കോവിഡ് ബാധിച്ച അമ്മമാർ പ്രസവിക്കുന്ന കുഞ്ഞുങ്ങളിൽ ആന്റീബോഡി കണ്ടെത്തി, വൈറസ് വ്യാപനത്തിന് തെളിവില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd December 2020 04:29 PM |
Last Updated: 23rd December 2020 04:29 PM | A+A A- |

ഫയല്‍ ചിത്രം
കോവിഡ് ബാധിതരായ അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍ കാണപ്പെട്ടതായി പഠനം. അതേസമയം അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് വ്യാപിച്ചതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സിംഗപ്പൂരില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.
വൈറസ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് മറ്റ് ആളുകളെ അപേക്ഷിച്ച് പ്രത്യേകമായ രോഗ സങ്കീര്‍ണതകളൊന്നും കൂടുതല്‍ ഉണ്ടാകില്ലെന്നും 16 ഗര്‍ഭിണികളില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടി. പ്രസവത്തോട് അടുപ്പിച്ച സമയത്ത് കോവിഡ് ബാധിതരായ അമ്മമാരുടെ കുഞ്ഞുങ്ങളില്‍ ആന്റിബോഡി തോത് അല്‍പം ഉയര്‍ന്നിരുന്നതായും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
പഠനത്തില്‍ പങ്കെടുത്ത ഗര്‍ഭിണികളില്‍ പലര്‍ക്കും തീവ്രമല്ലാത്ത കോവിഡ് ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. പ്രായക്കൂടുതൽ ഉള്ളവർക്കും അമിതഭാരമുള്ളവരിലുമാണ് അല്‍പമെങ്കിലും സങ്കീര്‍ണതകള്‍ കാണപ്പെട്ടത്. ഇവരെല്ലാം പൂര്‍ണമായും രോഗമുക്തി നേടിയെന്ന് പഠനത്തിൽ പറയുന്നു. പക്ഷെ രണ്ട് പേർക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. ഇതിൽ ഒരാൾക്ക് വൈറസ് ഉണ്ടാക്കിയ സങ്കീര്‍ണത മൂലമാകാം കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ഗര്‍ഭകാലത്തോ പ്രസവ ശേഷമോ അമ്മമാരില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് കോവിഡ് പകരുമോ എന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ല. സിംഗപ്പൂരില്‍ നടത്തിയ പഠനത്തിന്റെ ഫലം പ്രസിദ്ധീകരിക്കുന്ന സമയമായപ്പോൾ പ്രസവിച്ച അഞ്ച് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ആന്റിബോഡികള്‍ കാണപ്പെട്ടു. കുട്ടികൾ കോവിഡ് ബാധിതരായിരുന്നില്ല. അതേസമയം അമ്മയിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് കൈമാറപ്പെടുന്ന ആന്റിബോഡികള്‍ എത്രമാത്രം സംരക്ഷണം നൽകുമെന്ന് കണ്ടെത്തിയിട്ടില്ല. ഇവ എത്ര കാലം നീണ്ടുനിൽക്കുമെന്നറിയാൻ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.