എയ്ഡ്‌സ് വൈറസില്‍ നിന്ന് മുക്തി നേടി ലണ്ടന്‍ സ്വദേശി ; ലോകത്തെ രണ്ടാമത്തെ വ്യക്തിയെന്ന് ഡോക്ടർമാർ 

എച്ച്ഐവി പോസിറ്റീവായിരിക്കെ രോഗാണുബാധയില്‍ നിന്ന് കരകയറുന്ന ലോകത്തിലെ രണ്ടാമത്തെ വ്യക്തിയാണ് ഇയാൾ
എയ്ഡ്‌സ് വൈറസില്‍ നിന്ന് മുക്തി നേടി ലണ്ടന്‍ സ്വദേശി ; ലോകത്തെ രണ്ടാമത്തെ വ്യക്തിയെന്ന് ഡോക്ടർമാർ 

ലണ്ടന്‍: എയ്ഡ്‌സ് രോ​ഗികൾക്ക് പ്രതീക്ഷയേകുന്ന വാർത്ത പുറത്ത്. എയിഡ്സ് രോ​ഗാണുവായ എച്ച്ഐവിയിൽ നിന്നും ലണ്ടൻ സ്വദേശി മുക്തി നേടി. എച്ച്ഐവി പോസിറ്റീവായിരിക്കെ രോഗാണുബാധയില്‍ നിന്ന് കരകയറുന്ന ലോകത്തിലെ രണ്ടാമത്തെ വ്യക്തിയാണ് ഇയാൾ. 

എച്ച്ഐവി പ്രതിരോധശേഷിയുള്ള ആളിൽ നിന്നും മജ്ജ മാറ്റിവെച്ചാണ് ലണ്ടൻ സ്വദേശി രോ​ഗത്തിൽ നിന്നും പൂർണമുക്തി നേടിയത്. ജനിതക വ്യതിയാനം (മ്യൂട്ടേഷന്‍) വഴി ചിലര്‍ക്ക് എച്ച്‌ഐവി പ്രതിരോധ ശേഷി ലഭിക്കാറുണ്ട്. അത്തരമൊരു വ്യക്തിയുടെ മജ്ജയിലെ വിത്തുകോശങ്ങള്‍ (stem cells), മൂന്നുവർഷത്തോളമാണ് എച്ച്‌ഐവി പോസിറ്റീവായ വ്യക്തി സ്വീകരിച്ചത്. 

2003 ലാണ് ഇയാൽ എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയത്. 2012 ലാണ് ഇയാൽ എച്ച്ഐവി രോ​ഗബാധയ്ക്കുള്ള മരുന്ന് കഴിച്ചു തുടങ്ങിയത്. ഇതിനിടെ 2016 ൽ ഹോഡ്കിൻ ലിംഫോമ എന്ന കാൻസർ ബാധിതനാണെന്നും കണ്ടെത്തി. തുടർന്ന് കായ്ൻസർ ചികിൽസയ്ക്കൊപ്പം മജ്ജയിലെ വിത്തുകോശങ്ങൾ മാറ്റിവെച്ചുള്ള പരീക്ഷണത്തിന് കൂടി ഡോക്ടർമാർ മുതിരുകയായിരുന്നു. 

മൂന്നുവർഷത്തോളം വൈറസ് പ്രതിരോധ മരുന്നുകളും ഉപയോഗിച്ചപ്പോള്‍ എച്ചഐവി വൈറസിന്റെ സാന്നിധ്യം രോഗിയില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായി. 'നിലവില്‍ തിട്ടപ്പെടുത്താന്‍ കഴിയുന്ന ഒരു വൈറസിനെയും രോഗിയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ സംഘത്തിലെ ഡോ. രവീന്ദ്ര ഗുപ്ത പറയുന്നു. എച്ച്‌ഐവിയെ നേരിടാന്‍ അധികം വൈകാതെ ശാസ്ത്രജ്ഞര്‍ക്ക് കഴിയും എന്നതിനുള്ള തെളിവാണ് ഈ കേസ്. എന്നാല്‍, ഐച്ചഐവിയെ ഭേദമാക്കാനുള്ള മരുന്നു കണ്ടെത്തി എന്ന് ഇതിനര്‍ഥമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അമേരിക്കക്കാരനായ തിമോത്തി ബ്രൗണാണ് എച്ചഐവി രോഗവിമുക്തി നേടിയ ആദ്യ വ്യക്തി. തിമോത്തി  2007-ല്‍ ജര്‍മ്മനിയിലാണ് സമാന ചികിൽസയ്ക്ക് വിധേയനായത്. പിന്നീട് തിമോത്തി അമേരിക്കയിലേക്ക് താമസം മാറ്റുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com