കൊറോണ മനുഷ്യരിലെത്തിയത് പാമ്പിൽ നിന്ന്? നിർണായക കണ്ടെത്തൽ  

നോവല്‍ കൊറോണ (2019-nCoV) വൈറസിനെക്കുറിച്ചുള്ള വിശദമായ ജനിതക പഠനത്തില്‍ നിന്നാണ് പുതിയ കണ്ടെത്തലുകള്‍
കൊറോണ മനുഷ്യരിലെത്തിയത് പാമ്പിൽ നിന്ന്? നിർണായക കണ്ടെത്തൽ  

ചൈനയില്‍ 17 പേരുടെ ജീവനെടുത്ത നോവല്‍ കൊറോണ വൈറസ് ലോകത്തെയാകമാനം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മാത്രം പകരുന്നത് എന്നായിരുന്നു 'കൊറോണ'യെക്കുറിച്ച് കേട്ടിരുന്നത്. ഇപ്പോള്‍ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നും സ്ഥിരീകരിച്ചുകഴിഞ്ഞു. എന്നാല്‍ ഇവ മനുഷ്യരിലേക്കെത്തിയത് പാമ്പില്‍ നിന്നാണെന്നാണ് പുതിയ കണ്ടെത്തല്‍. കൊറോണയെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ മെനയുമ്പോള്‍ നിര്‍ണയകമാകുന്ന ചില കണ്ടെത്തലുകളാണ് പുതിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. 

ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. ഇവിടെ രോഗബാധ കണ്ടെത്തിയവര്‍ക്കെല്ലാം ഹോള്‍സെയ്ല്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വെച്ച മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടായിരുന്നു. കടല്‍മീനുകള്‍, കോഴി, പാമ്പ്, വവ്വാല്‍ തുടങ്ങിയവയാണ് ഇവിടെ വില്‍പന ചെയ്തിരുന്നത്. ഈ സാഹചര്യങ്ങളെല്ലാം അവലോകനം ചെയ്ത് ചൈനയിലെ പീക്കിങ് സര്‍വകലാശാല ആരോഗ്യശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിലാണ് പുതിയ നിർണായക കണ്ടെത്തലുകൾ. 

നോവല്‍ കൊറോണ (2019-nCoV) വൈറസിനെക്കുറിച്ചുള്ള വിശദമായ ജനിതക പഠനത്തില്‍ നിന്നാണ് പുതിയ കണ്ടെത്തലുകള്‍. വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കൊറോണ വൈറസ് ബാധയുമായി താരതമ്യം ചെയ്ത് നടത്തിയ പഠനത്തില്‍ വവ്വാലുകളില്‍ കാണുന്ന കൊറോണ വൈറസും കണ്ടെത്താനാകാത്ത മറ്റൊരു ശ്രോതസ്സുമാണ് നോവല്‍ കൊറോണ പരത്തുന്നതെന്നായിരുന്നു ഗവേഷകരുടെ വിലയിരുത്തല്‍. എന്നാല്‍ പിന്നീട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്ന്പിടിക്കുന്നതിന് മുമ്പ് പാമ്പുകളിലായിരിക്കാം അധിവസിച്ചിരുന്നത് എന്ന് കണ്ടെത്തി. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീതി വിതച്ച് വ്യാപകമായ 'സാര്‍സ്' എന്ന പകര്‍ച്ചവ്യാധിയുമായി ഏറെ സാമ്യതകളാണ് 'കൊറോണ'വൈറസ് ബാധിച്ചവരിലും കാണപ്പെടുന്നത്. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും വൈകാതെ രോഗിയുടെ ആരോഗ്യനില സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നതായിരുന്നു 'സാര്‍സ്'ന്റെ രീതി. അതിന് സമാനമായാണ് 'കൊറോണ'യും പ്രവര്‍ത്തിക്കുന്നതെന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാർസിനെ അപേക്ഷിച്ച് കൊറോണ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നുപിടിക്കാനുള്ള സാധ്യത പരിമിതമാണെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com