'ആഗ്രഹങ്ങളും സമ്പത്തും വര്‍ധിച്ചു, കൂടുതല്‍ എക്‌സ്‌പോഷറാകാനും തയ്യാര്‍, അങ്ങനെയെങ്കില്‍ മദ്യപിച്ചാല്‍ എന്താണ് തെറ്റ്?'; സ്ത്രീകളുടെ മദ്യാസക്തിയില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ സ്ത്രീകളില്‍ മദ്യത്തോടുളള ആസക്തി വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്
'ആഗ്രഹങ്ങളും സമ്പത്തും വര്‍ധിച്ചു, കൂടുതല്‍ എക്‌സ്‌പോഷറാകാനും തയ്യാര്‍, അങ്ങനെയെങ്കില്‍ മദ്യപിച്ചാല്‍ എന്താണ് തെറ്റ്?'; സ്ത്രീകളുടെ മദ്യാസക്തിയില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകളില്‍ മദ്യത്തോടുളള ആസക്തി വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. മാറിയ ലോകസാഹചര്യങ്ങളാണ് സ്ത്രീകളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് കമ്മ്യൂണിറ്റി എഗെയിന്‍സ്റ്റ് ഡ്രങ്കണ്‍ ഡ്രൈവിങ് എന്ന സന്നദ്ധ സംഘടനയുടെ സര്‍വ്വേയില്‍ പറയുന്നു. ഇത് ഇന്ത്യയുടെ മൊത്തം മദ്യാസക്തിയിലും ക്രമാതീതമായ വര്‍ധനയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഡല്‍ഹിയില്‍ 18 വയസ്സിനും 70 വയസ്സിനും ഇടയിലുളള 5000 സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയിലാണ് പുതിയ കണ്ടെത്തല്‍. ആഗ്രഹങ്ങള്‍ കൂടുന്നതും സമ്പത്ത് വര്‍ധിക്കുന്നതും അടക്കമുളള ഘടകങ്ങളാണ് സ്ത്രീകളെ മുഖ്യമായി സ്വാധീനിക്കുന്നത്. സാമൂഹിക സമ്മര്‍ദ്ദം, ജീവിതശൈലിയില്‍ വന്ന മാറ്റം തുടങ്ങിയവയും മദ്യം രുചിക്കാനുളള സ്ത്രീകളുടെ ആഗ്രഹത്തിന് ആക്കംകൂട്ടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജീവിത ശൈലിയില്‍ വന്ന മാറ്റം പ്രകടമാക്കണമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇത് മദ്യാസക്തിയിലേക്ക് സ്ത്രീകളെ കൂടുതല്‍ അടുപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

അടുത്ത അഞ്ചുവര്‍ഷത്തിനകം സ്ത്രീകളെ കേന്ദ്രീകരിച്ചുളള മദ്യവിപണിയില്‍ 25 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. സിനിമയിലും ടിവി പരിപാടികളിലും ആവര്‍ത്തിച്ചുവരുന്ന മദ്യപരസ്യങ്ങള്‍ സ്ത്രീകളെ സ്വാധീനിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പിരിമുറുക്കങ്ങളില്‍ നിന്ന് മുക്തി നേടാന്‍ മദ്യം മികച്ച പോംവഴിയാണ് എന്ന തരത്തിലുളള പ്രചാരണങ്ങളാണ് ഇതിന് കാരണമെന്നും സന്നദ്ധ സംഘടനയുടെ സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നു.

മദ്യ ഉപഭോഗത്തില്‍ ലോകരാജ്യങ്ങളുടെ ഇടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. മദ്യത്തോടുളള ആസക്തി ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നതായും ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2010 മുതല്‍ 2017 വരെയുളള കാലയളവില്‍ രാജ്യത്തെ മദ്യ ഉപഭോഗത്തില്‍ 38 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com