കോവിഡിനെതിരെ 'ആയുര്‍വ്വേദ മരുന്ന്'; ഇന്ത്യയിലെയും അമേരിക്കയിലെയും ഗവേഷകര്‍ ഒന്നിക്കുന്നു, സംയുക്ത മരുന്ന് പരീക്ഷണത്തിന് നീക്കം

കോവിഡിനെതിരായ പോരാട്ടത്തില്‍ ആയുര്‍വ്വേദത്തിന്റെ സാധ്യത പരിശോധിക്കാന്‍ ഇന്ത്യയും അമേരിക്കയും സഹകരിക്കുന്നു
കോവിഡിനെതിരെ 'ആയുര്‍വ്വേദ മരുന്ന്'; ഇന്ത്യയിലെയും അമേരിക്കയിലെയും ഗവേഷകര്‍ ഒന്നിക്കുന്നു, സംയുക്ത മരുന്ന് പരീക്ഷണത്തിന് നീക്കം

വാഷിംഗ്ടണ്‍:  കോവിഡിനെതിരായ പോരാട്ടത്തില്‍ ആയുര്‍വ്വേദത്തിന്റെ സാധ്യത പരിശോധിക്കാന്‍ ഇന്ത്യയും അമേരിക്കയും സഹകരിക്കുന്നു. കൊറോണ വൈറസിനെതിരെ ആയുര്‍വ്വേദ മരുന്ന് കണ്ടെത്താന്‍ ഇന്ത്യയും അമേരിക്കയും സംയുക്തമായി ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ആലോചിക്കുന്നതായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത്ത് സിങ് സന്ധു പറഞ്ഞു.

ഇന്ത്യന്‍- അമേരിക്കന്‍ ശാസ്ത്രജ്ഞര്‍, അക്കാദമിക പണ്ഡിതര്‍, ഡോക്ടര്‍മാര്‍ എന്നിവരുമായുളള ആശയവിനിമത്തിനിടെയാണ് ഇന്ത്യന്‍ അംബാസഡര്‍ ഇക്കാര്യം പറഞ്ഞത്.  കോവിഡിനെതിരായ പോരാട്ടത്തില്‍ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ രണ്ടു രാജ്യങ്ങള്‍ക്കിടയിലുളള ശാസ്ത്ര സമൂഹത്തെ ഒരുമിച്ച് അണിനിരത്തിയതായി അദ്ദേഹം വ്യക്തമാക്കി. 

ആയുര്‍വ്വേദത്തെ പ്രോത്സാഹിപ്പിക്കാന്‍ സംയുക്ത ഗവേഷണങ്ങളിലൂടെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ സഹകരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെയും അമേരിക്കയുടെയും ആയുര്‍വ്വേദ ഡോക്ടര്‍മാരും ഗവേഷകരും സഹകരിക്കാന്‍ ആലോചിക്കുകയാണ്.കോവിഡിനെതിരെ ആയുര്‍വ്വേദ മരുന്ന് വികസിപ്പിക്കുന്നതിന് സംയുക്ത മരുന്ന് പരീക്ഷണങ്ങള്‍ നടത്തുന്നതിനെ കുറിച്ചാണ് ആലോചിച്ചുവരുന്നതെന്നും ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഗവേഷകര്‍ക്കും ആരോഗ്യവിദഗ്ധര്‍ക്കും കൂടുതല്‍ കാര്യങ്ങള്‍ സംഭാവന നല്‍കാന്‍ സാധിക്കും. ഇന്ത്യ- അമേരിക്ക സയന്‍സ് ടെക്‌നോളജി ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ഗവേഷണങ്ങള്‍ നടക്കുക. നിലവില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ മൂന്ന് ഇന്ത്യന്‍ വാക്‌സിന്‍ കമ്പനികള്‍ അമേരിക്കന്‍ കമ്പനികളുമായി സഹകരിച്ചുവരുന്നതായും ഇന്ത്യന്‍ അംബാസഡര്‍ വ്യക്തമാക്കി.

ഇത്തരത്തിലുളള പങ്കാളിത്തം ഇന്ത്യക്ക് മാത്രമല്ല അമേരിക്കയ്ക്കും നൂറ് കോടി ജനങ്ങള്‍ക്കും ഗുണം ചെയ്യും.  കോവിഡിനെതിരെ വാക്‌സിന്‍ ആവശ്യമായ കോടിക്കണക്കിന് ജനങ്ങള്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. കുറഞ്ഞ ചെലവില്‍ മരുന്നും വാക്‌സിനും നിര്‍മ്മിക്കുന്നതില്‍ മുന്‍നിരയിലാണ് ഇന്ത്യന്‍ കമ്പനികളെന്നും തരണ്‍ജിത്ത് സിങ് സന്ധു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com