കാഴ്ചശക്തി നഷ്ടമാവുന്ന ഫംഗസ് ബാധ; കോവിഡ് സ്ഥിരീകരിച്ചവരില്‍ പുതിയ ആരോഗ്യ ഭീഷണി, ആശങ്ക
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th December 2020 11:18 AM |
Last Updated: 15th December 2020 04:00 PM | A+A A- |

പ്രതീകാത്മക ചിത്രം
രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ ചിലര്‍ക്ക് കാഴ്ചശക്തി നഷ്ടമാക്കുന്ന അത്യപൂര്‍വ ഫംഗസ് ബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍. കോവിഡ് സ്ഥിരീകരിച്ചവരിലും അസുഖം ഭേദമായവരിലുമാണ് 'മ്യൂകോര്‍മൈകോസിസ്' എന്ന ഫംഗല്‍ ബാധ കണ്ടെത്തിയത്. ഡല്‍ഹി സര്‍ ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ പത്തു പേര്‍ക്കു ഫംഗല്‍ ബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അണുബാധകളിലാണ് ഈ ഫംഗല്‍ ബാധ ഉണ്ടാവുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സാധാരണഗതിയില്‍ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കാണ് ശരാശരി മ്യൂകോര്‍മൈകോസിസ് കണ്ടെത്താറുള്ളത്. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ പത്തു പേര്‍ക്കു ഫംഗല്‍ ബാധ കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്നതാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രമേഹം, വൃക്കരോഗങ്ങള്‍, അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയവര്‍ എന്നിവരിലാണ് മ്യൂകോര്‍മൈകോസിസ് ബാധിക്കാറുള്ളത്. കോവിധ് ബാധിതര്‍ക്കു കൂടുതലായി സ്റ്റിറോയ്ഡ് മരുന്നുകള്‍ നല്‍കുന്നത് പ്രതിരോധ ശേഷിയെ ബാധിക്കുന്നുണ്ടാവുമെന്ന സംശയവും ഡോക്ടര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഫംഗല്‍ ബാധ വന്നവരില്‍ ചിലര്‍ക്ക് കാഴ്ചശക്തി നഷ്ടമായെന്ന് മാത്രമല്ല അവരുടെ മൂക്കിലെ അസ്ഥി നീക്കം ചെയ്യേണ്ട അവസ്ഥയുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തില്‍ രോഗം ബാധിച്ചവരില്‍ പകുതി പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ബാക്കി പകുതി ശതമാനം ആളുകള്‍ക്ക് ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരികയും ചെയ്തു.
അന്തരീക്ഷത്തില്‍ കാണപ്പെടുന്ന മ്യുകോര്‍മൈസെറ്റെസ് എന്ന പൂപ്പലാണ് ഈ രോഗത്തിന് കാരണം. ശരീരത്തില്‍ ഏത് ഭാഗത്ത് വേണമെങ്കിലും രോഗം ബാധിക്കാമെങ്കിലും ശ്വാസകോശത്തിനെയോ സൈനസ് പ്രദേശങ്ങളെയോ ആണ് ഇത് സാധാരണ ബാധിക്കുക. ഉയര്‍ന്ന പ്രമേഹരോഗമുളളവരിലും ഈ രോഗമുണ്ടാകാം. കണ്ണുകളെ ബാധിച്ചാല്‍ കണ്ണ് വീര്‍ക്കുകയും വെളളം നിറയുകയും ചെയ്യാം. രോഗം ഭേദമാകുന്നവര്‍ക്ക് രൂപത്തില്‍ മാറ്റമുണ്ടാകുമെന്ന് വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.