കോവിഡിനെ പിടിച്ചുകെട്ടാന്‍ ശാസ്ത്രലോകം ; മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണത്തിന് ബ്രിട്ടനും ജര്‍മ്മനിയും ; 80 ശതമാനം വിജയസാധ്യതയെന്ന് ഗവേഷകര്‍

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് ക്ലിനിക്കല്‍ ടെസ്റ്റിന് തയ്യാറെടുക്കുന്നത്
കോവിഡിനെ പിടിച്ചുകെട്ടാന്‍ ശാസ്ത്രലോകം ; മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണത്തിന് ബ്രിട്ടനും ജര്‍മ്മനിയും ; 80 ശതമാനം വിജയസാധ്യതയെന്ന് ഗവേഷകര്‍

ലണ്ടന്‍ : കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്റെ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വ്യാഴാഴ്ച മുതല്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്ന് റിസര്‍ച്ച് ഡയറക്ടര്‍ പ്രൊഫസര്‍ സാറ ഗില്‍ബര്‍ട്ട് പറഞ്ഞു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് ക്ലിനിക്കല്‍ ടെസ്റ്റിന് തയ്യാറെടുക്കുന്നത്. 18 നും 55 നും ഇടയില്‍ പ്രായമുള്ള 510 വോളന്റിയര്‍മാരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ചിമ്പാന്‍സികളില്‍ കാണപ്പെടുന്ന വൈറസിനെ അടിസ്ഥാനമാക്കിയുള്ള വാക്‌സിനേഷന്റെ ആദ്യ ഡോസാണ് നല്‍കുന്നത്.

പരീക്ഷണം 80 ശതമാനം വിജയകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രൊഫസര്‍ സാറ ഗില്‍ബര്‍ട്ട് പറഞ്ഞു. വാക്‌സിന് അംഗീകാരം ലഭിച്ചാല്‍, സെപ്റ്റംബറോടെ ഒരു ദശലക്ഷം ഡോസ് വാക്‌സിന്‍ ലഭ്യമാക്കാനാണ് യൂണിവേഴ്‌സിറ്റി പദ്ധതിയിടുന്നതെന്നും സാറ ഗില്‍ബര്‍ട്ട് സൂചിപ്പിച്ചു.

ബ്രിട്ടന് പുറമെ ജര്‍മ്മനിയും കൊറോണയ്‌ക്കെതിരെ ക്ലിനിക്കല്‍ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ജര്‍മ്മന്‍ കമ്പനിയായ ബയോണ്‍ടെക്കും യുഎസ് കമ്പനിയായ ഫൈസറും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനാണ് ജര്‍മ്മന്‍ റെഗുലേറ്ററി ബോഡി പിഇഐ പച്ചക്കൊടി കാട്ടിയത്. ഇതടക്കം ലോകത്ത് കൊറോണ വൈറസിനെതിരെ അഞ്ചോളം ക്ലിനിക്കല്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളാണ് ഊര്‍ജ്ജിതമായി പുരോഗമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com