കോവിഡ് മൂലം ശ്വാസതടസ്സം മാത്രമല്ല, തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ചേക്കാം ; മുന്നറിയിപ്പ്

ഗന്ധം തിരിച്ചറിയാൻ കഴിയാതിരിക്കുക, നാഡീവേദന, സന്നി, മസ്തിഷ്‍കാഘാതം എന്നിവയായിരുന്നു
കോവിഡ് മൂലം ശ്വാസതടസ്സം മാത്രമല്ല, തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ചേക്കാം ; മുന്നറിയിപ്പ്

വാഷിങ്ടൺ: കോവിഡ്-19 തലച്ചോറിനേയും ബാധിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധരുടെ വെളിപ്പെടുത്തൽ.  ചൈനയിൽ ഗവേഷണത്തിന് വിധേയരാക്കിയ 214 കോവിഡ് രോഗികളിൽ 36.4 ശതമാനം പേരും നാഡീവ്യൂഹത്തെ വൈറസ് ബാധിച്ചെന്നു സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നെന്ന് ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.

ഗന്ധം തിരിച്ചറിയാൻ കഴിയാതിരിക്കുക, നാഡീവേദന, സന്നി, മസ്തിഷ്‍കാഘാതം എന്നിവയായിരുന്നു ഇത്. 59 രോഗികളെ നിരീക്ഷിച്ച് ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ നടത്തിയ പഠനത്തിലും പകുതിയിലേറെ രോഗികളിൽ സമാന ലക്ഷണങ്ങളുണ്ടായിരുന്നതായി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ന്യൂയോർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചില രോഗികൾ സാധാരണ കോവിഡ് ലക്ഷണങ്ങളായ പനി, ചുമ, ശ്വാസതടസ്സം എന്നിവയ്ക്കുപുറമേ സ്ഥലകാലഭ്രമം കൂടി പ്രകടിപ്പിച്ചിരുന്നു. തങ്ങൾ എവിടെയാണെന്നോ ഏതുവർഷമാണ് ഇതെന്നോ ഓർത്തെടുക്കാൻ അവർക്കു കഴിയുന്നുണ്ടായിരുന്നില്ല. കോവിഡ് വൈറസ് തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ബാധിച്ചേക്കുമെന്നാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നതെന്ന് ന്യൂയോർക്കിലെ ലാങ്കോൺ ബ്രൂക്‌ലിൻ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ജെന്നിഫർ ഫ്രണ്ടേര പറഞ്ഞു.

“ ശ്വാസമെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നമാണിതെന്നാകും നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ ഇത് തലച്ചോറിനെയും ബാധിക്കുന്നുണ്ട്.”-കാലിഫോർണിയ സർവകലാശാലയിലെ ന്യൂറോളജി വിഭാഗം മേധാവി ആൻഡ്രൂ ജോസഫ്സൺ പറഞ്ഞു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടില്ലെങ്കിൽ ആശുപത്രിയിലെത്തേണ്ട ആവശ്യമില്ലെന്ന ഉപദേശം ഇനിമുതൽ മാറ്റേണ്ടിയിരിക്കുന്നെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com