വീട്ടിലെ പൂച്ചയെ എന്താണ് വിളിക്കാറ്? എന്താണെങ്കിലും അതിന് മുന്‍പ് ചിലത് അറിഞ്ഞിരിക്കാം..

വെറുതെ അങ്ങ് വളര്‍ത്തല്‍ മാത്രമല്ല, ഇവയ്‌ക്കെല്ലാം തങ്ങള്‍ക്കിഷ്ടപ്പെട്ട പേരുകളും മനുഷ്യര്‍ നല്‍കാറുണ്ട്.
വീട്ടിലെ പൂച്ചയെ എന്താണ് വിളിക്കാറ്? എന്താണെങ്കിലും അതിന് മുന്‍പ് ചിലത് അറിഞ്ഞിരിക്കാം..

നുഷ്യരെപ്പോഴും വീട്ടില്‍ മൃഗങ്ങളെ ഇണക്കി വളര്‍ത്തുന്നതില്‍ പ്രാപ്തരാണ്. പട്ടി, പൂച്ച, തത്ത, കാക്ക, എന്തിന് പാമ്പിനെ വരെ ചിലര്‍ വീട്ടില്‍ വളര്‍ത്താറുണ്ട്. ഇന്നിപ്പോള്‍ വീട്ടിലൊരു വളര്‍ത്തുമൃഗം എന്നത് ചിലര്‍ക്ക് അന്തസിന്റെ കൂടെ ഭാഗമാണ്. വിവിധയിനത്തിലുള്ള ബ്രീഡ് ചെയ്യപ്പെട്ട നായ്ക്കളെയും പൂച്ചകളെയുമെല്ലാം ആളുകള്‍ വീട്ടില്‍ വളര്‍ത്താറുണ്ട്. 

വെറുതെ അങ്ങ് വളര്‍ത്തല്‍ മാത്രമല്ല, ഇവയ്‌ക്കെല്ലാം തങ്ങള്‍ക്കിഷ്ടപ്പെട്ട പേരുകളും മനുഷ്യര്‍ നല്‍കാറുണ്ട്. പട്ടികളാണെങ്കില്‍ നമ്മള്‍ പേര് വിളിക്കുമ്പോള്‍ തന്നെ അടുത്തേക്ക് ഓടിവരികയും, സ്‌നേഹം പ്രകടിപ്പിക്കുകയും വിധേയപ്പെട്ട് നില്‍ക്കുകയും ചെയ്യാറുണ്ട്. പട്ടികള്‍ക്ക് യജമാനന്‍ തന്നെ വിളിക്കുന്നത് മനസിലാക്കാനുള്ള കഴിവുണ്ടെന്നും അതനുസരിച്ചാണ് അവ പെട്ടെന്ന് പ്രതികരിക്കുന്നതെന്നും നേരത്തേ തന്നെ പഠനങ്ങളില്‍ തെളിഞ്ഞതുമാണ്.   

എന്നാല്‍ പൂച്ചയുടെ കാര്യം അങ്ങനെയൊന്നുമല്ലത്രേ. പൂച്ചയ്ക്ക് പേരിടുന്നത് സത്യത്തില്‍ വീട്ടുകാരുടെ മാത്രം സന്തോഷത്തിനാണെന്നാണ് നമ്മള്‍ കരുതുന്നത്. കാരണം, ആ പേര് വിളിച്ചാലൊന്നും പൂച്ച മൈന്‍ഡ് ചെയ്യണമെന്നില്ല. അവ ഭക്ഷണം വേണ്ടപ്പോള്‍ വരികയും, സ്‌നേഹം പ്രകടിപ്പിക്കാനോ ഉറങ്ങാനോ തോന്നുമ്പോള്‍ മുട്ടിയുരുമ്മുകയും ചെയ്യും. ഇത് പൂച്ചയുടെ ഒരു പൊതുസ്വഭാവമായാണ് വിലയിരുത്തുന്നത്.

ഇതേക്കുറിച്ച് പ്രമുഖ മനശാസ്ത്ര വിദഗ്ധയായ അസൂക്കോ സെയ്‌ത്തോ പഠനം നടത്തിയിട്ടുണ്ട്. വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകളേയും അതല്ലാതെ 'കാറ്റ് കഫേ' പോലുള്ളയിടങ്ങളില്‍ കൂട്ടമായി ജീവിക്കുന്ന പൂച്ചകളേയുമെല്ലാം വിശദമായ പഠനത്തിന് വിധേയമാക്കിയാണ് അദ്ദേഹം ഒരു നിഗമനത്തിലെത്തിയത്. 

പൂച്ചയ്ക്കും സ്വന്തം പേര് തിരിച്ചറിയാനാകുമെന്നാണ് അദ്ദേഹവും സംഘവും കണ്ടെത്തിയത്. അതായത്, വീട്ടുകാരിട്ട പേരിന്റെ അത്ര തന്നെ നീളവും, ഈണവുമുള്ള മറ്റ് പേരുകള്‍ വിളിക്കുമ്പോള്‍ ശ്രദ്ധിക്കാത്ത പൂച്ച, ഒറിജിനല്‍ പേര് വിളിക്കുന്നതോടെ ചെവി കൂര്‍പ്പിക്കുകയും, വാലോ തലയോ ഉയര്‍ത്തുകയും ചെയ്യും. ചില പൂച്ചകള്‍ 'മ്യാവൂ' ശബ്ദമുണ്ടാക്കി പേര് വിളിച്ചതിനോട് പ്രതികരിക്കുകയും ചെയ്യും. 

ഇതിന് വേണ്ടി എപ്പോഴും പൂച്ചയെ ഒരേ പേരില്‍ തന്നെ വിളിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ പേര് പൂച്ചയ്ക്ക് പെട്ടെന്ന് തിരിച്ചറിയാനാകണം. പേരിന്റെ നീളം, അതിന്റെ ഉച്ചാരണം, ഈണം എന്നിവയെല്ലാം വച്ചാണ് ഇവ പേര് തിരിച്ചറിയുന്നത്.  

ഇങ്ങനെയെല്ലാമാണെങ്കിലും പേര് തിരിച്ചറിഞ്ഞതായ ഭാവം പൊതുവേ പൂച്ചകള്‍ കാണിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു. പൂച്ചയെ വളര്‍ത്തുന്നവരാണെങ്കില്‍ അത് മനസിലാക്കാനാവും. അത് പൂച്ചയുടെ ജൈവികമായി സവിശേഷതയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com