സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട്; ഉമിനീർ ഗ്രന്ഥിയിൽ നിന്ന് നീക്കം ചെയ്തത് ഭീമൻ കല്ല്; അപൂർവം

അഞ്ച് മില്ലിമീറ്റർ വരെ വലുപ്പമുള്ള ചെറിയ കല്ലുകളാണ് സാധാരണ ഉമിനീർ ഗ്രന്ഥിയിൽ ഉണ്ടാകാറുള്ളത്
സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട്; ഉമിനീർ ഗ്രന്ഥിയിൽ നിന്ന് നീക്കം ചെയ്തത് ഭീമൻ കല്ല്; അപൂർവം

തൃശൂർ: 62കാരന്റെ ഉമിനീർ ​ഗ്രന്ഥിയിൽ നിന്ന് നീക്കം ചെയ്തത് നാല് സെന്റിമീറ്ററോളം വലിപ്പമുള്ള ഭീമൻ കല്ല് (giant sialolith). പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ദന്താരോഗ്യ വിഭാഗത്തിൽ ചികിത്സക്കെത്തിയ 62കാരനായ പ്രേമദാസിന്റെ ഉമിനീർ ഗ്രന്ഥിയിൽ നിന്നാണ് നാല് സെന്റിമീറ്ററോളം വലുപ്പമുള്ള ഭീമൻ കല്ല്  നീക്കം ചെയ്തത്.

കുറച്ചു മാസങ്ങളായി നാവിന് അടിവശത്തായി ഒരു മുഴ കാണുകയും അതുമൂലം സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്തതോടെയാണ് പ്രേമദാസ് ഡോക്ടറെ കാണാൻ തീരുമാനിച്ചത്. പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡെന്റൽ സർജൻ ഡോ. ഗോപു ഹരീന്ദ്രലാലാണ് പ്രേമദാസിനെ ചികിത്സിച്ചത്. പരിശോധനകളിൽ ഉമിനീർ ഗ്രന്ഥിയിലെ കല്ലാണെന്ന് ഉറപ്പാക്കി. പിന്നീട് ശസ്ത്രക്രിയയിലൂടെ കല്ല് നീക്കം ചെയ്യുകയായിരുന്നു.

അഞ്ച് മില്ലിമീറ്റർ വരെ വലുപ്പമുള്ള ചെറിയ കല്ലുകളാണ് സാധാരണ ഉമിനീർ ഗ്രന്ഥിയിൽ ഉണ്ടാകാറുള്ളത്. 15 മില്ലിമീറ്ററിൽ കൂടുതൽ വലുപ്പമുള്ള കല്ലുകൾ വളരെ അപൂർവമായേ ഉണ്ടാകാറുള്ളൂ. പ്രേമദാസിൽ നിന്ന് നീക്കം ചെയ്തത് നാൽപത് മില്ലിമീറ്ററോളം വലുപ്പമുള്ള കല്ലായിരുന്നുവെന്ന് ഡോക്ടർ ഗോപു വ്യക്തമാക്കി.

വൃക്കയിലും പിത്താശയത്തിലും കാണുന്ന കല്ലുകൾ പോലെ സാധാരണമാണ് ഉമിനീർ ഗ്രന്ഥിയിലെ കല്ലുകളും. മുണ്ടിനീര് കഴിഞ്ഞാൽ ഉമിനീർ ഗ്രന്ഥികളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രോഗാവസ്ഥയാണ് ഉമിനീർ ഗ്രന്ഥിയിലെ കല്ലുകൾ. ഗ്രന്ഥി വീക്കം, വേദന, ഭക്ഷണം കഴിക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഇവയൊക്കെയാണ് സാധാരണ കാണുന്ന ലക്ഷണങ്ങൾ. എന്നാൽ ചിലരിൽ ഒരു ലക്ഷണവുമില്ലാതെയും ഉമിനീർ ഗ്രന്ഥിയിൽ കല്ലുകൾ കണാറുണ്ട്.

തക്കതായ ചികിത്സ നൽകിയില്ലെങ്കിൽ ഇതുമൂലം രോഗിക്ക് അണുബാധ മുതൽ ശ്വാസ തടസം വരെ ഉണ്ടാകും. കല്ലിന്റെ സ്ഥാനവും രോഗ ലക്ഷണങ്ങളും അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. വളരെ ചെറിയ കല്ലുകൾ ശസ്ത്രക്രിയ കൂടാതെ തന്നെ നീക്കം ചെയ്യാം. എന്നാൽ വലിപ്പം കൂടുന്നതനുസരിച്ചും ഗ്രന്ഥിയിലെ കല്ലിന്റെ സ്ഥാനമനുസരിച്ചും ശസ്ത്രക്രിയയിലൂടെയും മറ്റ് നൂതന ചികിത്സാ രീതികളിലൂടെയുമാണ് അവ നീക്കം ചെയ്യാറുള്ളത്. ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ദീർഘകാലമായുള്ള കല്ലിന്റെ സാന്നിദ്ധ്യം ഉമിനീർ ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുകയും പിന്നീട് ചിലപ്പോൾ ഗ്രന്ഥി തന്നെ നീക്കം ചെയ്യേണ്ടതായും വരാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com