കൊറോണ വൈറസ് മുഖാവരണത്തില്‍ ഒരാഴ്ച വരെ, കറന്‍സി നോട്ടില്‍ ദിവസങ്ങളോളം; പഠന റിപ്പോര്‍ട്ട് 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുഖാവരണത്തില്‍ ഒരാഴ്ച വരെ കൊറോണ വൈറസ് നിലനില്‍ക്കുമെന്ന് പഠന റിപ്പോര്‍ട്ട്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ബീജിങ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുഖാവരണത്തില്‍ ഒരാഴ്ച വരെ കൊറോണ വൈറസ് നിലനില്‍ക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ബാങ്ക് നോട്ടിലും സ്‌റ്റൈയിന്‍ലെസ് സ്റ്റീലിലും പ്ലാസ്റ്റിക്കിലും ദിവസങ്ങളോളം നില്‍ക്കാനും കൊറോണ വൈറസിന് സാധിക്കുമെന്നും ഹോങ്കോങ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു പ്രതലങ്ങളില്‍ വൈറസിന്റെ ശക്തി പെട്ടെന്ന് കുറയുന്നതായി ഗവേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമായി ഉപയോഗിക്കുന്ന സുരക്ഷാ ഉപകരണമാണ് മുഖാവരണം. മുഖാവരണത്തിന്റെ പുറംപാളിയില്‍ ഏഴു ദിവസം വരെ കൊറോണ വൈറസ് ജീവനോടെ നിലനില്‍ക്കുമെന്ന റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നതാണ്. അതുകൊണ്ട് മുഖാവരണത്തിന്റെ പുറംപാളിയില്‍ ഒരു കാരണവശാലും തൊടാന്‍ പാടില്ലെന്ന് പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഏതെങ്കിലും കാരണത്താല്‍ കൈയില്‍ വൈറസ് പറ്റുന്ന അവസ്ഥ ഉണ്ടാവുകയും കണ്ണില്‍ തൊടുകയും ചെയ്താല്‍ രോഗബാധ ഉണ്ടാകാനുളള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അനുകൂലമായ സാഹചര്യത്തില്‍ കൂടുതല്‍ സമയം അതിജീവിക്കാന്‍ സാര്‍സ്- കൊറോണ വൈറസ് രണ്ടിന് സാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അണുനാശിനികളായ ബ്ലീച്ചിങ് പൗഡര്‍, സോപ്പ് എന്നിവയുടെ നിരന്തരം ഉപയോഗത്തിലൂടെ വൈറസിനെ കൊല്ലാന്‍ സാധിക്കും. ഇടയ്ക്കിടെ കൈ സോപ്പിട്ട്  കഴുകുന്നത് വഴി വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും.  അതേസമയം ട്രീറ്റ് ചെയ്ത മരത്തിലും വസ്ത്രത്തിലും രണ്ടാമത്തെ ദിവസം മാത്രമാണ് വൈറസ് അപ്രത്യക്ഷമാകുന്നത്. 

സ്റ്റെയിന്‍ലെസ് സ്റ്റീലിലും പ്ലാസ്റ്റിക്കിലും ബാങ്ക് നോട്ടിലും സ്ഥിതി വ്യത്യസ്തമാണ്. ബാങ്ക് നോട്ടില്‍ രണ്ടാമത്തെ ദിവസവും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നാലാമത്തെ ദിവസം വരെ ഇതിന് നോട്ടില്‍ ജീവിക്കാന്‍ സാധിക്കും. സ്റ്റെയിന്‍ലെസ് സ്റ്റീലിലും പ്ലാസ്റ്റിക്കിലും ഇത് നാലുമുതല്‍ ഏഴുദിവസം വരെ നീണ്ടുനില്‍ക്കാമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. സമ്പര്‍ക്കത്തിന് പുറമേ മറ്റു വഴികളിലൂടെയും രോഗം പകരാനുളള സാധ്യതയിലേക്ക് വഴി തുറക്കുന്നതാണ് പഠനറിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com