അമ്മ കിടക്കയില്‍ മറന്നുവച്ച തയ്യല്‍ സൂചി 10 വയസുകാരിയുടെ നട്ടെല്ലിനരികെ തുളഞ്ഞു കയറി; പുറത്തെടുത്തത് രണ്ടാമത്തെ ശസ്ത്രക്രിയയില്‍

കുട്ടിയുടെ അമ്മ വീട്ടിലെ കിടക്കയില്‍ മറന്നുവച്ച സൂചി പത്ത് വയസുകാരിയുടെ മുതുകില്‍ തുളച്ചു കയറുകയായിരുന്നു
അമ്മ കിടക്കയില്‍ മറന്നുവച്ച തയ്യല്‍ സൂചി 10 വയസുകാരിയുടെ നട്ടെല്ലിനരികെ തുളഞ്ഞു കയറി; പുറത്തെടുത്തത് രണ്ടാമത്തെ ശസ്ത്രക്രിയയില്‍

ന്യൂഡല്‍ഹി: പത്ത് വയസുകാരിയുടെ മുതുകില്‍ തുളഞ്ഞു കയറിയ തയ്യല്‍ സൂചി പുറത്തെടുത്ത് എയിംസിലെ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ഡോക്ടര്‍മാര്‍. കുട്ടിയുടെ അമ്മ വീട്ടിലെ കിടക്കയില്‍ മറന്നുവച്ച സൂചി പത്ത് വയസുകാരിയുടെ മുതുകില്‍ തുളച്ചു കയറുകയായിരുന്നു. 

മുതുകിന് വല്ലാത്ത വേദനയുള്ളതായി കുട്ടി പറഞ്ഞെങ്കിലും മാതാപിതാക്കള്‍ ആദ്യം അത് കാര്യമാക്കിയില്ല. പിന്നീട് വേദന കൂടിയതോടെ വീടിന് സമീപമുള്ള ചാച്ച നെഹ്‌റു ബാല ചികിത്സാലയത്തില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് എക്‌സ്‌റേ എടുത്തപ്പോഴാണ് ശരീരത്തിന്റെ പുറകില്‍ തയ്യല്‍ സൂചിയുള്ളതായി മനസിലാക്കിയത്. 

പിന്നീട് ഇവിടെ വച്ച് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും സൂചി പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇതോടെ കുട്ടിയെ എയിംസിലേക്ക് മാറ്റുകയായിരുന്നു. 

എക്‌സ്‌റെ പരിശോധിച്ചപ്പോള്‍ ശരീരത്തിന് പുറകിലുള്ള മസിലുകള്‍ക്കിടയിലാണ് സൂചിയെന്ന് കണ്ടെത്തി. സൂചി മസിലുകള്‍ക്കിടയില്‍ ആയതിനാല്‍ ശസ്ത്രക്രിയയിലൂടെ ആ സമയത്ത് നീക്കം ചെയ്യാന്‍ സാധിക്കുമായിരുന്നില്ലെന്ന് എയിംസിലെ പീഡിയാട്രിക്ക് സര്‍ജനായ ഡോ. ശില്‍പ്പ ശര്‍മ വ്യക്തമാക്കി. 

രണ്ടാഴ്ചയോളം കുട്ടിയെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. നട്ടെല്ലിന് സമീപത്തുള്ള രക്തക്കുഴലിന് അരികിലാണ് സൂചി കിടന്നതെങ്കിലും അവയെ കാര്യമായൊന്നും ബാധിക്കാഞ്ഞത് ഭാഗ്യമായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ഓഗസ്റ്റ് 30ന് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. നട്ടെല്ലിന്റെ അസ്ഥിയുടെ ഇടത് വശത്തായിട്ടാണ് സൂചി കിടക്കുന്നതെന്ന് ഉറപ്പിച്ചാണ് ശസ്ത്രക്രിയ ആരംഭിച്ചത്. പ്രത്യേക ശസ്ത്രക്രിയാ സൂചി ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിലെ സൂചിയുടെ സ്ഥാനം നിര്‍ണയിക്കുകയായിരുന്നു. 

അതേസമയം സൂചി ശരീരത്തിലിരുന്ന് തുരുമ്പെടുത്ത് തുടങ്ങിയിരുന്നു. ശരീരത്തില്‍ കിടന്ന് ദ്രവിച്ചു തുടങ്ങിയ സൂചി പൊട്ടിയത് ശസ്ത്രക്രിയ സങ്കീര്‍ണമാക്കി. എങ്കിലും പൊട്ടിപ്പോയ ഭാഗം പൂര്‍ണമായും സൂചിയില്‍ നിന്ന് വേര്‍പ്പെട്ടിരുന്നില്ല. സൂക്ഷ്മതയോടെ ഇവ പുറത്തെടുക്കുകയായിരുന്നുവെന്ന് ന്യൂറോ അനസ്‌തേഷിസ്റ്റ് ഡോ. ഗ്യാനേന്ദ്ര സിങ് പറഞ്ഞു. 

ശസ്ത്രക്രിയക്ക് ശേഷം കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചു. കുട്ടി ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ നല്ല ശ്രദ്ധ പുലര്‍ത്തണമെന്ന് കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ഉപദേശം നല്‍കാനും അധികൃതര്‍ മറന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com