ജാങ്കോ പെട്ടു പോവുന്ന വിധം അഥവാ വൈറസും നമ്മളും തമ്മിൽ 

വളരെ സൂക്ഷ്മമായും  കരുതിക്കൂട്ടി പ്ലാൻ ചെയ്ത മട്ടിലുമാണ് വൈറസ് കോശോപരിതലത്തിൽ പിടിമുറുക്കുന്നത്.  ശാസ്ത്രീയമായ സമീപനത്തിനു  മാത്രമേ ഇത്തരമൊരു മഹാമാരിയിൽ നിന്ന്  മനുഷ്യരാശിയെ രക്ഷിക്കാനാവൂ എന്ന് നാം അന
ജാങ്കോ പെട്ടു പോവുന്ന വിധം അഥവാ വൈറസും നമ്മളും തമ്മിൽ 


ചുരുങ്ങിയ നാളു കൊണ്ട് ലോക ജനതയെ ഭീതിയുടെ നാലു ചുമരുകൾക്കുള്ളിൽ അടച്ചിട്ട ഒരു കൊച്ച് ജീവനില്ലാ ജീവിയാണ് കൊറോണ വൈറസ്. അത്രയും കുറച്ചു നാളുകളിൽ തന്നെ  സോഷ്യൽ ഡിസ്റ്റൻസ് ക്വാറന്റൈൻ എന്നീ പകർച്ച  വ്യാധി സംബന്ധമായ ചിട്ടകളും അത് നമുക്ക് സുപരിചിതമാക്കിയിട്ടുണ്ട് . ഇത്തരം പകർച്ച വ്യാധികളുടെ ചരിത്രത്തിലെ ഒരു പ്രധാന കണ്ണിയാണ് ടൈഫോയ്ഡ് മേരിയുടെ കഥ.    
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം അയർലണ്ടിൽ ജീവിച്ചിരുന്ന ഒരു പാചകക്കാരിയാണ് മേരി മാലൺ. 1906 ഇൽ അവർ അമേരിക്കയിലേക്ക്  കുടിയേറുകയും ധനവാനായ ഒരു ബാങ്കറുടെ വീട്ടിൽ പാചകക്കാരിയായി ജോലിയേൽക്കുകയും ചെയ്തു. കുറച്ച് ദിവസം കൊണ്ട്  ആ വീട്ടിലെ പതിനൊന്നുപേരിൽ ആറുപേരും ടൈഫോയ്ഡ് രോഗബാധിതരായി. സാനിറ്ററി എഞ്ചിനീയറായ ജോർജ് സോബർ, വീട്ടുകാർ ആയിടെ കഴിച്ച കക്കായിറച്ചിയാണ് രോഗകാരണമെന്ന് അനുമാനിച്ചു. അപ്പോൾ മേരിയ്ക്കും ടൈഫോയ്ഡിന്റെ ചെറിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. വീട്ടിലെ എല്ലാവരും കക്കായിറച്ചി കഴിച്ചിട്ടില്ല എന്നതിൽ നിന്ന് സോബർ രോഗകാരണത്തെ കുറിച്ച് വീണ്ടും ചിന്തിച്ചു അങ്ങനെയാണ് മേരി എന്ന പാചകക്കാരിയിലേക്ക് അയാളുടെ ശ്രദ്ധ പതിയുന്നത്. അവർ രോഗാണുക്കൾ വഹിക്കുകയും പരത്തുകയും ചെയ്യുന്നുണ്ടാകാമെന്ന സാധ്യതയിൽ,  സോബർ, മേരിയുടെ നീക്കങ്ങളെ ശ്രദ്ധിക്കുകയും അതിനു ശേഷം മേരി ജോലി ചെയ്ത അടുത്ത വീട്ടിലും ഇതേ സംഭവങ്ങൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് അദ്ദേഹം അതിനു മുൻപ്  അയർലാന്റിലും ബ്രിട്ടണിലും അമേരിക്കയിലുമായി മേരി ജോലി ചെയ്തിരുന്ന എട്ടു വീടുകളിലും അന്തേവാസികൾക്ക് ടൈഫോയ്ഡ് ബാധ ഉണ്ടായതായി കണ്ടെത്തി. ആദ്യമായി ഹെൽത്തി ക്യാരിയർ (ആരോഗ്യവതിയായ രോഗവാഹക) എന്ന ആശയം തന്നെ സോബർ മുന്നോട്ടു വച്ചു. മേരി നിയമത്തിന്റെ പിടിയിലാവുകയും മരണം വരെയുള്ള ഇരുപതു വര്ഷം ക്വാറന്റൈനിൽ തന്നെ  കഴിയേണ്ടി വരികയും ചെയ്തു. 
ഇത് 1907ലെ കാര്യമാണെന്നോർക്കണം. ഇന്ന് വൈദ്യ ശാസ്ത്രം എത്രയോ പുരോഗമിച്ചിരിക്കുന്നു, ഇപ്പോൾ ടൈഫോയ്ഡ്നു ഫലപ്രദമായ പ്രതിരോധവും ചികിത്സയും എല്ലാമുണ്ട്. അപ്പോഴും നമുക്ക് പിടി തരാതെ covid-19 നെ പോലെയുള്ള മഹാമാരികൾ ഉയർന്നു വരുന്നുണ്ട്താനും.

ഡോ സി സേതുലക്ഷ്മി
ഡോ സി സേതുലക്ഷ്മി

പ്രോട്ടീൻ കവചം പൊതിഞ്ഞ ഒരശുഭ വാർത്ത :

ജീവനുണ്ടോ എന്നതു തന്നെ തർക്കവിഷയമായ വൈറസുകളുടെ ആവിർഭാവവും ആദ്യകാല ചരിത്രവും അത്യാവശ്യം ദുരൂഹത നിറഞ്ഞതാണ്. 
മനുഷ്യകുലം കാർഷിക വൃത്തിയിലേയ്ക്കും അതിനുവേണ്ടിയുള്ള സ്ഥിര താമസസ്ഥലങ്ങളിലേക്കും തിരിഞ്ഞ കാലം മുതൽ വൈറസുംമറ്റു  രോഗാണുക്കളും കാരണമായുള്ള പകർച്ച വ്യാധികൾ സാധാരണമാണ്. അവയിൽ ആദ്യമായി നിരീക്ഷപ്പെട്ടത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന സൂനോസിസ്(zoonosis)എന്ന് വിളിക്കപ്പെടുന്ന സാംക്രമികവൈറൽ  രോഗങ്ങളായിരുന്നു.

അവയിൽ തന്നെ ഭൂഖണ്ഡങ്ങളിലേയ്ക്കോ ഭൂഗോളം മുഴുവനായോ വ്യാപിക്കാനിടയുള്ള പകർച്ച വ്യാധികളെയാണ്  പാൻഡെമിക് എന്ന് പറയുന്നത്. പതിനെട്ടാം നൂറ്റാണ്ടിനു ശേഷം തന്നെ  ബ്ലാക്ക് ഡെത്ത് എന്നറിയപ്പെട്ടിരുന്ന പ്ലേഗ്‌കാരണം  ഇരുപതു കോടിയോളം ജനങ്ങൾ മരണപ്പെട്ടിട്ടുണ്ട്. അതിനു ശേഷം ഒന്നാം ലോക മഹായുദ്ധത്തിനവസാനത്തോടെ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ്  ഫ്ലൂ എന്ന ഇൻഫ്ലുവെൻസ, പിന്നീട് വീണ്ടും പ്ളേഗ്, ടൈഫോയ്ഡ്, മലേറിയ കോളറ, എയ്ഡ്സ്, എബോള   2009  ലെ  ഫ്ലൂ ഇപ്പോൾ കൊറോണ എന്നിങ്ങനെ കുറെയധികം പാൻഡെമിക്കുകൾ ഉണ്ടായിട്ടുണ്ട്.

ജീവജാലങ്ങളുടെ പരിണാമ ചരിത്രം പരിശോധിച്ചാൽ ഓരോ സ്പീഷീസിന്റെ യും നിലനിൽപിന് അനുസൃതമായ പരിണാമങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് കാണാവുന്നതാണ്. എന്നാൽ ജീവകോശത്തിനുള്ളിൽ അല്ലാതെ വളരുകയോ ജീവചക്രം പൂർത്തിയാക്കാൻ കഴിയുകയോ ഇല്ലാത്ത പരാദ  ജീവിയായ വൈറസ് എങ്ങിനെ കാലാകാലങ്ങളായി ജീവ കോശങ്ങൾക്കുള്ളിൽ കയറിപ്പറ്റി ജന്തുജാലങ്ങളുടെ ജീവന് തന്നെ  ഭീഷണിയായി നിലനിൽക്കുന്നു   എന്നത് കൗതുകകരമായ ഒരു വസ്തുതയാണ്. പ്രോട്ടീൻ  കവചം കൊണ്ട് പൊതിഞ്ഞ  ഒരു അശുഭവാർത്തയാണ് വൈറസ് എന്നാണ്   ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായ സർ പീറ്റർ മെഡാവർ പറയുന്നത്. നിലവിലുള്ള പരസഹസ്രം വൈറസുകളും അങ്ങിനെയാണ് താനും. എന്നാൽ ഇവയെ കൊണ്ട് സൂക്ഷ്മമായ എന്നാൽ പ്രധാനമായ പ്രയോജനങ്ങളുമുണ്ട് .

വൈറസും നമ്മളും  തമ്മിൽ :

നമ്മുടെ ശരീരത്തിൽ വിവിധ തരം വൈറസിന്റെ ജീനുകൾ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ ഡാറ്റ പ്രകാരം ഒരുപാട് വൈറസ് ജീൻ  ഖണ്ഡങ്ങൾ മനുഷ്യ ജീനോമിൽ പലയിടത്തായി കാണപ്പെടുന്നുണ്ട്. അത്ഭുതമെന്നു തന്നെ പറയണം, പക്ഷേ, ഭയക്കേണ്ട കാര്യമല്ല, അതിൽ പല ജീനുകളും സുഷുപ്താവസ്ഥയിലും, ചിലവ  പ്രവർത്തനക്ഷമവുമാണ് .രണ്ടാമത് പറഞ്ഞവ ചില  പ്രധാന ജൈവതന്മാത്രകളുടെ കോഡുകളാണ്  . ഉദാഹരണത്തിന് സസ്യങ്ങളിലെ പ്രകാശ സംശ്ലേഷണത്തിനുള്ള ഉപകരണ വ്യവസ്ഥ വൈറസുകളിൽ നിന്ന് വന്നതാണ്. മനുഷ്യരിലും മറ്റു ജീവികളിലും രോഗാവസ്ഥയിലും അരോഗാവസ്ഥയിലും കാണപ്പെടുന്ന പല ജനിതക പ്രവർത്തനങ്ങളും ഈ പുരാതന വൈറസ് ജീനുകൾ കാരണമാണ്. അതിൽ പലതും പൂർവിക മനുഷ്യ കുലങ്ങൾക്ക്  ഉണ്ടായിരിക്കാവുന്ന റിട്രോവൈറസ് (എയ്ഡ്സ് തുടങ്ങിയ വൈറസുകൾ ഉൾപ്പെട്ട )ബാധയുടെ ബാക്കിപത്രങ്ങളാണ് അതെങ്ങിനെ സംഭവിച്ചിരിക്കാമെന്നാണോ? സത്യത്തിൽ കോശജീവികളുടെ ആവിർഭാവത്തിനും മുന്നേ ഡി എൻ എ യ്ക്ക് പകരം റൈബോ ന്യൂക്ലിക് ആസിഡ് അഥവാ ആർ എൻ എ ജനിതകമുള്ള സൂക്ഷ്മ ജീവികളുടെ കളിയരങ്ങായിരുന്നു ഭൂമി.അതിലൊരു വൈറസ് തന്നെയാകാം ഒന്നാമത്തെ കോശജീവിയുടെ ഉത്ഭവത്തിനും കാരണം എന്നാണ് പറയപ്പെടുന്നത് . വൈറസും ആതിഥേയ ജീവിയും (ഇരയെന്നും പറയാം) തമ്മിലുള്ള സഹവാസവും സഹപരിണാമവും ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലെന്നാണ്  പറഞ്ഞു വരുന്നത്.

യുദ്ധം തുടങ്ങുകയല്ല, തുടരുകയാണ് :

വൈറസ്ജന്യ  രോഗങ്ങളുടെ കാര്യത്തിൽ  വൈറസ്, ജന്തു കോശത്തിൽ കടന്ന് ഇരയുടെ കോശങ്ങളെ ഉപയോഗിച്ച് ജീവചക്രം ആരംഭിക്കുന്നതോടെ  രോഗസംക്രമണം നടക്കുന്നു.  വൈറസു കളും     അവയുടെ ആതിഥേയ ജീവികളും   (വേണമെങ്കിൽ ഇരകൾ എന്നും പറയാം)  തമ്മിലുള്ള ബലതന്ത്രം അഥവാ ഇരയുടെ പ്രതിരോധ വ്യവസ്ഥയും വൈറസിന്റെ ആക്രമണത്വരയും (ജീവന ത്വര എന്ന് വായിക്കുക)തമ്മിൽ തുടർച്ചയായ ഒരു സായുധ പോരാട്ടത്തിലാണ് എത്തുക . ഈ പോരാട്ടത്തിൽ ആയുധങ്ങളായ ജീനുകളോ ജീൻ കഷണങ്ങളോ പരസ്പരം വച്ചുമാറ്റപ്പെടുന്നത്‌ ഒരു പുതുമ പോലുമല്ല .അങ്ങിനെയാണ് മുൻപ് പറഞ്ഞ റിട്രോവൈറസ് ജീനുകളിൽ പലതും നമ്മുടെ ജീനോമിൽ എത്തിച്ചേർന്നത്.  ആതിഥേയ   ജീവിയെക്കാളും    വളരെപ്പെട്ടെന്ന് വൈറസുകൾ ജനിതക മ്യൂറ്റേഷനുകൾക്കു വിധേയമാകും. അതുകൊണ്ടു തന്നെ അവയ്ക്കു  ആതിഥേയജീവിയുടെ പ്രതിരോധ വ്യവസ്ഥയ്ക്ക് മേൽ പെട്ടെന്ന് മേൽക്കോയ്മ സ്ഥാപിക്കാനാവാറുണ്ട് . വാക്‌സിനും മരുന്നിനും റെസിസ്റ്റന്റ് ആയി മ്യൂട്ടേറ്റ് ചെയ്തിരിക്കുന്ന HIV  യും   ഇൻഫ്ലുവെൻസയും ഇതിന് ഉദാഹരണങ്ങളാണ്. കോവിഡ് -19  നു കാരണമായ വൈറസും ഈ മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ   ചില മ്യൂട്ടേഷനുകൾക്കു വിധേയമായതായി റിപോർട്ടുകൾ ഉണ്ട്.

കൗശലക്കാരനായ ഭവനഭേദകൻ :

ഇരയുടെ കാവൽക്കാരെ വശത്താക്കുന്നതു പോലൊരു കൂർമ്മബുദ്ധിയാണ് വൈറസ് സാധാരണ നടപ്പാക്കുക. 
ആതിഥേയ ജീവിയുടെ കോശോപരിതലത്തിൽ സ്വാഭാവികമായി കാണുന്ന തന്മാത്രാ  സ്വീകരണികളായ ഹോർമോൺ റിസെപ്റ്റർ ,നാഡീ വ്യൂഹ സംബന്ധിയായ രാസവസ്തുക്കളുടെ റിസെപ്റ്റർ, കോശങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങളുടെ റിസെപ്റ്റർ ഇതിലേതെങ്കിലുമാണ് തുടർച്ചയായ മ്യൂറ്റേഷനുകളിലൂടെയാണ്ഒരു ഒരു ഭവന ഭേദകന്റെ  കൗശലത്തോടെ വൈറസ്   തന്റെ താക്കോലാക്കി മാറ്റുന്നത് . ഈ സ്വീകരണി തന്മാത്രയിൽ കൂടി വൈറസ് കോശങ്ങൾക്കകത്ത് എത്തിച്ചേരുന്നു, പിന്നീടവിടെ പിടിച്ചടക്കി ജന്തു  കോശത്തിന്റെ നിയന്ത്രണമേറ്റെടുത്ത് അതിലെ അസംസ്കൃത വസ്തുക്കളും കോശാന്തര ഉപകരണങ്ങളും ഉപയോഗപ്പെടുത്തി  അസംഖ്യം  വൈറസ്  കണങ്ങൾ ഉല്പാദിപ്പിച്ചുകൊണ്ട് മറ്റു കോശങ്ങളിലേയ്ക്ക് കടക്കുന്നു. അങ്ങിനെ പ്രതിരോധ  ശക്തി നശിച്ചുകൊണ്ടിരിക്കുന്ന ഇരയെ നിലം പരിശാക്കുന്നതിനൊപ്പം പുറത്തേയ്ക്കു വ്യാപിച്ച്, തങ്ങൾക്കു പറ്റിയ മറ്റു ആതിഥേയ ജീവികളെയും കോശങ്ങളെയും തേടിപ്പരക്കുന്നു. വൈറസുകളുടെ സർവ വ്യാപിത്വം ഇങ്ങിനെയാണുണ്ടാവുന്നത് . ഉദാഹരണത്തിന് covid-19രോഗികളിൽ കാണപ്പെടുന്ന ചുമ തുമ്മൽ തുടങ്ങിയവ  രോഗലക്ഷണം എന്നതിൽ ഉപരി വൈറസിന് അടുത്ത ഇരയെ കണ്ടെത്താനുള്ള ഉപാധികളാണ്. സംസാരിക്കുമ്പോഴുംചുമയ്ക്കുമ്പോഴും   തുമ്മുമ്പോഴും രോഗിയിൽ നിന്നോ രോഗ വാഹകരിൽ നിന്നോ പുറപ്പെടുന്ന വൈറസ് അടങ്ങിയ  സൂക്ഷ്മ   കണങ്ങൾ അന്തരീ ക്ഷത്തിലും   മറ്റു പ്രതലങ്ങളിലും മണിക്കൂറുകളോളം വീര്യത്തോടെ തങ്ങി നിൽക്കുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ്  സോഷ്യൽ ഡിസ്റ്റൻസിങ് ന്റെയും ക്വാറന്റൈൻന്റെ യും പ്രാധാന്യം നമ്മൾ  തിരിച്ചറിയുക.  

വൈറൽ അറ്റാച്ച്മെന്റ് അഥവാ ജാങ്കോ നീ പെട്ടു :

വളരെ സൂക്ഷ്മമായും  കരുതിക്കൂട്ടി പ്ലാൻ ചെയ്ത മട്ടിലുമാണ് വൈറസ് കോശോപരിതലത്തിൽ പിടിമുറുക്കുന്നത്. 
Covid -19 വൈറസ് അതിന്റെ ഉപരിതലത്തിലെ സ്പൈക്ക്  എന്ന് അറിയപ്പെടുന്ന പ്രോട്ടീൻ വഴിയാണ് ആതിഥേയ ജീവിയുടെ കോശോപരിതലത്തിലെ  ACE-2(ആന്ജിയോടെൻസിൻ കൺവെർട്ടിങ് എൻസൈം  -2)  എന്ന റിസെപ്റ്റർ വഴി കോശത്തിനുള്ളിലേയ്ക്ക് കടന്ന് ജീവചക്രം ആരംഭിക്കുന്നത് അഥവാ ആതിഥേയ ജീവി രോഗബാധിതനാവുന്നത്. ACE 2 എന്നത്   രക്ത ചംക്രമണവ്യൂഹത്തിന്റെ  സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ഒരു എൻസൈം(ജൈവ രാസത്വരകം ) ആണ്. വൈറസിനെ പ്രതിരോധിക്കണമെങ്കിൽ ചെയ്യേണ്ടത് ACE 2 വുമായുള്ള വൈറസിന്റെ തന്മാത്രാ ബന്ധനം തടയുക എന്നതാണ്.  നേരത്തെ പറഞ്ഞതു പോലെ കൊറോണ വൈറസിന്റെ ഉപരിതലത്തിലുള്ള സ്പൈക്ക് പ്രോട്ടീനിന്റെ ഒരു പ്രത്യേക അമിനോ ആസിഡ് നിരയാണ് ഈ സമ്പർക്കാവസ്ഥയ്ക്ക് ഹേതു. അപ്പോൾ സ്വാഭാവിക  കടമകളെ ബാധിക്കാതെ ACE 2 വിന്റെ  വൈറസ് ബന്ധനം തടയാൻ പറ്റിയാൽ വളരെ ഫലപ്രദമായി കോവിഡ്  19 ബാധ തടയാൻ കഴിയും. 
 ഈ ലക്ഷ്യത്തിലേക്ക് ഉള്ള അനവധി വൈദ്യശാസ്ത്ര സമീപന പരീക്ഷണങ്ങൾ ലോകത്തിന്റെ പലയിടങ്ങളിലെയും ശാസ്ത്രജ്ഞർ ത്വരിതഗതിയിൽ ചെയ്യുന്നുണ്ട്. 

കൂടു വിട്ട് കൂടു മാറ്റം :

മ്യൂട്ടേഷൻ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ വൈറസ് മറ്റു സസ്തനികളിൽ നിന്ന് മനുഷ്യനിലേയ്ക്കും ചുരുക്കം കേസുകളിൽ മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേയ്ക്കും പകരുന്നതായി അറിവുണ്ട്. 

ജനിതക വിശകലശനത്തിൽ SARS COV 2 എന്നറിയപ്പെടുന്ന COVID 19 വൈറസ് വവ്വാലിൽ നിന്നോ മറ്റോ മനുഷ്യരിലേക്ക് സംക്രമിച്ച സാർസ് നോടും ഇൻഫ്ലുൻസ യോടും സാമ്യമുള്ള ഒരു കൊറോണ വൈറസ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്   പിന്നീടുള്ള  വിശകലനത്തിൽ പാംഗോലിൻ എന്ന ഉറുമ്പുതീനിയെ ബാധിയ്ക്കുന്ന കൊറോണ വൈറസിനോടാണ്  കോവിഡ് 19 വൈറസിന് കൂടുതൽ ജനിതക സാമ്യം എന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അതായത് ഇപ്പോഴത്തെ കൊറോണ വൈറസ് ഈ  പാൻഗോലിനിൽ നിന്ന് മനുഷ്യനിലേക്ക് ചാടിയതാകാനാണ് ഘടനാ പരമായ സാധ്യത  എന്നത് ഇതൊരു ലാബ് നിർമ്മിത വൈറസ് ആകാം എന്ന അഭിപ്രായത്തെ  ഒട്ടൊക്കെ തള്ളിക്കളയുന്നുണ്ട്.  സ്‌പെയിനിൽ ഫെബ്രുവരി 2020 യിൽ തന്നെ മനുഷ്യനിൽ നിന്ന് വളർത്തു പൂച്ചയിലേക്കും  ഹോങ്കോങ്ങിൽ മനുഷ്യനിൽ നിന്ന് വളർത്തു നായയിലേയ്ക്കും covid19 പകർന്നതായി റിപോർട്ടുകൾ ഉണ്ട്. 
 രോഗാണു സംക്രണത്തിന്റെ പ്രധാന ഘടനാ പങ്കാളികളായ വൈറൽ പ്രോട്ടീനിന്റെയും തന്മാത്രാ വിശകലനങ്ങൾ കൊണ്ട് ഇത്തരമുള്ള രോഗപ്പകർച്ചാ സാദ്ധ്യതകൾ മനസ്സിലാക്കാവുന്നതാണ്. Covid 19 നു ശേഷമുള്ള ചൈനയിൽ ആഹാരാവശ്യത്തിലേക്കായി പൂച്ച, നായ തുടങ്ങിയ ജീവി വർഗ്ഗങ്ങളെ ഉപയോഗിക്കുന്നത് കർശനമായി വിലക്കിക്കൊണ്ട് ചൈനീസ്  ഗവൺമെൻറ് ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് ഇതുമായി ചേർത്തു വായിക്കാവുന്നതാണ്  

നാച്ചുറൽ സെലക്ഷൻ Vs രോഗ നിർമാർജനം :


ഏറ്റവും പുതിയ കണക്കനുസരിച്ച് 10 ലക്ഷം പേരാണ് ലോകത്താകമാനം കോവിഡ് ബാധിതരായിരിക്കുന്നത്.ഇതിൽ  അമ്പതിനായിരത്തോളം പേർ മരണമടഞ്ഞു,  രണ്ടുലക്ഷത്തോളം പേർ രോഗവിമുക്തരായി,  പലരാജ്യങ്ങൾ രോഗബാധയുടെ പല അവസ്ഥകളിൽ അമർന്നിരിക്കലുകയാണ് ഇപ്പോഴും. ശാസ്ത്രീയമായ സമീപനത്തിനു  മാത്രമേ ഇത്തരമൊരു മഹാമാരിയിൽ നിന്ന്  മനുഷ്യരാശിയെ രക്ഷിക്കാനാവൂ എന്ന് നാം അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.  ആരോഗ്യപ്രവർത്തകരുടെ നിരന്തര യത്നത്തോടൊപ്പം  തന്നെ നിരവധി ശാസ്ത്രജ്ഞർ covid 19 ഡയഗ്നോസിസ് ചികിത്സ, വാക്‌സിൻ, പ്രതിരോധ നടപടികൾ എന്നിവ കണ്ടെത്താൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.  ഈ രണ്ടു മൂന്ന് മാസങ്ങൾകൊണ്ട് തന്നെ യുദ്ധകാലാടിസ്ഥാനത്തിലുള്ള ആയിരക്കണക്കിന് covid 19 സംബന്ധ ശാസ്ത്രീയ ഗവേഷണ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചെറുതും വലുതുമായ ഓരോ കണ്ടെത്തലും ഈ വൈറസിനെ പ്രതിരോധിക്കുക  നിർമാർജനം ചെയ്യുക  എന്ന ലക്ഷ്യത്തിലേക്ക് നമ്മെ ഇഞ്ചിഞ്ചായി അടുപ്പിക്കുകയാണ്. സംഘടിതവും ശാസ്ത്രീയവുമായ  ചെറുത്തുനിൽപ്പ് എന്നതല്ലാതെ ഇത്തരമൊരു മഹാമാരിക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ മനുഷ്യരാശിക്ക് മറ്റ് പരിണാമ പരമായ പ്രിവിലേജുകളൊന്നുമില്ല. പ്രകൃതിയ്ക്ക് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ള മറ്റേതൊരു ജന്തു സ്പീഷീസിനെയും പോലെ ഒന്ന്.  അത്രമാത്രം.

(എസ് സി എം എസ് ബയോടെക്നോളജി ബയോസയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com