നിപ : രോഗം, ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍ എന്തെല്ലാം

1998 ല്‍ മലേഷ്യയിലെ സുങകായ് നിപാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്
നിപ : രോഗം, ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍ എന്തെല്ലാം

കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ രോഗബാധ സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ, സംസ്ഥാനം വീണ്ടും നിപ ഭീതിയിലാണ്. മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധി മരണത്തിന് വരെ കാരണമായേക്കാം. 1998 ല്‍ മലേഷ്യയിലെ സുങകായ് നിപാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതാണ് നിപ എന്ന പേരുവരാന്‍ കാരണം. ഗ്രാമത്തിലെ പന്നിവറത്തല്‍ കര്‍ഷകരിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം. 

രോഗ ലക്ഷണങ്ങള്‍

നാലു മുതല്‍ പതിനെട്ട് ദിവസം വരെയാണ് രോഗം പ്രത്യക്ഷപ്പെടാനുള്ള ഇന്‍കുബേഷന്‍ പീരിയഡ്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങാന്‍ ഇത്രയും ദിവസങ്ങള്‍ വേണ്ടി വരും. പനി, തലവേദന, തലകറക്കം, ബോധക്ഷയം, കണ്ണിന് ചുവപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ്, ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ചില പ്രശ്ങ്ങള്‍ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്

എന്താണ് നിപ വൈറല്‍ പനി ?

പഴങ്ങള്‍ കഴിച്ചു ജീവിക്കുന്ന ചില ഇനം വവ്വാലുകളിലാണ് (fruit bat) ഈ വൈറസ് കാണപ്പെടുന്നത്. ഇത്തരം വവ്വാലുകള്‍ നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകരാണ് (natural carriers). ഈ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, ഉമിനീര് എന്നിങ്ങനെയുള്ള ശരീര സ്രവങ്ങളിലൂടെ വൈറസുകള്‍ പുറത്തേക്കു വ്യാപിക്കും. ഇങ്ങനെ പുറത്തു വരുന്ന വൈറസുകള്‍ പന്നി, പട്ടി, പൂച്ച, കുതിര, ആട് തുടങ്ങിയ മൃഗങ്ങള്‍ക്കു രോഗം വരന്‍ ഇടയാക്കും. ഈ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും രോഗം വ്യാപിക്കാം.

സംശയിക്കേണ്ട പനി?

പനിക്കൊപ്പം പെരുമാറ്റ വ്യത്യാസം, സ്ഥല കാല ബോധമില്ലാത്ത അവസ്ഥ, ബോധക്ഷയം, അപസ്മാരം, എന്നിവ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം ബോധം നഷ്ടപ്പെട്ട് കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. രോഗ ബാധയുള്ള വ്യക്തിയുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയ ഒരാള്‍ക്ക് പനി ബാധിച്ചാല്‍ (പ്രത്യേകിച്ചും ചുമ പോലുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളോടെ) ഉടന്‍ വിദഗ്ധ ചികില്‍സ തേടണം.

വൈറസ് പകരുന്നത്

വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങളിലൂടെയും, വവ്വാലുകളുടെ ശരീര സ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും, രോഗ ബാധയുള്ള വളര്‍ത്തു മൃഗങ്ങളില്‍ നിന്നും മനുഷ്യര്‍ക്ക് രോഗം വരം. രോഗം ബാധിച്ച ഒരാളില്‍ നിന്നും മറ്റു വ്യക്തികളിലേക്കു രോഗം പകരാം. വവ്വാല്‍ കടിച്ച പഴത്തില്‍, ഇതിലെ പഞ്ചസാരയും പുളിയും നല്‍കുന്ന കുറഞ്ഞ സാഹചര്യത്തില്‍ മൂന്നു ദിവസം വരെ നിപ വൈറസിന് ജീവനോട് ഇരിക്കാന്‍ അനുകൂല സാഹചര്യമുണ്ട്. 

ഒരാള്‍ ഈ പഴം കഴിച്ചാല്‍, നിപ വൈറസ് ശ്വാസനാളം വഴി ശ്വാസകോശത്തിലെ രക്തക്കുഴലില്‍ കാണുന്ന എഫ്രിന്‍ ബി-ടുവില്‍ പറ്റിപ്പിടിച്ച് ഉള്ളില്‍ കടക്കുകയും പെരുകുകയും ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗിക്കു തുമ്മലും ചുമയും കടുക്കും. രക്തത്തിലേക്കു പുതിയ നിപകള്‍ എത്തി വൈറീമിയ എന്ന അവസ്ഥയ്ക്കും തുടക്കമിടും. തുടര്‍ന്നു രക്തത്തിലൂടെ യാത്രചെയ്ത് നിപ തലച്ചോറിലെത്തും. തലച്ചോറിലെ നാഡീകോശങ്ങളിലുള്ള എഫ്രിന്‍ ബി-ടുവില്‍ കടന്നു മസ്തിഷ്‌കജ്വരം വരുത്തും.

മുന്‍കരുതലുകള്‍

രോഗിയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് ബാധിക്കുന്നത്. രോഗിയുടെ അടുത്ത് വളരെ നേരം ചെലവഴിക്കുകയും ശരീര സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടാവുകയും ചെയ്യുമ്പോള്‍ മാത്രമേ രോഗം മറ്റൊരാളിലേക്ക് പകരുകയുള്ളു. രോഗിയെ പരിചരിക്കുന്ന ആളുകള്‍ മാസ്‌കും ഗ്ലൗസും ഉപയോഗിക്കുകയും ശരീര സ്രവങ്ങളുമായി ബന്ധപ്പെടുന്ന സാഹചര്യങ്ങളില്‍ വ്യക്തി സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ രോഗം പകരുന്നത് ഒഴിവാക്കാന്‍ സാധിക്കും.

സോപ്പുവെള്ളത്തിലെ ക്ഷാരത്തിന്റെ സാന്നിധ്യത്തില്‍ വൈറസ് നിര്‍ജീവമാകും. 2239 ഡിഗ്രി സെല്‍ഷ്യസാണ് വൈറസിന് അനുകൂലമായ ഊഷ്മാവ്. ഈര്‍പ്പമില്ലാത്ത അവസ്ഥയിലും വൈറസിനു ജീവിക്കാനാകില്ല. രോഗിയുടെ അടുത്തു ചെല്ലുമ്പോള്‍ മൂക്ക്, വായ എന്നിവ മറച്ചു മാസ്‌ക് ധരിക്കുക. കൈകളില്‍ ഗ്ലൗസ് ധരിക്കാം. രോഗിയെ പരിചരിച്ചവര്‍ സോപ്പുകൊണ്ടു കൈ കഴുകണം. ശേഷം സോപ്പ് ഉപയോഗിച്ചു കുളിക്കുന്നതും നിപയെ ഒഴിവാക്കും.

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീര്‍ എന്നിവയിലൂടെ വൈറസ് പകര്‍ച്ച ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. വവ്വാലുകള്‍ കടിച്ച കായ്ഫലങ്ങള്‍ ഭക്ഷിക്കരുത്. 
വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യങ്ങളില്‍ പന്നിയിറച്ചി പരമാവധി ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക തുടങ്ങിയവ ജനങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com