കോവിഡിന് എതിരെ മാസ്ക് എന്ന വാക്‌സിൻ

മാസ്കില്ലാതെ കോവിഡ് വന്നു പോകട്ടെ എന്ന്‌ വിചാരിക്കുന്നതിൽ വലിയ അപകടം ഉണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കുറച്ചുനാൾ മുന്നേ കേരളത്തിൽ സൂപ്പർ സ്പ്രെഡർ  തോതിലുള്ള കോവിഡ്     രോഗവ്യാപനങ്ങൾ ഉണ്ടായതായി നമുക്ക് അറിയാം. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അടുത്ത് സമ്പർക്കമുള്ള കുറേ പേരിലേക്ക് കോവിഡ് രോഗബാധ പടർന്നു പിടിക്കുന്ന ഇത്തരം സംഭവങ്ങൾ ഈ  പകർച്ചവ്യാധിയുടെ ഭീകരമുഖം കൊണ്ട് നമ്മളെ ഞെട്ടിക്കുന്നുണ്ട്.  എപ്പോഴാണ് നമ്മുടെ ഊഴം എന്ന് ആലോചിച്ചു പോകുന്ന അവസ്ഥ.  അത്തരം ഒരു കോവിഡ് സൂപ്പർ സ്പ്രെഡർ സംഭവം  അമേരിക്കയിലെ വാഷിംഗ്‌ടൺ സ്റ്റേറ്റിൽ  സംഭവിച്ചത് പിന്നീട് സൂക്ഷ്മമായി  പഠിക്കപ്പെട്ടിട്ടുണ്ട്.അതിൽ നമ്മൾ അവശ്യം  അറിഞ്ഞിരിക്കേണ്ട  ചില കാര്യങ്ങളുണ്ട് . 2020 മാർച്ച് 10 നു ഒരു ചർച്ച്  കൊയർ പ്രാക്ടീസ് നടക്കുകയാണ്. അറുപത്തിയൊന്നുപേർ , മിക്കവരും അറുപതോടടുത്ത പ്രായമുള്ളവർ, ഇടുങ്ങിയ  മുറി, അടുത്തടുത്തിരുന്ന്  രണ്ടരമണിക്കൂർ നേരം പ്രാക്ടീസ് . അതിനിടയിൽ അവർ നാലു പ്രാവശ്യം സ്ഥലങ്ങൾ വച്ചുമാറിയിരുന്നു. അന്ന് കൊയർ പ്രാക്റ്റീസിൽ പങ്കെടുത്ത അറുപത്തി ഒന്നുപേരിൽ അൻപത്തി മൂന്നു പേർക്കും കോവിഡ് ബാധിക്കുകയും രണ്ടു പേർ   മരിച്ചു പോവുകയും ചെയ്തു. അവരിൽ
ആർക്കാണ് കോവിഡ് ബാധ ആദ്യം സ്ഥിരീകരിച്ചത് എന്ന് കണ്ടെത്തി,   ആ വ്യക്തിയിൽ നിന്ന് മറ്റുള്ള ആളുകളിലേക്ക് എങ്ങനെ വ്യാപിച്ചിരിക്കാം എന്ന്‌  ശാസ്ത്രജ്ഞർ  നിർദ്ധരിച്ചെടുക്കുകയുണ്ടായി. ഇത്തരമൊരു  ക്വയർ പരിശീലന വേളയിൽ  ഗാനമാലപിച്ചു പ്രാക്ടീസ് ചെയ്യുമ്പോൾ രോഗമുള്ളവരുടെ  വായിൽ നിന്നും തൊണ്ടയിൽ നിന്നും വൈറസ് അടങ്ങിയ കണികകൾ പുറത്തു വരുമെന്ന് ഉറപ്പാണ്. പാടാൻ നേരം ദീർഘമായി ശ്വസിക്കുന്നത് കൊണ്ട് ഈ കണികകൾ എല്ലാവരുടെയും ശ്വാസത്തിൽ എത്തിച്ചേരുമെന്നും ഉറപ്പാണ് .

ഇതേ തരം വൈറസ് സംക്രമണമാണ് ആളുകൾ കൂടി നിന്ന് സംസാരിക്കുന്ന ഇടങ്ങളിലും സംഭവിക്കുന്നത് .ജപ്പാനിൽ ജനുവരി മുതൽ ഏപ്രിൽ വരെ ഉണ്ടായിരിക്കുന്ന കോവിഡ് ക്ലസ്റ്ററുകൾ കരോക്കെ പാർട്ടികളെയും ബാറുകളെയും ചുറ്റിപ്പറ്റിയാണ്. കോൺഫറൻസ് ,പാർട്ടി, മീറ്റിംഗ്, മാർക്കറ്റ്   തുടങ്ങി ആളുകൾ കൂടുന്ന ഏതിടത്തും ഇത് സംഭവിക്കാവുന്നതേയുള്ളു. സോഷ്യൽ ഡിസ്റ്റൻസിങ് നു പുറമെ ശരിയായ രീതിയിൽ മാസ്കുകൾ ഉപയോഗിക്കുന്നതും ഇത്തരം അതിവ്യാപനങ്ങൾ ഒഴിവാക്കിയേനെ.

പൊതു യോഗങ്ങളിലും റോഡിലും ടീവീ പരിപാടികളിലും കടകളിലും അഭ്യസ്ത   വിദ്യരും അല്ലാത്തവരും ചിലപ്പോൾ നമ്മൾ ഉൾപ്പെടെ, മാസ്കിനെ താടിയിലേയ്ക്ക് താഴ്ത്തി വച്ച്  സംസാരിക്കുകയും ചുമയ്ക്കുകയും ചെയ്യുന്നത് കാണാം.  .

2020 ഏപ്രിൽ 3 നു അമേരിക്കയിലെ സെന്റർ  ഫോർ ഡിസീസ് ഡയഗ്നോസിസ് (CDC ) കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി തുണി കൊണ്ടുള്ള മാസ്ക് ശുപാർശ ചെയ്തിരുന്നു.  തുടർന്നുള്ള മാസങ്ങളിൽ ഭീകരമായ രീതിയിൽ രോഗവ്യാപനം ഉണ്ടായിട്ടും  അമേരിക്കയിൽ മാസ്കിനെതിരെ ജനങ്ങൾ സംഘടിക്കുകപോലും ചെയ്യുന്നതായി കണ്ടു. പിന്നീട് രോഗലക്ഷണമില്ലാത്ത രോഗവാഹകരിൽ നിന്ന് കോവിഡ് പകരുന്നതായി സ്ഥിരീകരിച്ച ശേഷമാണു  ജൂൺ അഞ്ചാം തീയതി  ലോകാരോഗ്യ സംഘടന ലോകവ്യാപകമായി മാസ്ക് നിർബന്ധമായും ഉപയോഗിക്കാൻ നിഷ്കർഷിക്കുന്നത് (യൂണിവേഴ്സൽ മാസ്കിങ്).

അവഗണിക്കാനാവും വിധം ലളിതം എന്ന്‌ തോന്നുന്ന മാസ്ക് ധാരണം എന്ന പ്രതിരോധ രീതിയെ കുറിച്ച്   നീണ്ടു പോവുന്ന ഈ കോവിഡ്  മഹാമാരിക്കിടയിൽ തന്നെ മുപ്പതിൽ  കൂടുതൽ  പഠനങ്ങൾ നടന്നിട്ടുണ്ട്.ഇവയിൽ പലപഠനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ (സാൻഫ്രാൻസിസ്കോ),യിലെ മോണിക്ക ഗാന്ധിയും സംഘവും നടത്തിയ പഠനം ശ്രദ്ധേയമാണ്.

 മാസ്ക് ധരിക്കുന്നതു കൊണ്ട് രോഗവ്യാപനം തടയുന്നത് രണ്ടു വഴിക്കാണ്:

 1) രോഗലക്ഷണമില്ലാത്ത രോഗവാഹകരിൽ നിന്ന് മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്നത് തടയാനാകും

2)മാസ്ക് ധരിക്കുന്നയാൾക്കു രോഗസമ്പർക്കം ഉണ്ടായാൽ പോലും, മാസ്ക് എന്ന തടസ്സം കഴിഞ്ഞ് അയാളുടെ   ഉള്ളിലെത്തുന്ന വൈറസിന്റെ അളവ് വളരെ കുറവായിരിക്കും. അങ്ങനെയുള്ള കോവിഡ് രോഗികൾക്ക് തീവ്രത വളരെ കുറഞ്ഞ വൈറസ് ബാധ ഉണ്ടാവുകയും പ്രായേണ പെട്ടെന്നും അധികം സങ്കീർണ്ണതകൾ ഇല്ലാതെയും രോഗമുക്തി പ്രാപിക്കുന്നതായാണ് ഏറിവരുന്ന തെളിവുകൾ പറയുന്നത്  (ഹൃദ്രോഗം തുടങ്ങി മറ്റു അസുഖങ്ങൾ ഉള്ളവരുടെ കാര്യത്തിൽ ഇത് ശരിയാവണം എന്നില്ല)

ഈ പ്രധാനപ്പെട്ട സാധ്യത ഇതിനു മുൻപ് അധികം ശ്രദ്ധ നേടിയിരുന്നില്ല. കോവിഡ് രോഗതീവ്രത പലരിൽ പലവിധത്തിലാണെന്ന് ഇതിനകം നമ്മൾ മനസ്സിലാക്കിയിട്ടുണ്ടല്ലോ. മാസ്ക് മൂലം കുറഞ്ഞ അളവ് വൈറസ് സമ്പർക്കത്തിൽ വരുന്നു എന്ന ലളിതമായ വസ്തുത, കോവിഡ് രോഗത്തെ വലിയൊരളവോളം എങ്ങിനെ പ്രതിരോധിക്കുന്നു എന്ന്‌ നോക്കാം.

വൈറസ് പ്രതിരോധത്തെ സംബന്ധിച്ച മൂന്നു തലങ്ങൾ ഈ പശ്ചാത്തലത്തിൽ    പരിശോധിക്കേണ്ടതുണ്ട്    

1) വൈറോളജിക്കൽ കണ്ടെത്തലുകൾ :  കോവിഡ്നു കാരണമായ വൈറസിന്റെ   തന്നെ വിവിധ ഡോസുകൾ അളക്കാനും  മനുഷ്യരിൽ ഉണ്ടാകുന്ന രോഗ തീവ്രത റെക്കോർഡ് ചെയ്യാനും  സാധിക്കാത്തതു കൊണ്ട് നിയന്ത്രിത അളവുകളിൽ മൃഗങ്ങളിൽ ഈ സാധ്യത പരീക്ഷിച്ചിട്ടുണ്ട്. അത് പ്രകാരം ഹാംസ്റ്റെർ എന്ന പരീക്ഷണ മൃഗങ്ങളിൽ  നിയന്ത്രിത ഡോസുകളിൽ വൈറസ് നൽകുന്നത് കൊണ്ട്  കുറഞ്ഞ തീവ്രതയിലുള്ള കോവിഡ് രോഗം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതായത്  നേരത്തെ പറഞ്ഞതുപോലെ മാസ്ക് കാരണം ഒരാൾക്ക്  നേരിടേണ്ടി വരുന്ന വൈറസ് കണങ്ങളുടെ എണ്ണം കുറയുകയും രോഗതീവ്രത കുറയുകയും ചെയ്യുന്നു.

2)എപിഡെമിയോളോജിക്കൽ അഥവാ സാംക്രമിക രോഗശാസ്ത്രപ്രകാരം :

മാസ്കിന്റെ ഉപയോഗം സാർവത്രികമാവുന്നതിനു മുൻപുള്ള രോഗവ്യാപന നിരക്കും രോഗ തീവ്രതയും അതു കൊണ്ടുള്ള മരണ നിരക്കും പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാവും. കോവിഡ് മഹാമാരിയുടെ ആദ്യമാസങ്ങളിലെ   രോഗപ്പകർച്ചകളിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തതോ കുറഞ്ഞതോ ആയ കേസുകൾ 15% മാത്രമായിരുന്നു .സ്വാഭാവികമായും ബാക്കി 85% തീവ്രത കൂടിയ കോവിഡ് കേസുകളും. എന്നാൽ മാസങ്ങൾക്കു ശേഷം ഇപ്പോൾ യൂണിവേഴ്സൽ മാസ്കിങ് അഥവാ സാർവത്രികമായ മാസ്ക് ഉപയോഗം നടക്കുന്ന അവസരത്തിൽ , രോഗലക്ഷണമില്ലാത്തതോ (asymptomatic) കുറഞ്ഞതോ (mild symptoms ) കോവിഡ് കേസുകൾ 40 % ആയി ഉയർന്നിട്ടുണ്ട് .അതായത് തീവ്രത കൂടിയ കോവിഡ് കേസുകൾ 85 % ഇത് നിന്ന് 60 % ആയി കുറഞ്ഞിട്ടുണ്ട്.

മറ്റൊരുദാഹരണം, ആദ്യകാല കോവിഡ് എപിഡെമിയോളജി പഠനങ്ങൾക്ക് വഴിവച്ച ഡയമണ്ട് പ്രിൻസസ് എന്ന ജാപ്പനീസ് ക്രൂസ് കപ്പലിന്റെതാണ് .2020 ഫെബ്രുവരി ഒന്നാം തീയതി ഈ കപ്പലിൽ നിന്ന് ഹോങ്കോങ്ങിൽ ഇറങ്ങിയ ഒരാൾ   കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയി. അതോടെ ഈ കപ്പൽ ഫെബ്രുവരി മൂന്നാം തീയതി 3711 യാത്രക്കാരും ക്രൂവുമായി  ജപ്പാൻ തീരത്തെത്തി.ക്വാറെൻറ്റൈൻ  ചെയ്യപ്പെട്ടു. അടുത്ത  ഒരുമാസത്തിനുള്ളിൽ അതിൽ 700  പേർക്ക് കോവിഡ് ബാധിച്ചു. അതിൽ തന്നെ 20 % പേർക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു .   അടുത്തടുത്ത് ക്യാബിനുകൾ ഉള്ള അടച്ചു പൂട്ടിയ ഇത്തരം ഒരു അന്തരീക്ഷത്തിൽ രോഗാണുക്കൾ തങ്ങി നിൽക്കാനും രോഗം പകരാനും സാധ്യത വളരെ കൂടുതലാണ്.  അന്ന് മാസ്ക് ഉപയോഗം പ്രസ്തുത സഞ്ചാരികളാൽ    കർശനമായി പാലിക്കപ്പെട്ടിരുന്നില്ല.

എന്നാൽ 2020  മാർച്ച് മാസത്തിൽ  അർജന്റീനയിൽ നിന്ന് സൗത്ത് ജോർജിയ ദ്വീപിലേക്കുള്ള  ഒരു  ക്രൂസ് കപ്പലിൽ കോവിഡ് വ്യാപന സാദ്ധ്യതകൾ ഉണ്ടായപ്പോൾ യാത്രക്കാർ എല്ലാവര്ക്കും തന്നെ സർജിക്കൽ മാസ്ക് നിര്ബന്ധമാക്കിയിരുന്നു. ആ കപ്പലിലെ  217  പേരിൽ 128  പേർക്ക് കോവിഡ് പിടിപെട്ടു ,എന്നാൽ അതിൽ 80 % പേർക്കും രോഗലക്ഷണങ്ങളില്ലാത്ത അഥവാ തീവ്രത വളരെ കുറഞ്ഞ കോവിഡ് രോഗമായിരുന്നു.ശരിയായ രീതിയിലുള്ള മാസ്കുപയോഗം  ഈ സംഭവത്തിലെ കോവിഡ് വ്യാപനക്കുറവിനും തീവ്രത   കുറയുന്നതിനും കാരണമായതായി ശാസ്ത്രജ്ഞന്മാർ നിരീക്ഷിക്കുന്നു.

മറ്റ് പാരിസ്ഥിതികമായ തെളിവുകൾ :  

 മറ്റൊരു ബൃഹത് പഠനപ്രകാരം മാസ്ക് വ്യാപകമായി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ കോവിഡ് മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറയുന്നതായി രേഖപ്പെടുത്തുന്നുണ്ട്. രോഗവ്യാപനത്തെ ചെറുക്കുന്ന മറ്റു ഘടകങ്ങളോട്ട് ചേർത്ത് വച്ച് വേണം ഈ റിസൾട്ട് വായിക്കാൻ. അതേസമയം ഒരു ജനതയിലെ 80% പേരെങ്കിലും ശരിയായ രീതിയിൽ മാസ്ക് ഉപയോഗിച്ചാൽ രണ്ടുമാസത്തിനുള്ളിൽ തന്നെ മരണ നിരക്ക് പകുതിയായി കുറയും എന്നും റിപോർട്ടുകൾ പറയുന്നുണ്ട് . രണ്ടാം കോവിഡ് തരംഗം കഴിഞ്ഞും അതിനും മുൻപും  സോഷ്യൽ ഡിസ്റ്റൻസിങ്ങും മാസ്ക് ഉപയോഗവും ഉഴപ്പിയ രാജങ്ങളിൽ വീണ്ടും രോഗ നിരക്കും മരണ നിരക്കും  കൂടുന്നത് നമുക്ക് തന്നെ കാണാവുന്നതേ യുള്ളൂ (ഉദാഹരണം ജപ്പാൻ)

2003  ലെ SARS രോഗ വ്യാപനം മൂലം മാസ്ക് ശീലിച്ച ഹോങ്കോങ്ങ് ,തായ്‌വാൻ ,തായ്ലാൻഡ് ,സൗത്ത് കൊറിയ,സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളും മുൻ പരിചയമില്ലാതിരുന്നിട്ടും മാസ്ക് നിര്ബന്ധിതമാക്കിയ ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളിലും രോഗത്രീവ്രതയും മരണനിരക്കും ആദ്യം തന്നെ കുറവായിരുന്നു. ഒന്നാം രോഗവ്യാപന തരംഗത്തിന് ശേഷം ലോക്ക് ഡൌൺ മാറിയപ്പോഴും അവർ മാസ്ക് നിര്ബന്ധമാക്കിയിരുന്നു. മാസ്ക്കു കാരണം കുറഞ്ഞ വൈറസ് ഡോസിനെ ശരിവയ്ക്കുന്ന മാതൃകയാണ്  അവിടെയും കാണപ്പെട്ടത് .

മാസ്ക് കൊണ്ട് കോവിഡ് രോഗ ബാധ ഒഴിവാകുമെങ്കിൽ നന്ന്. അല്ലാതെ   രോഗതീവ്രത കുറയുന്നത് കൊണ്ടോ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് പിടിപെടുന്നതുകൊണ്ടോ ജനങ്ങൾക്കെന്തെങ്കിലും ഗുണമുണ്ടോ ? അതാണിനിപ്പറയുന്നത്.

മാസ്ക് എങ്ങനെ വാക്‌സിൻ ആകും ?

വാക്‌സിൻ എന്നാൽ രോഗാണുവിന്റെ ശക്തി കുറഞ്ഞ പതിപ്പ് നമ്മുടെ ശരീരത്തിലേക്ക് നിക്ഷേപിച്ചു കൊണ്ട് രോഗപ്രധിരോധ വ്യവസ്ഥയുടെ ത്വരിത പ്രവർത്തനം ഉറപ്പാക്കലാണ് . കുറഞ്ഞ അളവിലുള്ള അല്ലെങ്കിൽ മാരകമല്ലാത്ത രോഗാണുവിനെ നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം അപഗ്രഥിച്ച് ഇനിയൊരുകുറി ശരിക്കുമുള്ള  രോഗാണു  വരുമ്പോഴത്തേക്കു തയ്യാറെടുക്കുന്നു . മാസ്കിടുമ്പോൾ ഇപ്രകാരമുള്ള വാക്‌സിൻ പ്രവർത്തനത്തോട്  താരതമ്യം ചെയ്യാവുന്ന രീതിയിൽ അളവ് കുറഞ്ഞ (അതു കൊണ്ട് ആക്രമണ വീര്യം കുറഞ്ഞ) വൈറസ് കണങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്നു. രോഗപ്രതിരോധ വ്യവസ്ഥയെ ആക്ടിവേറ്റ് ചെയ്ത് വാക്‌സിൻ പോലെ തന്നെ എന്നാൽ നേരിയ രോഗലക്ഷണങ്ങളോടെയോ അല്ലാതെയോ  ബി സെൽ ഇമ്മ്യൂണിറ്റി യും ടി സെൽ ഇമ്മ്യൂണിറ്റി യും ഉണ്ടാക്കുന്നു.  ഇങ്ങനെ കോവിഡിന് എതിരായ ആന്റിബോഡികളും മറ്റു പ്രതിരോധ നടപടികളും ശരീരം നിർമ്മിച്ചെടുക്കുന്നു.  ഇത് ഫലത്തിൽ വാക്‌സിൻ പോലെ തന്നെയല്ലേ ?  ഇന്ന് വ്യാപകമായി നടക്കുന്ന സീറോ സർവെയ്ലൻസ്  ടെസ്റ്റുകളിൽ വലിയൊരു ഭാഗം ആളുകൾക്കും ആന്റിബോഡി പോസിറ്റീവ് ആയി കാണുന്നത് ഇതുകൊണ്ടു കൂടിയാണ്

എന്നാൽ മാസ്കില്ലാതെ കോവിഡ് വന്നു പോകട്ടെ എന്ന്‌ വിചാരിക്കുന്നതിൽ വലിയ അപകടം ഉണ്ട്.  കൂടിയ എണ്ണം കോവിഡ് വൈറസുകളുമായി സമ്പർക്കത്തിലാവുമ്പോൾ തീവ്രസ്വഭാവമുള്ള കോവിഡ് പിടിപെട്ട് മാരക ഫലങ്ങൾ ഉണ്ടാകും.  മരണവും സംഭവിക്കാം.  .

പല തരം മാസ്കുകൾ :

N95,  FFP 2, 3, സർജിക്കൽ മാസ്കുകൾ, തുണികൊണ്ടുള്ളവ എന്നിങ്ങനെ പല തരം മാസ്കുകൾ പ്രചാരത്തിലുണ്ട്. N96,  FFP എന്നിവ റെസ്പിറേറ്ററുകൾ എന്ന് അറിയപ്പെടുന്നു. ഇവയിൽ ഉള്ളിലേയ്ക്ക് എടുക്കുന്ന വായു ശുദ്ധീകരിച്ചെടുക്കുവാനുള്ള ഫിൽറ്റർ ഉണ്ട്.  ആരോഗ്യപ്രവർത്തകർക്കും മറ്റും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മാസ്‌കുകളാണ് ഇവ. എന്നാൽ ഇത് ധരിക്കുന്നത് കോവിഡ് ബാധിച്ച ഒരാളാണെങ്കിൽ അയാൾ ഉഛ്വസിക്കാൻ ഇടയുള്ള വൈറസ് കണങ്ങൾ  ചുറ്റുമുള്ളവരെ അപകടത്തിലാക്കാം. അതുകൊണ്ട് ഇന്ത്യാഗവണ്മെന്റ് N95 മാസ്ക്   ഉപയോഗിക്കുന്നതിൽ നിന്ന് ജനങ്ങളെ വിലക്കിയിട്ടുണ്ട്. എന്നാൽ അകത്തേക്കും പുറത്തേക്കുമുള്ള ശ്വാസങ്ങളെ ഫിൽറ്റർ ചെയ്യുnn തരം റെസ്പിറേറ്ററുകൾ സുരക്ഷിതമാണ്.  സർജിക്കൽ മാസ്ക്  ഇപ്പോഴത്തെ അവസ്ഥയിൽ വളരെ ഉപയോഗപ്രദമാണ്,ഉപയോഗത്തിന് ശേഷം കഴുകി സൂക്ഷിക്കാതെ  കൃത്യമായി നിർദ്ദേശങ്ങളനുസരിച്ച്  സംസകരിക്കേണ്ടതാണ്. കോട്ടൺ, ഷിഫോൺ തുടങ്ങിയ തുണികൾ കൊണ്ട് രണ്ടോ മൂന്നോ മടക്കുകളോടെ ഉണ്ടാക്കുന്ന മാസ്ക്  ഫലപ്രദവും കഴുകി വീണ്ടും ഉപയോഗിക്കാവുന്നതും ആണ്.  പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കൾ കൊണ്ടുള്ള മാസ്ക് നേരാം വണ്ണം സാംസഗിരിച്ചില്ലെങ്കിൽ ഇവ ജലസ്രോതസ്സുകളിൽ ചെന്നെത്തുകയും അങ്ങനെ കോവിഡ് തിരിച്ചു വരികയും ചെയ്യും.

 സാനിറ്റൈസർ ഹാൻഡ് വാഷ്,  ശാരീരിക അകലം തുടങ്ങി  മറ്റു പ്രതിരോധമാർഗ്ഗങ്ങളും  പാലിക്കണം.  അതായത് കൃത്യമായ പ്രതിരോധം ഉളവാക്കുന്ന ഒരു തകർപ്പൻ വാക്‌സിൻ വരുന്നത് വരെയും വന്നുകഴിഞ്ഞാൽ തന്നെയും ശരിയായ മാസ്ക് ശരിയായ രീതിയിൽ ധരിക്കുന്നതു കൊണ്ട് കോവിഡ് രോഗത്തെ വലിയൊരളവു വരെ അകറ്റി നിർത്തുവാനും   അതിജീവിക്കുവാനും  കഴിയും  എന്നു തന്നെ !

(കളമശ്ശേരി എസ്‌സിഎംഎസ് ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com