ചുക്കു കാപ്പി, ചൂടുവെള്ളം, ഇമ്യൂണിറ്റി ബൂസ്റ്റര്‍... കോവിഡിന് എതിരെ ഇതൊന്നും പോരെന്ന് ആരോഗ്യ വിദഗ്ധര്‍; വ്യാജമരുന്നിനെതിരെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്

ചുക്കു കാപ്പി, ചൂടുവെള്ളം, ഇമ്യൂണിറ്റി ബൂസ്റ്റര്‍... കോവിഡിന് എതിരെ ഇതൊന്നും പോരെന്ന് ആരോഗ്യ വിദഗ്ധര്‍; വ്യാജമരുന്നിനെതിരെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
ചുക്കു കാപ്പി, ചൂടുവെള്ളം, ഇമ്യൂണിറ്റി ബൂസ്റ്റര്‍... കോവിഡിന് എതിരെ ഇതൊന്നും പോരെന്ന് ആരോഗ്യ വിദഗ്ധര്‍; വ്യാജമരുന്നിനെതിരെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ മറവില്‍ ഇമ്യൂണിറ്റി ബൂസ്റ്റര്‍ എന്ന പേരില്‍ വരുന്ന ഉത്പന്നങ്ങളെ കരുതിയിരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. ഇത്തരത്തില്‍ നിരവധി ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ വ്യാജ മരുന്നുകളും സജീവമായിരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈനിലൂടെയാണ്  ഇവയുടെ പരസ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതെന്ന് ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് നിഖില്‍ മോദി പറഞ്ഞു.

കോവിഡ് വ്യാപനവും ലോക്ക് ഡൗണും വന്നതോടെ ആളുകള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുണ്ട്. വാര്‍ത്തകളില്‍ അവര്‍ കൂടുതല്‍ കേള്‍ക്കുന്നത് രോഗവ്യാപനത്തെക്കുറിച്ചാണ്. ഇതു ആളുകളില്‍ ആശങ്കയുണ്ടാക്കും. ഈ സാഹചര്യം മുതലെടുത്താണ് ഇമ്യൂണിറ്റി ബൂസ്റ്റര്‍ പോലുള്ളവയുടെ പ്രചാരമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഫലത്തെയോ പാര്‍ശ്വഫലത്തെയെ കുറിച്ചുള്ള ഒരു അറിവും ഇല്ലാതെയാണ് ഇത്തരം മരുന്നുകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഡോ. മോദി പറഞ്ഞു. കോവിഡിന് നിലവില്‍ മരുന്നില്ല എന്ന വസ്തുത ഉള്‍ക്കൊള്ളുകയാണ് ആദ്യം വേണ്ടത്. കോവിഡിന് മരുന്നോ വാക്‌സിനോ നിലവില്‍ കണ്ടുപിടിച്ചിട്ടില്ല. ആരെങ്കിലും അങ്ങനെയൊരു അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കില്‍ അതു തെറ്റാണ്- അദ്ദേഹം പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കാന്‍ ചുക്കുകാപ്പിയും ചൂടുവെള്ളവും മതിയെന്നൊക്കെ പ്രചാരണങ്ങളുണ്ട്. ചില വൈറല്‍ രോഗങ്ങളുടെ ലക്ഷണങ്ങളെ ശമിപ്പിക്കാന്‍ ഇവയ്ക്കാവും. അല്ലാതെ കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇവയ്ക്കാവില്ല.

കോവിഡിനെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ ലഭിക്കുന്ന മരുന്നുകള്‍ ചിലപ്പോള്‍ ആരോഗ്യത്തിന് മറ്റു രീതിയില്‍ ദോഷകരമായേക്കാമെന്ന് ഇന്ത്യന്‍ സ്‌പൈനല്‍ ഇന്‍ജുറീസ് സെന്ററിലെ റെസ്പിറേറ്ററി ഡിസീസസ് കണ്‍സള്‍ട്ടന്റ് ഡോ. വിജയ് ദത്ത് പറഞ്ഞു. മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, സാമൂഹ്യ അകലം പാലിക്കുക ഇതൊക്കെയാണ് കോവിഡിനെതിരെ നിലവിലുള്ള പ്രതിരോധ മാര്‍ഗങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com