വാക്‌സിന്‍ പരീക്ഷണം വിജയം?; കോവിഡിനെ ചെറുക്കാന്‍ ശരീരം ആന്‍ഡിബോഡികള്‍ ഉത്പാദിപ്പിച്ചു, ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷ

അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസറും യൂറോപ്യന്‍ ബയോ ടെക്‌നോളജി കമ്പനിയായ ബയോഎന്‍ടെക്കും ചേര്‍ന്ന് നടത്തുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ പ്രതീക്ഷ നല്‍കുന്ന ഫലം പുറത്തുവന്നതായി റിപ്പോര്‍ട്ടുകള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: കോവിഡിനെതിരായ  വാക്‌സിന്‍ കണ്ടുപിടിത്തത്തില്‍ മുന്നേറ്റം. അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസറും യൂറോപ്യന്‍ ബയോ ടെക്‌നോളജി കമ്പനിയായ ബയോഎന്‍ടെക്കും ചേര്‍ന്ന് നടത്തുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ പ്രതീക്ഷ നല്‍കുന്ന ഫലം പുറത്തുവന്നതായി റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ പരീക്ഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ കോവിഡ് വൈറസിനെ ചെറുക്കാന്‍ ആവശ്യമായ ആന്‍ഡിബോഡികള്‍ ഉത്പാദിപ്പിക്കുന്ന തരത്തില്‍ രോഗിയുടെ ശരീരത്തെ വാക്‌സിന്‍ പാകപ്പെടുത്തിയതായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് മഹാമാരിയെ ചെറുക്കുന്നതില്‍ വലിയ മുന്നേറ്റമാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

ആര്‍എന്‍എയെ അടിസ്ഥാനമാക്കിയുളള ഈ ഉത്പന്നം 45 രോഗികളിലാണ് പരീക്ഷിച്ചത്. വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് പരീക്ഷണം നടത്തിയത്. 24 പേര്‍ക്ക് രണ്ടു കുത്തിവെയ്പ് നടത്തി. രണ്ട് വ്യത്യസ്തമായ ഡോസിലാണ് വാക്‌സിന്‍ നല്‍കിയത്. 12 പേര്‍ക്ക് ഒറ്റ ഡോസ് വാക്‌സിന്‍ മാത്രമാണ് നല്‍കിയത്. ഉയര്‍ന്ന അളവിലാണ് ഇവര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. രണ്ട് കുത്തിവെയ്പ് എടുത്ത രോഗികളില്‍ ഉയര്‍ന്ന തോതില്‍ ആന്‍ഡിബോഡി ഉത്പാദിപ്പിച്ചതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് വാക്‌സിന്‍ കണ്ടുപിടിക്കുന്നതില്‍ വലിയ ചുവടുവെയ്പാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇവര്‍ക്ക് പുറമേ അസ്ട്രസെനെക്ക, മോഡേണ തുടങ്ങി നിരവധി കമ്പനികളും വാക്‌സിന്‍ പരീക്ഷണത്തിലാണ്.  ഫൈസറും ബയോഎന്‍ടെക്കും  ചേര്‍ന്ന് വികസിപ്പിച്ചെടുത്ത പരീക്ഷണ വാക്‌സിന് bnt162b1 എന്ന പേരാണ് നല്‍കിയിരിക്കുന്നത്. പരിശോധനയ്ക്കായി വിദഗ്ധരുടെ പരിഗണനയിലാണ് വാക്‌സിന്‍. പ്രാരംഭ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ഇരു കമ്പനികളും. 30,000 രോഗികളെ ഉള്‍പ്പെടുത്തി വിപുലമായ പരീക്ഷണത്തിനാണ് ഒരുങ്ങുന്നത്. ഈ മാസം തന്നെ ഇത് ആരംഭിച്ചേക്കും.

വാക്‌സിന്‍ പരീക്ഷണം പൂര്‍ണതോതില്‍ വിജയമായാല്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ വിപണിയില്‍ എത്തിക്കാനും ഇരു കമ്പനികള്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇക്കാലയളവില്‍ 10 കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com