കോവിഡ് മരുന്ന് പരീക്ഷണത്തില്‍ തിരിച്ചടി?; മനുഷ്യനില്‍ നടത്തിയ ആദ്യഘട്ട ക്ലിനിക്കല്‍ ട്രയല്‍ പരാജയം

മനുഷ്യനില്‍ നടത്തിയ കൊറോണ വൈറസ് മരുന്നിന്റെ പരീക്ഷണം പരാജയം
കോവിഡ് മരുന്ന് പരീക്ഷണത്തില്‍ തിരിച്ചടി?; മനുഷ്യനില്‍ നടത്തിയ ആദ്യഘട്ട ക്ലിനിക്കല്‍ ട്രയല്‍ പരാജയം

ന്യൂയോര്‍ക്ക്: മനുഷ്യനില്‍ നടത്തിയ കൊറോണ വൈറസ് മരുന്നിന്റെ പരീക്ഷണം പരാജയം. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പുതിയ ചുവടുവെയ്പ് ആകുമെന്ന പ്രതീക്ഷകള്‍ക്കാണ് ഇത് മങ്ങലേല്‍പ്പിച്ചത്. 

ഗിലെയാദ് സയന്‍സ് വികസിപ്പിച്ചെടുത്ത റെംഡെസിവിര്‍ എന്ന മരുന്നിന്റെ പരീക്ഷണമാണ് പരാജയപ്പെട്ടത്. ഇക്കാര്യം ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റില്‍ ഈ മരുന്നിന് വലിയ സാധ്യതയുളളതായി പറയുന്നതായി ഗിലെയാദ് വാദിക്കുന്നു.

ചൈനയില്‍ മനുഷ്യനില്‍ നടത്തിയ പരീക്ഷണമാണ് പരാജയപ്പെട്ടത്. 237 രോഗികളെയാണ് ഇതിനായി സജ്ജമാക്കിയത്.  18 രോഗികളില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തിവെച്ചത്.

237 രോഗികളില്‍ 158 പേര്‍ക്ക് മരുന്ന് നല്‍കാനാണ് നിശ്ചയിച്ചിരുന്നത്. പരീക്ഷണത്തിന് വിധേയമാക്കാതെ താരതമ്യത്തിനായി തെരഞ്ഞെടുക്കുന്ന കണ്‍ട്രോള്‍ ഗ്രൂപ്പായി 79 പേരാണ് ഉണ്ടായിരുന്നത്. പരീക്ഷണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കണ്‍ട്രോള്‍ ഗ്രൂപ്പില്‍ നിന്ന് അധികമായി ഒരു മെച്ചപ്പെട്ട ഫലവും മരുന്നില്‍ നിന്ന് ലഭിച്ചില്ല എന്ന് കണ്ടെത്തി. 

ഒരുമാസത്തിന് ശേഷം റെംഡെസിവിര്‍ മരുന്ന് നല്‍കിയ 13.9 ശതമാനം രോഗികള്‍ മരണത്തിന് കീഴടങ്ങി. എന്നാല്‍ കണ്‍ട്രോള്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട രോഗികളില്‍ 12.8 ശതമാനം മാത്രമാണ് മരണസംഖ്യ. എന്നാല്‍ മരുന്ന് പരീക്ഷണം പരാജയപ്പെട്ടു എന്ന വാര്‍ത്ത ഗിലെയാദ് നിഷേധിച്ചു. റിപ്പോര്‍ട്ട് പൂര്‍ണമല്ല. രോഗം തുടക്കത്തില്‍ കണ്ടുപിടിച്ചവരില്‍ മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വലിയ തോതിലുളള പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുമെന്നും കമ്പനി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com