കൊറോണയുടെ ആകൃതി ഉണ്ട് എന്ന് കരുതി മണ്ടത്തരങ്ങള്‍ക്ക് പിന്നാലെ പോകരുത്, ഉമ്മത്തിന്‍ കായ  ജീവന്‍ നഷ്ടമാക്കും; മുന്നറിയിപ്പ്

ആരെങ്കിലും ഇത് കഴിച്ചു എന്നറിഞ്ഞാല്‍ എത്രയും പെട്ടെന്ന് സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് പ്രധാനം
കൊറോണയുടെ ആകൃതി ഉണ്ട് എന്ന് കരുതി മണ്ടത്തരങ്ങള്‍ക്ക് പിന്നാലെ പോകരുത്, ഉമ്മത്തിന്‍ കായ  ജീവന്‍ നഷ്ടമാക്കും; മുന്നറിയിപ്പ്

ലോകമൊട്ടാകെ കൊറോണ വൈറസ് മരണം വിതയ്ക്കുമ്പോള്‍ തന്നെ അന്ധവിശ്വാസകളും തെറ്റിദ്ധാരണകളും സമൂഹത്തില്‍ കൂടി വരുന്നത് ആശങ്കയുളവാക്കുന്നതാണ്. കോവിഡ് 19 വൈറസിന്റെ ആകൃതിയുള്ള ഒരു ഫലം ഒറ്റമൂലി ആയി കഴിച്ച് 12 പേര്‍ ആശുപത്രിയിലായി. അഞ്ചു പേര്‍ കുട്ടികളാണ്. ഉമ്മത്തിന്റെ കായ അരച്ച് ചേര്‍ത്ത ദ്രാവകം കുടിച്ചാണ് അപകടം ഉണ്ടായത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വാര്‍ത്തയാണ്. അതുകൊണ്ട് ദയവുചെയ്ത് വൈറസിന്റെ ആകൃതി ഉണ്ട് എന്ന് കരുതി ഇതൊന്നും എടുത്ത് ഉപയോഗിക്കരുതെന്നും ജീവനും ആരോഗ്യവും നഷ്ടമാകുമെന്നുമുളള മുന്നറിയിപ്പുമായി  ഇന്‍ഫോ ക്ലിനിക് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഡോക്ടര്‍ ജിനേഷ് പി എസ് ആണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

കുറിപ്പ്:

കോവിഡ് 19 വൈറസിന്റെ ആകൃതിയുള്ള ഒരു ഫലം ഒറ്റമൂലി ആയി കഴിച്ച് 12 പേര്‍ ആശുപത്രിയിലായി. അഞ്ചു പേര്‍ കുട്ടികളാണ്. ആന്ധ്രപ്രദേശില്‍ നിന്നുള്ള വാര്‍ത്തയാണ്. ഉമ്മത്തിന്റെ കായ അരച്ച് ചേര്‍ത്ത ദ്രാവകം കുടിച്ചതാണ് അപകടം സൃഷ്ടിച്ചത്.

പല ചിത്രങ്ങളിലും കോവിഡ് വൈറസിനെ വരച്ചുകാട്ടുന്നത് പച്ചനിറമുള്ള, മുള്ളുകളുള്ള ഒരു ഫലത്തിന് സമാനമായാണ്. ഏതാണ്ട് നമ്മുടെ ഉമ്മത്തിന്റെ ആകൃതിക്ക് സമാനം.

 വെള്ളനിറമുള്ള പൂവുള്ള Datura alba, പര്‍പ്പിള്‍ നിറം ഉള്ള പുഷ്പമുള്ള Datura niger എന്നിവയാണ് നമ്മുടെ നാട്ടില്‍ പ്രധാനമായും കാണുന്നത്. ഫലത്തിന്റെ ആകൃതി കാരണം thorn apple /devil's apple എന്നൊക്കെ നാട്ടുഭാഷയില്‍ വിളിക്കാറുണ്ട്. ഇതിനുള്ളിലെ കുരുക്കള്‍ക്ക് മുളക് കുരുക്കളുമായി സാമ്യമുണ്ട്.

 കാര്യം ആപ്പിള്‍ എന്നൊക്കെ വിളിക്കപ്പെടുന്നുണ്ടെങ്കിലും സ്വഭാവം അത്ര നല്ലതല്ല. മരണം സംഭവിക്കാന്‍ 0.6 - 1 gm കുരുകള്‍ ഉള്ളില്‍ ചെന്നാല്‍ മതിയാവും, അതായത് ഏകദേശം നൂറിനു മുകളില്‍ കുരുക്കള്‍. 24 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാം.

 ഇവയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കുറഞ്ഞ ഡോസില്‍ നല്‍കിയാല്‍ കഴിക്കുന്നയാള്‍ അബോധാവസ്ഥയിലാകും. ഈ സ്വഭാവം ഉള്ളതുകൊണ്ട് പണ്ട് കിഡ്‌നാപ്പ് ചെയ്യുന്നതിനും ട്രെയിനില്‍ മോഷണത്തിനും ഒക്കെ ഇത് ഉപയോഗിച്ചിരുന്നു.

 ഉമ്മത്തെ വിഷമാക്കുന്നത് ഇതില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡുകള്‍ ആണ്. പ്രധാനമായും taropine, hyosine, hyosinamine എന്നിവ. ഇവ തലച്ചോറിനെ ആദ്യം ഉത്തേജിപ്പിക്കുകയും പിന്നീട് മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് മെഡുല്ലയിലെ പ്രധാന സെന്ററുകളില്‍ പരാലിസിസ് ഉണ്ടാവുന്നു. തുടര്‍ന്ന് മരണം സംഭവിക്കാന്‍ വരെ സാധ്യതയുണ്ട്.

 ഇവ കഴിക്കുമ്പോള്‍ കയ്പുരസം ആണ്. വായ ഉണങ്ങി വരളുകയും സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നു. ശബ്ദം കൂടുതല്‍ പരുഷമാകുന്നു. ആമാശയത്തില്‍ (വയറ്റില്‍) പൊള്ളുന്ന പോലുള്ള വേദന ആരംഭിക്കുകയും ശര്‍ദ്ദിക്കാന്‍ തോന്നുകയും ചെയ്യുന്നു. ത്വക്ക് വരണ്ട് ചുവക്കുന്നു. കൃഷ്ണമണി വികസിക്കുകയും കാഴ്ച ബുദ്ധിമുട്ട് ആവുകയും ചെയ്യുന്നു.

 തുടര്‍ന്ന് കൈകാലുകളില്‍ പരാലിസിസ് വരാന്‍ സാധ്യതയുണ്ട്. മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടും വേദനയും ഉണ്ടാവുകയും ചെയ്യുന്നു. ആദ്യം പള്‍സ് കൂടുകയും പിന്നീട് ശക്തി കുറഞ്ഞ് ക്രമരഹിതം ആവുകയും ചെയ്യുന്നു. ശ്വസന പ്രക്രിയ വേഗത്തിലാക്കുകയും പിന്നീട് മന്ദീഭവിക്കുകയും ചെയ്യുന്നു. മദ്യപിച്ച പോലുള്ള നടത്തം. ഡെലീറിയം അവസ്ഥയില്‍ എത്താനുള്ള സാധ്യതയുമുണ്ട്. തുടര്‍ന്ന് കോമയും അപസ്മാരവും ഉണ്ടാവാം.

റെസ്പിറേറ്ററി പരാലിസിസ് ആണ് മരണകാരണം.

ആരെങ്കിലും ഇത് കഴിച്ചു എന്നറിഞ്ഞാല്‍ എത്രയും പെട്ടെന്ന് സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് പ്രധാനം. കാരണം 24 മണിക്കൂറിനകം മരണം സംഭവിക്കാനുള്ള സാധ്യത ഉണ്ട്.

ആശുപത്രിയില്‍ എത്തിയാല്‍ ആമാശയം കഴുകുന്നത് മുതലുള്ള ചികിത്സാരീതികള്‍. തുടര്‍ന്ന് പല മരുന്നുകളും ആവശ്യമായിവരും. ചിലപ്പോഴൊക്കെ നൂതന സപ്പോര്‍ട്ടീവ് കെയര്‍ സൗകര്യങ്ങളും വേണ്ടിവരും.

ഉമ്മം മൂലം കൊലപാതകങ്ങളും ആത്മഹത്യകളും അപൂര്‍വമാണ്. പക്ഷേ, ആക്‌സിഡന്റല്‍ പോയ്‌സണിംഗ് ധാരാളം സംഭവിക്കുന്നുണ്ട്. അതുപോലെതന്നെ അശാസ്ത്രീയമായ ഉപയോഗവും അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഗര്‍ഭം അലസിപ്പിക്കാന്‍ ഉപയോഗിക്കുന്നതിലൂടെ മരണങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 അതുകൊണ്ട് ദയവുചെയ്ത് വൈറസിന്റെ ആകൃതി ഉണ്ട് എന്ന് കരുതി ഇതൊന്നും എടുത്ത് ഉപയോഗിക്കരുത്. ജീവനും ആരോഗ്യവും നഷ്ടമാകും. ആരെങ്കിലും പടച്ചു വിടുന്ന ടിക് ടോക് വീഡിയോകള്‍ക്ക്/മണ്ടത്തരങ്ങള്‍ക്ക് നമ്മുടെ കുട്ടികള്‍ ഇരയാകരുത്.

എഴുതിയത്  Dr. Jinesh PS
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com