ഫ്രൈഡ് ചിക്കന്‍ ആരോഗ്യത്തിന് അത്ര 'ക്രിസ്പി'യാവില്ല ; സ്ത്രീകളിലെ മരണനിരക്ക് കൂട്ടുന്നു !
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th January 2019 05:24 PM |
Last Updated: 24th January 2019 05:24 PM | A+A A- |
ഓട്‌സില്‍ മുക്കിപ്പൊരിച്ചെടുത്ത ക്രിസ്പി ചിക്കന്‍ കഷ്ണങ്ങള്‍ മയണൈസ് ചേര്‍ത്ത് കഴിക്കുന്നത് ഓര്‍ക്കുമ്പോഴേ വായില്‍ വെള്ളമൂറുന്നുണ്ടോ? എന്നാല്‍ ഇങ്ങനെ അകത്താക്കുന്ന ഫ്രൈഡ് ചിക്കന്‍ ഹൃദയത്തിനത്ര ക്രിസ്പിയാവില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 50 കടന്ന സ്ത്രീകള്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും ഡോക്ടര്‍മാരുടെ സംഘം പറയുന്നു.
ഫ്രൈഡ് ചിക്കനും മീന്‍ വിഭവങ്ങളും കഴിക്കുന്ന സ്ത്രീകളെയും അല്ലാത്ത സ്ത്രീകളെയുമാണ് പഠനത്തിന് വിധേയരാക്കിയത്. ആര്‍ത്തവിരാമമായ സ്ത്രീകളില്‍ മരണ നിരക്ക് 13 ശതമാനം വരെ ഉയര്‍ത്താന്‍ ഫ്രൈഡ് ചിക്കന്‍ കഴിയുന്നുവെന്നാണ് പഠന ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്. സ്ഥിരമായി കഴിക്കുന്ന സ്ത്രീകളില്‍ റിസ്‌ക് കൂടിയേക്കും.
ഫ്രൈഡ് ചിക്കന്റെയും മീനിന്റെയും ഉപയോഗം ലോക വ്യാപകമായി വര്‍ധിച്ചു വരുന്നുണ്ട്. ഇത് സൃഷ്ടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആണെന്നും പഠനം വിലയിരുത്തുന്നു.
എണ്ണയില്‍ വറുത്ത് കോരുന്ന സാധനങ്ങള്‍ സ്ഥിരം ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നതോടെ പ്രമേഹത്തിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും സാധ്യത വര്‍ധിക്കുകയാണ്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതിനും കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും ഇത്തരം ഭക്ഷണ ശീലങ്ങള്‍ കാരണമാവുന്നുണ്ട്.