വായുവിലൂടെ സൂക്ഷ്മകണികകളായി കൊറോണ വൈറസ് പടരും ; പുതിയ പഠനങ്ങള്‍

മാസ്‌ക് ഉപയോഗിക്കേണ്ടതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ വരെ മാറ്റം വരുത്തേണ്ടി വരും', അന്തോണി ഫൗസി പറഞ്ഞു
വായുവിലൂടെ സൂക്ഷ്മകണികകളായി കൊറോണ വൈറസ് പടരും ; പുതിയ പഠനങ്ങള്‍

വാഷിങ്ടണ്‍: കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് പഠനങ്ങള്‍. രോഗം ബാധിച്ചയാളുമായി നേരിട്ട് സമ്പര്‍ക്കത്തിലൂടെയോ, പരിചരിക്കുന്നതിലൂടെയോ മാത്രമേ വൈറസ് പടരൂ എന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. എന്നാല്‍ സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുകയും മറ്റൊരാളിലേക്ക് പകര്‍ന്നേക്കാമെന്നും അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അമേരിക്കന്‍ പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്ന ഒരാളുടെ എതിരെ നിന്ന് സംസാരിക്കുന്ന വ്യക്തിയിലേക്കും വൈറസ് പടരുമെന്ന് അടുത്തിടെ പഠനം വന്നിരുന്നു. അതിനാല്‍ മാസ്‌ക് ഉപയോഗിക്കേണ്ടതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ വരെ മാറ്റം വരുത്തേണ്ടി വരും', അന്തോണി ഫൗസി പറഞ്ഞു. രോഗം ബാധിച്ചയാളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെയുള്ള അധികൃതരുടെ നിര്‍ദേശങ്ങള്‍.

പുതിയ പഠനം ചൂണ്ടിക്കാട്ടി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ഏപ്രില്‍ ഒന്നിന്  വൈറ്റ്ഹൗസിന് കത്തയച്ചിരുന്നു. പഠനം ഇതുവരെ തീര്‍പ്പിലെത്തിയിട്ടില്ല. പക്ഷെ ഇതുവരെയുള്ള പഠനത്തിലെ കണ്ടെത്തല്‍ വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസ് പടരുമെന്നാണ്.

അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ് പടരൂ എന്നായിരുന്നു ഇതുവരെയുള്ള പഠനം പറഞ്ഞിരുന്നത്. ആളുകള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തു വരുന്ന വൈറസ് അടങ്ങിയ ദ്രവകണങ്ങളിലൂടെ മാത്രമേ രോഗം പടരുകയുള്ളൂ എന്നതിനാല്‍ അതിനനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരും ഭരണകൂടങ്ങളും ഇതുവരെ സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com