ക് അറിയാത്ത ഗുണങ്ങള്‍ വരെ അങ്ങോട്ട് പഠിപ്പിച്ച് കൊടുത്തിട്ടാണ് ഇന്ത്യയില്‍ നിന്നുള്ള ട്വിറ്ററൈറ്റീസ് അടങ്ങിയത്. 

തെക്കെയിന്ത്യയിലെ പ്രത്യേകിച്ചും തമിഴ്‌നാട്ടിലെയും കേരളത്തിലെയും എല്ലാ വീടുകളിലും മുരിങ്ങയുണ്ടെന്നും ഇലയും പൂവും കായും തൊലിയും വരെ ഔഷധഗുണമുള്ളതാണെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇനിയും മുരിങ്ങയുടെ ഗുണം പഠിപ്പിക്കാന്‍ വന്നാല്‍ മുരിങ്ങ മരത്തില്‍ 'പ്രേതങ്ങള്‍' ഉണ്ടെന്നും അത് പിടിക്കുമെന്നും ചില വിരുതന്‍മാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com