ഇന്ത്യയില്‍ ദിവസവും 26,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം; മുന്നില്‍ മെട്രോ നഗരങ്ങള്‍

ഓരോ ദിവസവും ഇന്ത്യ 25,940 ടണ്‍ പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യയില്‍ ദിവസവും 26,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം; മുന്നില്‍ മെട്രോ നഗരങ്ങള്‍

ന്യൂഡല്‍ഹി:  ഓരോ ദിവസവും ഇന്ത്യ 25,940 ടണ്‍ പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ 40 ശതമാനവും വഴിയില്‍ ഉപേക്ഷിക്കപ്പെടുന്നുവെന്നും ഇത് നദികളെയും ഡ്രെയിനേജ് സംവിധാനങ്ങളെയും ശ്വാസംമുട്ടിക്കുന്നതായും കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൈവികമായി വിഘടിക്കാത്ത, ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് മാലിന്യവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ 60 നഗരങ്ങളില്‍ കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ , ബംഗലൂരു തുടങ്ങിയ നഗരങ്ങളാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുഖ്യമായി സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നദികളുടെയും ഡ്രെയിനേജ് സംവിധാനങ്ങളുടെയും തകര്‍ച്ചയ്ക്ക് ഇടയാക്കുന്ന പ്ലാസ്റ്റിക് മാലിന്യം കടലിന്റെ ആവാസവ്യവസ്ഥയെയും മണ്ണ്, ജലം എന്നിവ മലിനമാകുന്നതിനും കാരണമാകുന്നു. ആത്യന്തികമായി മനുഷ്യന്റെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ 2022 ഓടേ പൂര്‍ണമായി ഉപേക്ഷിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകളുടെ അളവിലുണ്ടായ വര്‍ധന ഈ ലക്ഷ്യത്തിന് ഭീഷണിയാണെന്നാണ് വിലയിരുത്തല്‍. അതിനാല്‍  ഇവ നിരോധിക്കാനുളള നടപടികള്‍  സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് പരിസ്ഥിതിമന്ത്രാലയം നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com