കുത്തിവെയ്പിനെ കുറിച്ച് പേടി വേണ്ട!; കോവിഡ് വാക്‌സിന്‍ മൂക്കിലൂടെ തുള്ളികളായി

കോവിഡ് വാക്‌സിന്‍ മൂക്കിലൂടെ നല്‍കുന്നത് കൂടുതല്‍ ഫലപ്രദമെന്ന് പഠനം
കുത്തിവെയ്പിനെ കുറിച്ച് പേടി വേണ്ട!; കോവിഡ് വാക്‌സിന്‍ മൂക്കിലൂടെ തുള്ളികളായി

വാഷിംഗ്ടണ്‍: കോവിഡ് വാക്‌സിന്‍ മൂക്കിലൂടെ നല്‍കുന്നത് കൂടുതല്‍ ഫലപ്രദമെന്ന് പഠനം. എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമെന്ന് അമേരിക്കന്‍ ഗവേഷകര്‍ വ്യക്തമാക്കി. മനുഷ്യരില്‍ മൂക്കിലൂടെ തുളളിയായോ, സ്പ്രേ ചെയ്‌തോ വാക്‌സിന്‍ നല്‍കാന്‍ കഴിയുമോ എന്ന രണ്ടാം ഘട്ട പരീക്ഷണത്തിലാണ് അമേരിക്കയിലെ വാഷിംഗ്ടണ്‍ സര്‍വകലാശാല.

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കോവിഡിന് കാരണമാകുന്ന സാര്‍സ് സിഒവി- 2 വൈറസുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിലും പരീക്ഷണം വിജയിച്ച് അംഗീകാരം ലഭിച്ചാല്‍ പോളിയോ വാക്‌സിന് സമാനമായി വിതരണം ചെയ്യുമെന്ന്്് ഗവേഷകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോളിയോ വാക്‌സിനില്‍ നിന്ന് വ്യത്യസ്തമായി മൂക്കിലൂടെയാണ് ഇത് പ്രയോഗിക്കുക.

മൂക്കിലുടെയാണ് പ്രധാനമായി കോവിഡ് പിടിപെടുന്നത്.  അതിനാല്‍ ശക്തമായ രോഗപ്രതിരോധശേഷി ശരീരത്തിന് അനിവാര്യമാണ്. പ്രത്യേകിച്ച് മൂക്ക് ഉള്‍പ്പെടെ ശ്വസനപ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശരീരഭാഗങ്ങള്‍ക്ക്. ഈ പശ്ചാത്തലത്തില്‍ മൂക്കിലൂടെ വാക്‌സിന്‍ നല്‍കുന്നത് ഫലപ്രദമാണെന്ന് പരീക്ഷണം തെളിയിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു.

എലികളില്‍ ഇഞ്ചക്ഷന്‍ രൂപത്തിലും മൂക്കിലൂടെയും വാക്‌സിന്‍ നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഇഞ്ചക്ഷന്‍ നല്‍കിയപ്പോള്‍ ന്യൂമോണിയയെ പ്രതിരോധിക്കാനുളള രോഗപ്രതിരോധ ശേഷി മാത്രമാണ് കണ്ടത്. എന്നാല്‍ മൂക്കിലൂടെ വാക്‌സിന്‍ നല്‍കിയപ്പോള്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ഫലമാണ് ലഭിച്ചത്. ശ്വസനപ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ശരീരഭാഗങ്ങളിലും വൈറസിനെ ചെറുക്കാനുളള രോഗപ്രതിരോധശേഷി ആര്‍ജ്ജിച്ചതായി കണ്ടെത്താന്‍ സാധിച്ചുവെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

വാഷിംഗ്ടണ്‍ സര്‍വകലാശാല വികസിപ്പിക്കുന്ന പുതിയ വാക്‌സിനാണ് എലികളില്‍ പരീക്ഷിച്ചത്. എസ് പ്രോട്ടീന് രൂപാന്തരം സംഭവിക്കാന്‍ വാക്‌സിന്‍ ഇടയാക്കുന്നുണ്ട്. ഇതുമൂലം ആന്റിബോഡികളെ ഉല്‍പ്പാദിപ്പിക്കാന്‍ പ്രേരിപ്പിച്ച് ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന വിധത്തിലാണ് വാക്‌സിന്റെ പ്രവര്‍ത്തനമെന്ന് ഗവേഷകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com