കോവിഡ് ഭേദമായവരില്‍ ഗന്ധശേഷി നഷ്ടമാവുന്നു; റിപ്പോര്‍ട്ട്, ആശങ്ക

കോവിഡ് ഭേദമായവരില്‍ ഗന്ധശേഷി നഷ്ടമാവുന്നു; റിപ്പോര്‍ട്ട്, ആശങ്ക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡ് വന്നു ഭേദമായവര്‍ക്ക് ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ രോഗികളില്‍ ഇത്തരമൊരു അവസ്ഥ സംജതമായതായാണ് വൈദ്യശാസ്ത്ര രംഗത്തുനിന്നുള്ളവരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പ്രമേഹം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങള്‍ ബാധിക്കുന്നവരില്‍ ചിലര്‍ക്ക് ഗന്ധമറിയാനുള്ള കഴിവു നഷ്ടമാവുന്നതായി നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അനോസ്മിയ എന്നാണ് ഈ അവസ്ഥയെ വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. അനോസ്മിയയ്ക്കു കാരണമാവുന്ന രോഗങ്ങളില്‍ കോവിഡ് കൂടി ഉള്‍പ്പെടുന്നതായാണ് ഗന്ധമറിയാത്തവരെ സഹായിക്കാന്‍ സ്ഥാപിക്കപ്പെട്ട അനോസ്മി ഡോട്ട് ഓര്‍ഗ് ചൂണ്ടിക്കാട്ടുന്നത്.

''ജീവിതത്തില്‍ നിന്ന് ഗന്ധത്തെ ഇല്ലാതാക്കുന്ന അവസ്ഥയാണ് അത്. അതു നമ്മുടെ ജീവിതത്തെ മറ്റൊന്നാക്കി മാറ്റിക്കളയും'' - അനോസ്മി ഡോട്ട് ഓര്‍ഗിന്റെ പ്രസിഡന്റ് മൈലാര്‍ഡ് പറഞ്ഞു. സുഗന്ധങ്ങള്‍ മാത്രമല്ല, പുക, ഗ്യാസ് ചോര്‍ച്ച തുടങ്ങിയവയൊന്നും ഈ അവസ്ഥയിലൂടെ കടന്നുപോവുന്നവര്‍ക്ക് അറിയാനാവില്ല.

ഭക്ഷണത്തിന്റെ ഗന്ധം അറിയാനാവാത്തത് രുചി സങ്കല്‍പ്പങ്ങളെ തന്നെ മാറ്റുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണത്തിന്റെ രുചി നിശ്ചയിക്കുന്നതില്‍ ഗന്ധത്തിന് വലിയ പങ്കുണ്ട്. രുചി നഷ്ടമാവുന്നത് മാനസിക പ്രശ്‌നങ്ങള്‍ക്കും ഇടവയ്ക്കുമെന്നാണ് അനുഭവങ്ങള്‍ ഉദാഹരിച്ച് ഡോക്ടര്‍മാര്‍ പറയുന്നത്. ഗന്ധം നഷ്ടമാവുന്നതിന് നിലവില്‍ ചികിത്സയൊന്നും ഇല്ല.

കോവിഡ് ബാധിക്കുന്നവരില്‍ നല്ലൊരു പങ്കും, ഏതാണ്ട് എണ്‍പതു ശതമാനം വരെ വളരെ പെട്ടെന്നു രോഗമുക്തി നേടുന്നുണ്ട്. എട്ടു മുതല്‍ പത്തു ദിവസം വരെയുള്ള സമയം കൊണ്ട് രോഗമുക്തി നേടുന്നവരില്‍ മറ്റു പ്രശ്‌നങ്ങള്‍ കാണുന്നില്ല. എന്നാല്‍ വൈറസ് ബാധ നീണ്ടുനില്‍ക്കുന്നവരിലാണ് അനോസ്മിയ പോലെയുള്ള പ്രശ്‌നങ്ങള്‍ ദൃശ്യമാവുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com