ഈ ആഹാരങ്ങള്‍ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കൂ

മധുരം കുറച്ചുള്ള ഭക്ഷണം മാത്രമല്ല പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. രോഗത്തെ ചെറുക്കാന്‍ കഴിവുള്ള ഭക്ഷണവും തീര്‍ച്ചയായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
ഈ ആഹാരങ്ങള്‍ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കൂ

വംബര്‍ 14, ലോകം പ്രമേഹദിനമായി ആചരിക്കുന്ന ദിവസമാണിന്ന്. ഈ വര്‍ഷത്തെ വിഷയം 'കുടുംബവും പ്രമേഹവും' എന്നതാണ്. പ്രമേഹനിയന്ത്രണം, ചികിത്സ, ബോധവത്കരണം എന്നീ മേഖലകളില്‍ കുടുംബത്തെ എങ്ങനെ ഭാഗമാക്കാമെന്നാണ് ഈ ദിനത്തില്‍ ചിന്തിക്കേണ്ടത്.

പ്രമേഹം വളര്‍ന്നുവരുന്ന ഒരു ആഗോള മാരകരോഗമാണ്. 2017ലെ കണക്കുപ്രകാരം 72 മില്യണ്‍ ഇന്ത്യക്കാര്‍ പ്രമേഹബാധിതരാണ്. രോഗബാധിതരില്‍ 40 ശതമാനവും ഇന്ത്യയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തെ പ്രമേഹത്തിന്റെ തലസ്ഥാനം ആയിട്ടാണ് വിശേഷിപ്പിക്കുന്നത്. 

പ്രമേഹം ഒരു ജീവിതശൈലീരോഗമാണ്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് കഴിഞ്ഞ 30 വര്‍ഷത്തില്‍ പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിച്ചത്. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് ഡയറ്റ്. മരുന്നിനോ മറ്റ് ജീവിതരീതികള്‍ക്കോ മുകളിലാണ് ഡയറ്റിന്റെ സ്ഥാനം. 

മധുരം കുറച്ചുള്ള ഭക്ഷണം മാത്രമല്ല പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. രോഗത്തെ ചെറുക്കാന്‍ കഴിവുള്ള ഭക്ഷണവും തീര്‍ച്ചയായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കാന്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് നോക്കാം.

മഞ്ഞളും നെല്ലിക്കയും
പല ഔഷധസസ്യങ്ങള്‍ക്കും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള പ്രത്യേക കഴിവുണ്ട്. നെല്ലിക്കയും മഞ്ഞളും അത്തരത്തിലുള്ള ഔഷധങ്ങളാണ്. കേരളത്തില്‍ ഇവ രണ്ടും സുലഭമായി ലഭിക്കും. 2:1 എന്ന അനുപാതത്തില്‍ നെല്ലിക്കയും മഞ്ഞളും ചേര്‍ത്ത് കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും.

മാവില
പ്രമേഹം ഭേദമാക്കുന്ന മറ്റൊരു സസ്യമാണ് മാവില. ഇതും രക്തത്തിലെ പഞ്ചസാരയെ എരിച്ച് കളയും. മാവില എങ്ങനെ പ്രമേഹം മാറാന്‍ സഹായിക്കുന്നു എന്ന വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നുവരുന്നതേയുള്ളൂ. 

പാവയ്ക്ക
പാവയ്ക്കയിലടങ്ങിയിരിക്കുന്ന ഘടകങ്ങളായ വിസിന്‍, കരാന്റ്റിന്‍, പോളിപെപ്പ്‌റ്റൈഡ് പി എന്നിവ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടം പേശികളായ സ്‌കെലറ്റല്‍ മസിലുകളുടെ ഗ്ലൂക്കോസ് ഉപയോഗം കൂട്ടുകയും ചെയ്യുന്നു. തന്മൂലം രക്തത്തിലെ  ഗ്ലൂക്കോസ് അളവ് ഉയരാതെ നില്‍ക്കും. അന്നജത്തിന്റെ ആഗിരണം കൂട്ടുന്ന ചില എന്‍സൈമുകളെ നിയന്ത്രിക്കാനും ഇതിലെ ഘടകങ്ങള്‍ക്കു കഴിയും. ജേണല്‍ ഓഫ് ക്ലിനിക്കല്‍ എപ്പിഡമോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

വെണ്ടയ്ക്ക
ശരീരത്തിനാവശ്യമായ ആന്റിഓക്‌സിഡന്റുകളും ധാതുക്കളും വെണ്ടക്കയില്‍ അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ ദഹിക്കാനും എളുപ്പമാണ്. ഇതിലടങ്ങിയ ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

ഉലുവ
പ്രമേഹം ഭേദമാകാന്‍ ഏറ്റവും ഫലപ്രദമായ ഒരു ഔഷധമാണ് ഉലുവ. ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങളില്‍ തെളിഞ്ഞതുമാണ്. പ്രമേഹരോഗികള്‍ ഉലുവയിട്ട് തിളപ്പിച്ച വെളളം കുടിക്കുന്നത് ഏറെ നല്ലതാണ്.  

ബദാം
പ്രമേഹരോഗികള്‍ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്‌നീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. പ്രമേഹ രോഹഗികള്‍ സ്റ്റാര്‍ച്ച് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുന്‍പ് ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ജേണല്‍ മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com