ആസ്മ രോഗികളിൽ കോവിഡ് പിടിമുറുക്കാൻ സാധ്യത കുറവ്; പഠനം പുറത്തുവിട്ട് ഗവേഷകർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2020 11:53 AM |
Last Updated: 02nd December 2020 11:53 AM | A+A A- |

ദശലക്ഷക്കണക്കിന് ആളുകളെ രോഗികളാക്കിയ കോവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിയെങ്കിലും ഈ മഹാമാരിയെക്കുറിച്ചുള്ള സംശയങ്ങൾ ഇന്നും ബാക്കിയാണ്. ഇതിൽ ഒന്നാണ് വൈറസ് ആരിലാണ് ഏറ്റവും വേഗത്തിൽ പിടിമുറുക്കുക എന്നത്. ഇതുമായി ബന്ധപ്പെട്ട് പല പഠനങ്ങളും ഇതിനോടകം നടന്നിട്ടുണ്ട്. എന്നാൽ അടുത്തിടെ നടന്ന ഒരു ഗവേഷണത്തിൽ ആസ്മ രോഗികളിൽ വൈറസ് ബാധയുണ്ടാകാൻ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആസ്മ രോഗികൾക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്. എന്നിരുന്നാലും ഇക്കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. നവംബർ 24ന് പുറത്തിറക്കിയ അലർജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യുണോളജി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഫെബ്രുവരി-ജൂൺ മാസങ്ങൾക്കിടയിൽ കോവിഡ് പരിശോധന നടത്തിയ എല്ലാവരുടെയും ഫലം താരതമ്യം ചെയ്തായിരുന്നു പഠനം. 37, 469 പേർ ആർടി-പിസിആർ പരിശോധന നടത്തിയപ്പോൾ 2,266 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. എന്നാൽ കൂടുതൽ ആസ്മ രോഗികൾ രോഗം ഇല്ലാത്തവരുടെ ഗണത്തിലായിരുന്നെന്ന് പരിശോധന ഫലങ്ങൾ തെളിയിച്ചു. 153 ആസ്മ രോഗികൾക്ക് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 3388പേർക്ക് നെഗറ്റീവ് എന്നായിരുന്നു ഫലം. എന്നാൽ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് കരുതി ആസ്മ രോഗികൾ കൂടുതൽ മുൻകരുതലെടുത്തതായിരിക്കാനും ഇടയുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.