ഉപ്പില്‍ പൊട്ടാസ്യം ഫെറോസയനൈഡ് എന്ന വിഷപദാര്‍ത്ഥം; മുന്നറിയിപ്പ്

അയഡിന്‍ ചേര്‍ത്ത് പാക്കറ്റിലാക്കി വില്‍പ്പന നടത്തുന്ന ഉപ്പില്‍  മാരകമായ രീതിയില്‍ വിഷാശം കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്
ഉപ്പില്‍ പൊട്ടാസ്യം ഫെറോസയനൈഡ് എന്ന വിഷപദാര്‍ത്ഥം; മുന്നറിയിപ്പ്

മുംബൈ: അയഡിന്‍ ചേര്‍ത്ത് പാക്കറ്റിലാക്കി വില്‍പ്പന നടത്തുന്ന ഉപ്പില്‍  മാരകമായ രീതിയില്‍ വിഷാശം കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്. യുഎസിലെ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ഉപ്പില്‍ പൊട്ടാസ്യം ഫെറോസയനൈഡ് പോലുളള ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഉണ്ടെന്ന്് കണ്ടെത്തിയത്.
 
പൊട്ടാസ്യം ഫെറോസയനൈഡ് ഒരു വിഷപദാര്‍ഥമാണ്.ചെറിയ തോതില്‍പോലും ഇതു കാലങ്ങളോളം ശരീരത്തില്‍ എത്തിയാല്‍ ആരോഗ്യപ്രശ്‌നമുണ്ടാകും. കാന്‍സര്‍, ഹൈപ്പര്‍ തൈറോയിഡിസം, ഉയര്‍ന്ന രക്തസമ്മര്‍ദം, അമിത വണ്ണം, വ്യക്ക സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അന്തരീക്ഷത്തില്‍നിന്ന് ഈര്‍പ്പം വലിച്ചെടുത്ത് ഉപ്പ് കട്ടപിടിക്കാതിരിക്കാനാണ് പൊട്ടാസ്യം ഫെറോസയനൈഡ് ചേര്‍ക്കുന്നത്. ഈ രീതിയില്‍ ഉപ്പിനെ ദീര്‍ഘകാലം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാകാം ആവശ്യത്തിലധികം രാസവസ്തു ഇതില്‍ ചേര്‍ക്കുന്നതെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ മുംബൈയിലെ ഗോധം ഗ്രെയിന്‍സ് ആന്‍ഡ് ഫാം പ്രൊഡക്ട്‌സ് ചെയര്‍മാന്‍ ശിവശങ്കര്‍ ഗുപ്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

 ഉപ്പില്‍ എന്തെല്ലാം രാസവസ്തുക്കള്‍ എത്രയളവില്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്താനുള്ള പരിശോധനാസംവിധാനം ഇന്ത്യയില്‍ ഇല്ലെന്നും അതിനാല്‍ താന്‍ ഇന്ത്യയില്‍നിന്നുള്ള ഉപ്പിന്റെ പ്രമുഖ ബ്രാന്‍ഡുകള്‍ യുഎസിലെ ലാബില്‍ പരിശോധിപ്പിക്കുകയായിരുന്നെന്നും ഗുപ്ത പറഞ്ഞു.

ഒരു കിലോ ഉപ്പില്‍ പൊട്ടാസ്യം ഫെറോസയനൈഡിന്റെ അളവ് ഉത്പാദക കമ്പനികള്‍ അവകാശപ്പെടുന്നതിനെക്കാള്‍ പലമടങ്ങ് കൂടുതലാണ്. സാധാരണഗതിയില്‍ ഇത് 0.0600 മില്ലിഗ്രാമിന് അടുത്താണുവരേണ്ടത്. എന്നാല്‍, ഇന്ത്യന്‍ ബ്രാന്‍ഡുകളിലെ പരിശോധനാഫലത്തില്‍ 1.85 മില്ലിഗ്രാം മുതല്‍ 4.71 ഗ്രാംവരെ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com