‍കാൻസറിന് മരുന്നുമായി ശ്രീചിത്രയിലെ ​ഗവേഷകർ; ഞരമ്പുകളിൽ കുത്തിവയ്ക്കാവുന്ന മരുന്ന് വികസിപ്പിച്ചത് ചെടിയിൽ നിന്ന്  

കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ പ്രാപ്തമാണ് എലികളിൽ പരീക്ഷിച്ച് വിജയിച്ച ഈ മരുന്ന്
‍കാൻസറിന് മരുന്നുമായി ശ്രീചിത്രയിലെ ​ഗവേഷകർ; ഞരമ്പുകളിൽ കുത്തിവയ്ക്കാവുന്ന മരുന്ന് വികസിപ്പിച്ചത് ചെടിയിൽ നിന്ന്  

കാൻസർ ചികിത്സാരംഗത്ത് വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി. ഞരമ്പുകളിൽ കുത്തിവയ്ക്കാവുന്ന എസ്‍സിടിഎസി2010 ഡ്രഗ് കോൻജുഗേറ്റഡ് സീറം ആൽബുമിൻ എന്ന മരുന്നാണ് ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചത്. കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ പ്രാപ്തമാണ് എലികളിൽ പരീക്ഷിച്ച് വിജയിച്ച ഈ മരുന്ന്. മരുന്ന് ക്ലിനിക്കൽ പരീക്ഷണത്തിനായി കൈമാറിയതായി ​ഗവേഷണ സംഘം അറിയിച്ചു. 

വളരെ സുലഭമായി ലഭിക്കുന്ന ഒരു ചെടിയിൽനിന്നാണ് മരുന്ന് വികസിപ്പിച്ചത്. എന്നാൽ ചെടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എലികളിൽ ഒറ്റ ഡോസ് ഉപയോഗിച്ച് നടത്തിയ പഠനം വിജയകരമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കൂടുതൽ പഠനങ്ങൾക്കായി ​ഗവേഷണഫലങ്ങൾ കൈമാറി. മരുന്നിന്റെ ഒന്നിലധികം ഡോസ് മൃ​ഗങ്ങളിൽ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച പരീക്ഷണമാണ് ഇനി നടക്കുക. ഇതിന് ശേഷമായിരിക്കും മനുഷരിൽ ചികിത്സാ പരീക്ഷണങ്ങൾ ആരംഭിക്കുന്നത്. ‌വാണിജ്യാടിസ്ഥാനത്തിൽ മരുന്ന് നിർമിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഇതുകഴിഞ്ഞായിരിക്കും തീരുമാനിക്കുക.

എലികളിൽ നടത്തിയ പരീക്ഷണത്തിൽ  ശ്വാസകോശാർബുദത്തിനും വയറിനകത്തെ മുഴയ്ക്കും മരുന്ന് ഫലപ്രദമാണെന്നാണ് കണ്ടെത്തിയത്. കാൻസർ രോ​ഗികളിൽ നേരിട്ട് ഉപയോ​ഗിക്കുന്നതിന് മുമ്പ് ഒന്നാം ഘട്ടം എന്നനിലയിൽ സന്നദ്ധപ്രവർത്തകരിൽ മരുന്ന് പരീക്ഷിക്കും. അർബുദ രോഗികളിൽ മറ്റു മരുന്നുകൾക്കൊപ്പം നൽകിയായിരുക്കും രണ്ടാം ഘട്ട പരീക്ഷണം നടത്തുക. 

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പഠനത്തിന്റെ ഭാഗമായാണ് ഡോ ലിസി കൃഷ്ണനും സംഘവും മരുന്ന് വികസിപ്പിച്ചത്. മൂന്ന് വർഷത്തിനകം മനുഷ്യരിലടക്കമുള്ള പരീക്ഷണങ്ങൾ പൂർത്തീകരിച്ച് കാൻസർ രോ​ഗികൾക്കായി മരുന്ന് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ ലിസി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com