എലിപ്പനി അരികില്‍: ചില മുന്‍കരുതലുകളും ലക്ഷണങ്ങളും

എലി, അണ്ണാന്‍, കന്നുകാലികള്‍ എന്നിവയില്‍ നിന്നെല്ലാം രോഗാണു മനുഷ്യന്റെ ശരീരത്തില്‍ പ്രവേശിക്കാം.
എലിപ്പനി അരികില്‍: ചില മുന്‍കരുതലുകളും ലക്ഷണങ്ങളും

രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും കൂടെ കാലമാണ് മഴക്കാലം. സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചതോടെ ജില്ലയില്‍ എലിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എലിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.   

എലി, അണ്ണാന്‍, കന്നുകാലികള്‍ എന്നിവയില്‍ നിന്നെല്ലാം രോഗാണു മനുഷ്യന്റെ ശരീരത്തില്‍ പ്രവേശിക്കാം. ഇവയുടെ മൂത്രമോ അതുകലര്‍ന്ന മണ്ണോ വെള്ളമോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്.  പനി, തലവേദന, പേശിവേദന, കണ്ണിന് ചുവപ്പ്, ഓക്കാനം തുടങ്ങിയവയാണ് എലിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍.

രോഗം മൂര്‍ച്ഛിച്ചാല്‍ കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം തുടങ്ങിയവയെ ബാധിക്കും. സ്വയം ചികിത്സയ്ക്ക് വിധേയരാകരുതെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എലിപ്പനിക്കുള്ള ചികിത്സ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണമെന്നും നിര്‍ദേശമുണ്ട്. 

കൂടാതെ മലിനജലവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ കൈയ്യുറയും കാലുറയും ഉപയോഗിക്കണം. ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ മലിനമായ വെള്ളം, മണ്ണ് ഇവയുമായി സമ്പര്‍ക്കം ഉണ്ടാകാതെയും ശ്രദ്ധിക്കണം. 

ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുന്‍കരുതലിന്റെ ഭാഗമായി ആഴ്ചയില്‍ ഒരു ദിവസം 200 എംജി ഡോക്‌സിസൈക്ലിന്‍ ഗുളിക ആറാഴ്ച വരെ കഴിക്കേണ്ടതാണ്.  എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഗുളിക സൗജന്യമായി ലഭിക്കും. 

ആഹാര പഥാര്‍ത്ഥങ്ങളും കുടിവെള്ളവും എപ്പോഴും മൂടിവയ്ക്കുക, ഭക്ഷണാവശിഷ്ടങ്ങള്‍ ചുറ്റുപാടിലേക്ക്  വലിച്ചെറിയാതെ ശരിയായ വിധം സംസ്‌കരിക്കുക, വീടുകളിലും സ്ഥാപനങ്ങളിലും മറ്റും എലി ശല്യം ഇല്ലെന്ന് ഉറപ്പുവരുത്തുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com