'ഒരു മില്ലി ഉമിനീരീൽ ദശലക്ഷക്കണക്കിന് കോവിഡ് വൈറസുകൾ'; മാസ്കുകൾ മികച്ച പ്രതിരോധ മാർ​ഗമെന്ന് പഠനം

ആരോഗ്യവാനായ ഒരാളെ രോഗം ബാധിക്കാൻ 40 മുതൽ 200 രോഗാണുക്കൾ മതി
'ഒരു മില്ലി ഉമിനീരീൽ ദശലക്ഷക്കണക്കിന് കോവിഡ് വൈറസുകൾ'; മാസ്കുകൾ മികച്ച പ്രതിരോധ മാർ​ഗമെന്ന് പഠനം


ബീജിങ്:  കോവിഡ് വ്യാപനം തടയുന്നതിനായി മികച്ച പ്രതിരോധമാർ​ഗം മാസ്കുകൾ ​ധരിക്കുകയാണെന്ന് വിദ​ഗ്ധർ. കോവിഡ് രോ​ഗിയുടെ തുമ്മൽ അത്രമാത്രം വൈറസുകളെയാണ് അന്തരീക്ഷത്തിൽ വ്യാപിപ്പിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.  കോവിഡ് രോഗിയുടെ ഒരു മില്ലി ഉമിനീരിൽ ദശലക്ഷക്കണക്കിന് കൊറോണ വൈറസ്കണങ്ങളുടെ സാന്നിധ്യമുണ്ടാവാം എന്നാണ് വിദഗ്ധർ പറയുന്നത്. ഈ കൊറോണക്കാലത്ത് മാസ്ക് ധരിക്കുന്നത് ശീലമാക്കുന്നതിലൂടെ രോഗപ്രതിരോധത്തിനുള്ള വലിയ സാധ്യതയാണ് തുറന്നു കിട്ടുന്നതെന്ന് ഹോങ് കോങ് യൂനിവേഴ്സിറ്റി പ്രഫസറായ മൈക്രോബയോളജിസ്റ്റ് യുവാങ് ക്വോക്ക് യുങ് പറയുന്നു.

"കോവിഡ് രോഗിയുടെ ഒരു മില്ലി ഉമിനീരിൽ ദശലക്ഷക്കണക്കിന് കോവിഡ് വൈറസ്കണങ്ങളുടെ സാന്നിധ്യമുണ്ടാകും. ഒരു വൈറസ് കണികക്ക് ഒരാളെ രോഗബാധിതനാക്കാൻ ആകില്ല. കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തുന്ന ആരോഗ്യവാനായ ഒരാളെ രോഗം ബാധിക്കാൻ 40 മുതൽ 200 രോഗാണുക്കൾ മതി. ഇത്രയും വൈറസ് കണികകൾ മൂക്കിലൂടെയോ വായിലൂടെയോ ശ്വാസകോശത്തിലേക്ക് എത്തുമ്പോഴാണ് അണുബാധയുണ്ടാകുന്നത് " - അദ്ദേഹം പറയുന്നു.

സാർസ് - 2003നെതിരായ പോരാട്ടത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് പ്രഫ. യുവാങ് ക്വോക്ക് യുങ്. മുൻകാല അനുഭവം മുൻനിർത്തി ചില ഏഷ്യൻ രാജ്യങ്ങൾ മാസ്ക് ധരിക്കുന്നത് പോലെയുള്ള വ്യക്തിശുചിത്വമാർഗങ്ങൾ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്നുണ്ട്. എന്നാൽ, അത്തരം ശീലങ്ങളില്ലാത്ത അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും തിരിച്ചടികൾ ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

തായ്വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി പലതരം രോഗവ്യാപനങ്ങളെ നേരിട്ടവയാണ്. അതുകൊണ്ടാണ് ഇനി വരുംകാലങ്ങളിൽ ഉണ്ടാവാൻ സാധ്യതയുള്ള തിരിച്ചടികളെ നേരിടുന്നതിന്റെ ഭാഗമായി മാസ്ക് ധരിക്കുന്നത് പോലെയുള്ള വ്യക്തിശുചിത്വമാർഗങ്ങൾ അവിടെ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്.അത് ലോകത്തെ എല്ലാവരും പ്രാവർത്തികമാക്കണമെന്നാണ് പ്രഫ. യുവാങ് ക്വോക്ക് യുങിന്റെ അഭിപ്രായം. രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും മാസ്ക് ധരിക്കുന്നത് നല്ലതാണ്. മറ്റൊരാളുടെ രോഗാണു നിങ്ങളിലേക്കും തിരിച്ചും വ്യാപിക്കുന്നത് തടയാൻ ഇതിലൂടെ സാധിക്കും.

രോഗത്തിന് ഫലപ്രദമായ പ്രതിരോധ മരുന്നോ ചികിത്സയോ ഇല്ലാത്ത സാഹചര്യത്തിൽ മാസ്ക് കൊണ്ട് വായയും മൂക്കും മറയ്ക്കുന്നത്  ഇത്തരം പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ സഹായിക്കും. അധികസുരക്ഷ വേണ്ടവർക്ക് എൻ-95 മാസ്കുകളും അല്ലാത്തവർക്ക് സാധാരണ സർജിക്കൽ മാസ്കുകളും ധരിക്കാമെന്നും പ്രഫ. യുവാങ് ക്വോക്ക് യുങ് ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com