കോട്ടണ്‍+സില്‍ക്ക് മാസ്‌ക്; വൈറസ് വ്യാപനം തടയാന്‍ ഏറ്റവും മികച്ചത് ഇതെന്ന് ഗവേഷകര്‍

കോട്ടണ്‍+സില്‍ക്ക് മാസ്‌ക്; വൈറസ് വ്യാപനം തടയാന്‍ ഏറ്റവും മികച്ചത് ഇതെന്ന് ഗവേഷകര്‍
ഫോട്ടോ: ഷാജി വെട്ടിപ്പുറം
ഫോട്ടോ: ഷാജി വെട്ടിപ്പുറം

കോട്ടണ്‍, സില്‍ക്ക് തുണികള്‍ ചേര്‍ത്തുവച്ചുകൊണ്ടിള്ള മാസ്‌കിന് കൊറോണ വൈറസിനെ ഫലപ്രദമായി തടയാനാവുമെന്ന് ഗവേഷകര്‍. ആശുപത്രികളില്‍ ഉപയോഗിക്കുന്ന എന്‍-95 മാസ്‌കിനു സമാനമായ വിധത്തില്‍ വൈറസ് വ്യാപനം തടയാന്‍ ഇത്തരത്തില്‍ തയാറാക്കുന്ന മുഖാവരണത്തിനു കഴിയുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

എസിഎസ് നാനോ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. വൈറസ് ബാധയുള്ളയാളുടെ സ്രവങ്ങളിലൂടെയാണ് കൊറോണ പകരുന്നത്. രോഗബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്കു തെറിക്കുന്ന സ്രവ ശകലങ്ങളാണ് പ്രധാനമായും വൈറസിനെ വഹിക്കുന്നത്. രോഗിയുടെ സംസാരത്തിനിടയിലും ഉച്ഛ്വസിക്കുമ്പോഴും പുറത്തുവരാനിടയുള്ള സ്രവ ശകലങ്ങളും വൈറസ് വ്യാപനത്തിന് ഇടവയ്ക്കും. ഇതുകൊണ്ടാണ് അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും ചെയ്യുകയാണ് കോവിഡിനെ തടയാനുള്ള പ്രധാന മാര്‍ഗങ്ങളെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നത്.

സ്രവശകലങ്ങള്‍ പല വലിപ്പത്തില്‍ ഉണ്ടാവാമെങ്കിലും തീരെ ചെറിയവയാണ് വൈറസ് വ്യാപനത്തിന് സാധാരണ ഗതിയില്‍ ഇടയാക്കുക. സാധാരണ തുണികൊണ്ടുള്ള മുഖാവരണം ധരിച്ചാലും അവയ്ക്കിടയിലെ വിടവുകളിലൂടെ ചെറിയ സ്രവശകലങ്ങള്‍ കടന്നുപോവും. ഈ പശ്ചാത്തലത്തിലാണ് ഷിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ തുണികൊണ്ടുള്ള മുഖാവരണങ്ങള്‍ എങ്ങനെ കാര്യക്ഷമമാക്കാം എന്ന പരിശോധന നടത്തിയത്.

പ്രത്യേകമായി ചേംബര്‍ നിര്‍മിച്ച് അതില്‍ മനുഷ്യന്റെ ഉച്ഛ്വാസ വായുവിന്റെ വേഗത്തില്‍ സ്രവ ശകലങ്ങളെ കടത്തിവിട്ടാണ് ഗവേഷണം നടത്തിയത്. കോട്ടണ്‍ തുണിയുടെ ഒരു പാളിയും ഷിഫോണ്‍ തുണിയുടെ രണ്ടു പാളിയും ചേര്‍ത്ത മാസ്‌ക് ആണ് സ്രവ ശകലങ്ങളെ തടയാന്‍ ഏറ്റവും ഫലപ്രദമായി കണ്ടതെന്ന് ഗവേഷകര്‍ പറയുന്നു. ഷിഫോണ്‍ തുണിക്കു പകരം സില്‍ക്ക് ഉപയോഗിച്ചപ്പോഴും സമാനമായ ഫലങ്ങള്‍ കിട്ടി. ഏതാണ്ട് എന്‍ 95 മ്ാസ്‌കിനു സമാനമാണ്, വൈറസ് വ്യാപനം തടയാനുള്ള ഇതിന്റെ ശേഷിയെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com